ഏത് മാനദണ്ഡം നോക്കിയാലും കേരളം യുപിയേക്കാള്‍ ബഹുദൂരം മുന്നിൽ: കോടിയേരി ബാലകൃഷ്ണൻ

കേരളത്തിനെതിരെ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ വിവാദ പ്രസ്താവനയില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യോഗിയുടെ പ്രസ്താവന കേരളത്തിലെ ഭരണനേട്ടങ്ങളെ ദേശീയ ശ്രദ്ധയിലെത്തിച്ചുവെന്നും എന്നാല്‍യുപിയില്‍ ഇപ്പോഴും കാട്ടു നീതിയാണ് നടക്കുന്നതെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

ഏത് മാനദണ്ഡം നോക്കിയാലും കേരളം യുപിയേക്കാള്‍ ബഹുദൂരം മുന്നിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, യുപി കേരളമായി മാറിയാല്‍ ജനങ്ങളുടെ ജീവിത നിലവാരം ഉയരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും യോഗിക്ക് മറുപടി നല്‍കിയിരുന്നു.

യുപി കേരളമായി മാറിയാല്‍ ജനങ്ങള്‍ക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം, ആരോഗ്യ സേവനങ്ങള്‍, സാമൂഹിക ക്ഷേമം, ജീവിത നിലവാരം എന്നിവ ആസ്വദിക്കാനാവും. മതത്തിന്റെയും ജാതിയുടെയും പേരില്‍ ആളുകള്‍ കൊല്ലപ്പെടാത്ത ഒരു ഭിന്നതയില്ലാത്ത ഒരു സമൂഹമായി മാറും. അതാണ് യുപിയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.

11-Feb-2022