ഇന്‍ഷുറന്‍സ് എടുക്കാതുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനത്ത് നിയമസാധുത ഉണ്ടാവില്ല: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

സംസ്ഥാനത്തെ റിയല്‍ എസ്റ്റേറ്റ് പ്രോജക്റ്റുകള്‍ക്ക് ടൈറ്റില്‍ ഇന്‍ഷുറന്‍സ് എടുക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും അനുവദിക്കില്ലെന്ന് തദ്ദേശ സ്വയംഭരണ. എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. റിയല്‍ എസ്റ്റേറ്റ് റെഗുലേഷന്‍ ആന്‍ഡ് ഡെവലപ്മെന്റ് ആക്ടിന്റെ പതിനാറാം സെക്ഷന്‍ പ്രകാരമാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തുന്നത്. സര്‍ക്കാര്‍ അനുശാസിക്കുന്ന എല്ലാ ഇന്‍ഷുറന്‍സുകളും കെട്ടിട നിര്‍മാതാക്കള്‍ എടുക്കേണ്ടതാണ്. ഓരോ പ്രൊമോട്ടറും ഭൂമിയുടെ പട്ടയവും കെട്ടിടങ്ങളും അവിടെ നടക്കുന്ന റിയല്‍ എസ്റ്റേറ്റ് പദ്ധതിയുടെ നിര്‍മ്മാണവും ഇന്‍ഷ്വര്‍ ചെയ്യാന്‍ ബാധ്യസ്ഥനാണെന്നും മന്ത്രി വ്യക്തമാക്കി.

റിയല്‍ എസ്റ്റേറ്റ് പ്രോജക്ടിന്റെ ഭാഗമായ ഭൂമിയുടെയും കെട്ടിടത്തിന്റെയും പട്ടയത്തിന്റെയും ഇന്‍ഷുറന്‍സ് പരിരക്ഷ തുടക്കം മുതലേ നിര്‍മാതാക്കള്‍ ഉറപ്പുവരുത്തണം. ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട പ്രീമിയവും മറ്റ് ചാര്‍ജ്ജുകളും അടയ്ക്കാന്‍ പ്രോമോട്ടര്‍ ബാധ്യസ്ഥനാണ്. പ്രോജക്ടുകളുടെ ഭാഗമായ കെട്ടിടങ്ങള്‍ വാങ്ങിക്കുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് രേഖകള്‍ മുന്‍കൂട്ടി കൈമാറണം. താമസക്കാരുടെ അസോസിയേഷനും ഇന്‍ഷുറന്‍സ് രേഖകള്‍ ലഭ്യമാക്കണം. കെട്ടിട നിര്‍മാതാക്കളോട് വില്‍പ്പന കരാറില്‍ ഏര്‍പ്പെടുന്ന സമയത്ത് തന്നെ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്ന രേഖകള്‍ വാങ്ങുന്നയാളിന് ലഭ്യമാക്കേണ്ടതാണെന്ന് മന്ത്രി പറഞ്ഞു.

ഭൂമിയുടെ പട്ടയവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ ഉണ്ടായാലോ, വ്യക്തമായ ഉടമസ്ഥാവകാശ രേഖകള്‍ ഇല്ലാത്ത സാഹചര്യത്തിലോ വാങ്ങിച്ചവരുടെ നിക്ഷേപം സംരക്ഷിക്കുന്നതിന് നിയമത്തില്‍ നിര്‍വചിച്ചിരിക്കുന്ന ഇന്‍ഷുറന്‍സ് പരിരക്ഷ അനിവാര്യമാണ്. ഇന്‍ഷുറന്‍സ് എടുക്കാതുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനത്ത് നിയമസാധുത ഉണ്ടാവില്ലെന്നും അത്തരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

12-Feb-2022