കര്‍ണാടകത്തില്‍ ജനാധിപത്യം ഐ സി യുവില്‍ നിന്ന്‍ പുറത്തിറങ്ങി

ബംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം പൂര്‍ണമായി പുറത്തുവരുമ്പോള്‍ സ്ഥിതിഗതികള്‍ മാറിമറിയുകയാണ്. വോട്ടെണ്ണലിന്റെ സസ്‌പെന്‍സിനൊടുവില്‍ കോണ്‍ഗ്രസ് നാടകീയ രാഷ്ട്രീയനീക്കവുമായി രംഗത്ത്.  വലിയ ഒറ്റകക്ഷിയായ ബി ജെ പിക്ക് കേവല ഭൂരിപക്ഷം തികയ്ക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ജെ ഡി എസിന് കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തു. കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ജനതാദള്‍ നേതാവ് ദേവഗൗഡയുമായി ചര്‍ച്ചകള്‍ നടത്തി. തുടര്‍ന്ന് സോണിയ ഗാന്ധി ദേവഗൗഡയുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തി. എച്ച് ഡി കുമാരസ്വാമിക്ക് മുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തു. മന്ത്രിമാരെ തീരുമാനിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ ഇടപെടില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

ദേവഗൗഡ കോണ്‍ഗ്രസ് വാഗ്ദാനം സ്വീകരിച്ചതായാണ് സൂചനകള്‍. ഇരുപാര്‍ട്ടി നേതാക്കളും ഒരുമിച്ച് ഗവര്‍ണറെ കണ്ട് സര്‍ക്കാരുണ്ടാക്കാന്‍ അവകാശം ഉന്നയിക്കുമെന്നും പറയുന്നു. ഇന്നു വൈകുന്നേരം നാലുമണിക്ക് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ ഗവര്‍ണറെ കാണും. ജെ ഡി എസിനുള്ള പിന്തുണ ഈ അവസരത്തില്‍ അറിയിച്ചേക്കുമെന്നും പറയപ്പെടുന്നു. സര്‍ക്കാര്‍ രൂപവത്കരണത്തിന് ജെ ഡി എസിന് പിന്തുണ നല്‍കുന്നതുമായി ബന്ധപ്പെട്ട കത്ത് സിദ്ധരാമയ്യ ഗവര്‍ണര്‍ക്കു കൈമാറും. അതേസമയം കോണ്‍ഗ്രസുമായി സഖ്യചര്‍ച്ച നടത്തിയെന്ന് ജനതാദള്‍ ജനറല്‍ സെക്രട്ടറി ഡാനിഷ് അലി സ്ഥിരീകരിച്ചു.

കര്‍ണാടകത്തില്‍ 79 സീറ്റുകളിലാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. ബിജെപി 103 സീറ്റില്‍ മുന്നിട്ടുനില്‍ക്കുന്നു. 38 സീറ്റുകളാണ് ജെ ഡി എസിനുള്ളത്. കോണ്‍ഗ്രസ് ജെ ഡി എസുമായി ചര്‍ച്ച നടത്തുമ്പോള്‍ ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ദൂതന്‍മാര്‍ കോണ്‍ഗ്രസ് എം എല്‍ എമാരെ വിലക്കെടുക്കുമെന്നാണ് ബി ജെ പി കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. കര്‍ണാടകയില്‍ അടുത്ത ട്വിസ്റ്റെന്താണെന്നുള്ള കാത്തിരിപ്പിലാണ് രാജ്യത്തെ ജനാധിപത്യ വിശ്വാസികള്‍.

15-May-2018