കര്‍ണാടകം കലുഷിതം. ജനാധിപത്യത്തെ വിലയ്ക്കുവാങ്ങാനുറച്ച് ബിജെപി

ബംഗളൂരു : കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നു പ്രഖ്യാപിച്ച ബി ജെ പി ആവനാഴിയിലെ സകല അസ്ത്രങ്ങളും പുറത്തെടുക്കുകയാണ്. കോണ്‍ഗ്രസ്, ജെഡിഎസ് പാര്‍ടിയിലെ ഒരു എം എല്‍ എയ്ക്ക് 100 കോടി രൂപ എന്ന വാഗ്ദാനമാണ് ബി ജെ പി ഇപ്പോള്‍ മുന്നോട്ടുവെച്ചിരിക്കുന്നത്.  ഒരു ജെഡിഎസ് എംഎല്‍എയ്ക്ക് 100 കോടി വീതം നല്‍കാമെന്ന ബിജെപിയുടെ വാഗ്ദാനത്തെ കുറിച്ച് വാര്‍ത്താസമ്മേളനം വിളിച്ച് വ്യക്തമാക്കിയ എച്ച് ഡി കുമാരസ്വാമി, എവിടെനിന്നാണ് ഈ കള്ളപ്പണം വരുന്നതെന്നും ഇന്‍കംടാക്‌സ് ഉദ്യോഗസ്ഥരൊക്കെ എവിടെപ്പോയെന്നും ചോദിച്ചു.

ജെ ഡി എസ് എംഎല്‍എമാര്‍ താമസിക്കുന്ന ഹോട്ടലില്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറെത്തിയിരുന്നു. ഇത് എംഎല്‍എമാരെ സ്വാധീനിച്ച് ബിജെപി പാളയത്തിലെത്തിക്കാനാണ് എന്നാണ് മറ്റു പാര്‍ട്ടികള്‍ ആരോപിക്കുന്നത്. കോണ്‍ഗ്രസ്, ജെ!ഡിഎസ് സഖ്യം തകര്‍ക്കുന്നതിനുള്ള ശ്രമങ്ങള്‍ സജീവമാക്കുകയാണ് ബിജെപി. ബാദാമിയില്‍ സിദ്ധരാമയ്യയ്‌ക്കെതിരെ മല്‍സരിച്ചു പരാജയപ്പെട്ട ശ്രീരാമുലുവിനാണ് ഇതിനുള്ള ചുമതല. കോണ്‍ഗ്രസിനുള്ളില്‍നിന്ന് എംഎല്‍എമാരെ ചാടിച്ച് ഭരണം പിടിച്ചെടുക്കുകയാണു ബിജെപിയുടെ അന്തിമമായ ലക്ഷ്യം.

അതിനിടയില്‍ നാലു എംഎല്‍എമാരെ ബന്ധപ്പെടാനാകാത്ത സ്ഥിതിയിലാണു കോണ്‍ഗ്രസെന്നുള്ള റിപ്പോര്‍ട്ട് പുറത്ത് വന്നു. മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് ബിജെപി നേതാക്കള്‍ വിളിച്ചതായി കോണ്‍ഗ്രസ് എംഎല്‍എ അമരഗൗഡ അറിയിക്കുകയും ചെയ്തു. ജെഡിഎസ്, കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിടുന്നതിനുള്ള ശ്രമം പാര്‍ട്ടി നടത്തുന്നുണ്ടെന്ന് ബിജെപി നേതാവ് കെ.എസ്.ഈശ്വരപ്പയും വ്യക്തമാക്കി.

യദൂരിയപ്പയാവട്ടെ, നിയമസഭാകക്ഷി യോഗം ചേര്‍ന്ന് നേതാവിനെ തിരഞ്ഞെടുക്കുമെന്നും സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദമുയര്‍ത്തി അവിടെനിന്ന് നേരെ ഗവര്‍ണറെ കാണുമെന്നും പ്രഖ്യാപിച്ചു. യോഗം കഴിഞ്ഞപ്പോള്‍ യദിയൂരപ്പ ഗവര്‍ണറെ വിളിച്ച് സന്ദര്‍ശനത്തിനുള്ള സമയം തേടി. കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കര്‍ മാധ്യമങ്ങളെ കണ്ടപ്പോള്‍ ബിജെപി സര്‍ക്കാരിനാണ് വോട്ട് ചെയ്തത്. ഞങ്ങള്‍ സര്‍ക്കാരുണ്ടാക്കും. അനാവശ്യമായ ടെന്‍ഷന്‍ ആര്‍ക്കുമുണ്ടാക്കാം. എന്നാല്‍ കര്‍ണാടകയിലെ ജനങ്ങള്‍ ഞങ്ങള്‍ക്കൊപ്പമാണ്. പിന്‍വാതില്‍വഴി പ്രവേശിക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍ ഫലം കാണില്ല എന്ന് പറഞ്ഞ് ബി ജെ പി ക്യാമ്പിന്റെ നയം വ്യക്തമാക്കി. സര്‍ക്കാര്‍ രൂപീകരണത്തിന് പിന്തുണ അറിയിച്ച് കര്‍ണാടക പ്രജ്ഞാവന്താ ജനതാ പാര്‍ട്ടിയുടെ ബാനറില്‍ മല്‍സരിച്ച സ്വതന്ത്ര എംഎല്‍എ ആര്‍. ശങ്കര്‍ യദിയൂരപ്പയെ കാണാനെത്തി.

