ഇന്ത്യയില്‍ എണ്ണ വില നിയന്ത്രിക്കുന്നത് രാഷ്ട്രീയം

രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇന്ത്യയില്‍ അടുത്തമാസം എണ്ണവില കുതിച്ചുയരുമെന്ന് വിലയിരുത്തല്‍. എണ്ണവില ഇന്നലെ ബാരലിന് 93 ഡോളറിന് മുകളില്‍ എത്തിയെങ്കിലും ആഭ്യന്തര വിപണിയില്‍ വിലയില്‍ മാറ്റമുണ്ടായിരുന്നില്ല.

ഒമിക്രോണിന്റെ സാഹചര്യത്തില്‍ എണ്ണ വില കുറഞ്ഞ് 69 ഡോളറില്‍ എത്തിയിരുന്നു. എന്നാല്‍ കോവിഡ് മൂന്നാം തരംഗം ശക്തി കുറഞ്ഞതോടെ എണ്ണവില ഉയര്‍ന്ന് 94 ഡോളറിലെത്തുകയായിരുന്നു. റഷ്യയും യുക്രെയിനും തമ്മിലുള്ള പ്രശ്‌നങ്ങളും എണ്ണവില കൂടാന്‍ കാരണമായതായാണ് വിലയിരുത്തല്‍. നവംബര്‍ നാലിനു ശേഷം അന്താരാഷ്ട്ര വിപണിയില്‍ ബാരലിന് 15ശതമാനമാണ് വില വര്‍ധിച്ചത്.

എണ്ണവില ഇപ്പോഴത്തെ നിലവാരത്തില്‍ തുടര്‍ന്നാല്‍ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ വിലവര്‍ധന പ്രതീക്ഷിക്കാമെന്നാണ് വിലയിരുത്തല്‍. ഇന്ത്യയില്‍ എണ്ണവില നിയന്ത്രിക്കുന്നതിനു പിന്നില്‍ രാഷ്ട്രീയ കാരണങ്ങളാണ് സാമ്പത്തിക ശാസ്ത്രമല്ല എന്ന് ഇന്ത്യ റേറ്റിംഗ്‌സ് ആന്‍ഡ് റിസര്‍ച്ച് പ്രിന്‍സിപ്പല്‍ ഇക്കണോമിസ്റ്റ് സുനില്‍ കുമാര്‍ സിന്‍ഹ അഭിപ്രായപ്പെട്ടു. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ആഭ്യന്തര വിപണിയിലെ എണ്ണവിലയില്‍ കുതിച്ചുചാട്ടമുണ്ടാകാമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

09-Feb-2022