ബെംഗളൂരു : രാജ്യം ഉറ്റുനോക്കുന്ന കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ ഫലം പുറത്തുവരുമ്പോള്‍ ബിജെപിക്ക് ജയം. 2013 നേക്കാള്‍ മൂന്നിരട്ടിയിലധികം സീറ്റുകള്‍ നേടിയാണ് ബിജെപി കര്‍ണാടകയില്‍ കേവല ഭൂരിപക്ഷം നേടിയത്. തന്ത്രങ്ങളെല്ലാം പിഴച്ച കോണ്‍ഗ്രസ് പാര്‍ട്ടി സംസ്ഥാനത്ത് തകര്‍ന്നടിഞ്ഞു. ജെഡിഎസ് വലിയ മാറ്റങ്ങള്‍ സംഭവിക്കാതെ മൂന്നാമതുണ്ട്.
ഇന്ന് ഫലം പ്രഖ്യാപിക്കുന്ന 222 മണ്ഡലങ്ങളില്‍ 117 സീറ്റുകളില്‍ ബിജെപി മുന്നിലാണ്. ഭരണകക്ഷിയായ കോണ്‍ഗ്രസ് 63 സീറ്റുകളിലേക്ക് ചുരുങ്ങി. 40 സീറ്റുകളില്‍ ജെഡിഎസും ലീഡ് ചെയ്യുന്നു. കഴിഞ്ഞ തവണത്തേക്കാള്‍ 50ലധികം സീറ്റുകളാണ് കോണ്‍ഗ്രസിന് കുറവുണ്ടായത്. ലീഡ് നില :- ബിജെപി (112), കോണ്‍ഗ്രസ് (68), ജെഡിഎസ് (40), മറ്റുള്ളവര്‍ (2). 113 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. കഴിഞ്ഞ തവണ 40 സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചിരുന്നത്. കര്‍ണാടകയിലെ വിജയത്തോടെ രാജ്യത്ത് ബിജെപി ഭരണമുള്ള സംസ്ഥാനങ്ങളുടെ എണ്ണം 21 ആയി. കോണ്‍ഗ്രസ് ഭരണം മൂന്നു സംസ്ഥാനങ്ങളിലേക്ക് കുറഞ്ഞു.
കര്‍ണാടകവും കൂടി കൈവിട്ടതോടെ മോദിയുടെ പ്രസ്താവന പോലെ പഞ്ചാബ്, പുതുച്ചേരി പരിവാര്‍ പാര്‍ട്ടിയായി കോണ്‍ഗ്രസ് ചുരുങ്ങി. മോദിക്കെതിരെ ഗുജറാത്തില്‍ അങ്കം കുറിച്ച് കരുത്ത് കാട്ടിയ രാഹുലിനും കര്‍ണാടകത്തിലെ തോല്‍വി വലിയ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. കര്‍ണാടകത്തിലെ ആറ് മേഖലകളില്‍ അഞ്ചിടത്തും ബിജെപി കരുത്തുകാട്ടി. ഇതില്‍ മധ്യ കര്‍ണാടകത്തിലും ബെംഗളൂരുവിലും മുംബൈ കര്‍ണാടകത്തിലും ബിജെപി തരംഗമായിരുന്നു. ബിജെപിക്ക് അത്ര ശക്തിയില്ലാത്ത മൈസൂരു മേഖലയില്‍ ജെഡിഎസിനും കോണ്‍ഗ്രസിനുമായി സീറ്റുകള്‍ വിഭിജിക്കപ്പെട്ടു. ഇവിടെ ബിജെപി വോട്ടുകള്‍ സ്വന്തം പെട്ടിയില്‍ വീഴാതെ അത് ജെഡിഎസിലേക്ക് ഒഴുക്കിയ ബിജെപി തന്ത്രം ഫലത്തില്‍ കോണ്‍ഗ്രസിന്റെ സീറ്റുകള്‍ കുറയ്ക്കുന്നതില്‍ നിര്‍ണായകമായി.
ബി ജെ പിയെ എതിരിടാന്‍ ബി ജെ പി രീതികള്‍ പിന്തുടരാനാണ് കോണ്‍ഗ്രസ് പാര്‍ടി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കര്‍ണാടകയിലും ശ്രമിച്ചത്. ബി ജെ പിയെ തുറന്നുകാട്ടാതെ അമ്പലങ്ങള്‍ കയറിയിറങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍, തങ്ങള്‍ ബിജെപിയെക്കാല്‍ മികച്ചവരാണെന്ന് പറയാനാണ് ശ്രമിച്ചത്. കര്‍ണാടക പറയുന്നത്, ഇന്ത്യ പറയുന്നത് കോണ്‍ഗ്രസ് പഴയ കോണ്‍ഗ്രസായി നില്‍ക്കാനാണ്. ബിജെപിയാകാന്‍ ബിജെപിയുണ്ടല്ലോ. കോണ്‍ഗ്രസ് ബിജെപിയാകാന്‍ ശ്രമിച്ചാല്‍ വോട്ട് ബിജെപിക്കെന്ന ജനവികാരമാണ് കര്‍ണാടകത്തില്‍ ഉയര്‍ന്നത്.