യോഗിയുടെ പ്രസ്താവന യുപിയിലെ ജനങ്ങൾക്ക് മാറിച്ചിന്തിക്കാൻ ഊർജം പകരുന്നതാണ്: എളമരം കരീം
അഡ്മിൻ
തെരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെട്ടാൽ ഉത്തർപ്രദേശ് കേരളം പോലെയാകും എന്ന മുഖ്യമന്ത്രി യോഗി ആദിത്യനാദിന്റെ പ്രസ്താവന യുപിയിലെ ജനങ്ങൾക്ക് മാറിച്ചിന്തിക്കാൻ ഊർജം പകരുന്നതാണ് എന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം .
ബിജെപിയെ അധികാരത്തിൽ നിന്നും പുറത്താക്കിയാൽ കേരളം കൈവരിച്ചതുപോലുള്ള നേട്ടങ്ങൾ തങ്ങൾക്കും അനുഭവവേദ്യമാകാൻ അവസരം ലഭിക്കും എന്ന തിരിച്ചറിവ് യുപിയിലെ ജനങ്ങളിൽ ഉണ്ടാകാൻ യോഗിയുടെ പ്രസ്താവന സഹായകമാകും. ക്രമസമാധാന പാലനത്തിലും വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യ ക്ഷേമം എന്നിങ്ങനെ സമസ്ത മേഖലകളിലും ഇന്ത്യയിലെ ഒന്നാമത്തെ സംസ്ഥാനമായി കേരളത്തെ വളരാൻ സഹായിച്ചത് വർഗീയ രാഷ്ട്രീയത്തോട് മലയാളികൾ എക്കാലവും സ്വീകരിച്ച അകലമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളം രൂപം കൊണ്ടതുമുതൽ ഒരു തവണപോലും ബിജെപിക്ക് സംസ്ഥാനത്ത് അധികാരത്തിൽ എത്താൻ പറ്റാത്തതും ഈ നേട്ടങ്ങളുടെ കാരണമാണോ എന്ന് യുപിയിലെ വോട്ടർമാർ ചിന്തിക്കും. ബിജെപിയെ താഴെയിറക്കാൻ വെമ്പിനിൽക്കുന്ന ജനങ്ങളുടെ മനസിലേക്ക് ലോകത്തിനുതന്നെ മാതൃകയായ കേരളാ മോഡൽ വികസന സമീപനം എത്തിക്കാൻ ഈ പ്രസ്താവന വഴിവെക്കുമെന്നും എളമരം കരീം കൂട്ടിച്ചേർത്തു.