സൈന്യം രക്ഷപ്പെടുത്തിയ ബാബു ഐസിയുവില്‍; ആരോഗ്യനില തൃപ്തികരം
അഡ്മിൻ
മലപ്പുഴയിൽ പാറക്കെട്ടില്‍ കുടുങ്ങി സൈന്യം രക്ഷപ്പെടുത്തിയ ബാബുവിനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ബാബുവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. നിരീക്ഷണത്തിന് വേണ്ടിയാണ് ഐസിയുവില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യ നില പരിശോധിച്ച ശേഷം നാളെ ഡിസ്ചാര്‍ജ് ചെയ്യും.
മുഖ്യമന്ത്രി ഇടപെട്ടതിനെ തുടർന്ന് ആര്‍മിയും എന്‍.ഡി.ആര്‍.എഫും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇന്നലെ രാത്രി ചേറാട് മലയിലെത്തിയ സൈന്യം രാവിലെ 9 മണിക്കാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. തന്നെ രക്ഷപ്പെടുത്തിയ രക്ഷാപ്രവര്‍ത്തകരെ ചുംബിച്ചാണ് ബാബു സ്‌നേഹം പ്രകടിപ്പിച്ചത്.
തിങ്കളാഴ്ച ഉച്ചയോടെയാണ് ബാബുവും സുഹൃത്തുക്കളും മലകയറിയത്. തിരിച്ചിറങ്ങുന്നതിനിടെ ബാബു മലയിടുക്കില്‍ കുടുങ്ങി. ചെറാട് മലയിൽ ബാബു വെള്ളവും ഭക്ഷണവുമില്ലാതെ ഉറക്കം വെടിഞ്ഞ് കുടുങ്ങി കിടന്നത് 45 മണിക്കൂറാണ്. ബാബുവിന് സമീപം ആദ്യം എത്തിയപ്പോൾ സൈന്യം ഭക്ഷണവും വെള്ളവും നൽകി. സുരക്ഷാ ബെൽറ്റും കയറും ഉപയോഗിച്ചാണ് ബാബുവിനെ രക്ഷിച്ചത്.