കോണ്‍ഗ്രസുമായി സഖ്യമാകാന്‍ തീരുമാനിച്ചിട്ടുണ്ട്. അതിനാണ് നിയമസഭാകക്ഷിയോഗം വിളിച്ചിരിക്കുന്നത്. വേറൊരു തീരുമാനവും ഇനിയുണ്ടാകില്ല എന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം പ്രഖ്യാപനം നടത്തിയ ജെഡിഎസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി, ജെഡിഎസ് എംഎല്‍എമാരുടെ കാലുമാറ്റുമുണ്ടാകില്ലെന്ന് ഉറപ്പുവരുത്തിയെന്നാണ് റിപ്പോര്‍ട്ട്. എംഎല്‍എമാര്‍ കൂറുമാറുന്നതു തടയാന്‍ പ്രതിരോധ പദ്ധതിയുണ്ടെന്ന് കോണ്‍ഗ്രസും വ്യക്തമാക്കി. സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളില്‍ നിര്‍ണായക തീരുമാനങ്ങളെടുക്കാന്‍ സോണിയ ഗാന്ധിയുടെ വിശ്വസ്തന്‍ അഹമ്മദ് പട്ടേലും ബംഗളൂരുവിലേക്കു പുറപ്പെട്ടു.

2004ലും 2005ലും ബിജെപിക്കൊപ്പം ചേരാനുള്ള തന്റെ തീരുമാനം പിതാവ് എച്ച്.ഡി. ദേവെ ഗൗഡയുടെ രാഷ്ട്രീയ ജീവിതത്തില്‍ കറുത്ത അടയാളമായിരുന്നു. ആ അടയാളം മാറ്റാനുള്ള അവസരമാണ് ദൈവം ഇപ്പോള്‍ എനിക്കു നല്‍കിയിരിക്കുന്നത്. അതിനാല്‍ കോണ്‍ഗ്രസിനൊപ്പം പോകുന്നു എന്ന് തുറന്നടിച്ച കുമാരസ്വാമി രണ്ടുംകല്‍പ്പിച്ചുള്ള പോരാട്ടത്തിനാണ്. 'ഓപ്പറേഷന്‍ കമല്‍' വിജയകരമായത് മറന്നേക്കൂ, ബിജെപിയില്‍നിന്നു വിട്ട് ഞങ്ങളുടെ കൂടെവരാന്‍ തയാറായ നിരവധിപ്പേരുണ്ട്. ഞങ്ങളില്‍നിന്ന് ഒരാളെ മറുകണ്ടം ചാടിക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ ഞങ്ങളും അതുതന്നെ ചെയ്യും, നിങ്ങളില്‍നിന്ന് ഇരട്ടിയാകും ഞങ്ങളെടുക്കുക. കുതിരക്കച്ചവടത്തെ പ്രോത്സാഹിപ്പിക്കുന്ന യാതൊരു തീരുമാനവും എടുക്കരുതെന്ന് ഗവര്‍ണറോടും ആവശ്യപ്പെടുന്നുവെന്ന് എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു.

കര്‍ണാടകത്തില്‍ അധികാരത്തിന് വേണ്ടിയുള്ള വടംവലിക്കിടെ കുതിരക്കച്ചവടം ഭയന്ന് കോണ്‍ഗ്രസ് തങ്ങളുടെ എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റുന്നതിനും ഇന്നത്തെ പകല്‍ സാക്ഷിയായി. റിസോര്‍ട്ടിലേക്ക് പോകും വഴി രാജ്ഭവനിലെത്തി ഗവര്‍ണ്ണര്‍ക്കു മുമ്പില്‍ എംഎല്‍എമാരെ ഹാജരാക്കാനാണ് കോണ്‍ഗ്രസ്സിന്റെ തീരുമാനം. കെപിസിസി ആസ്ഥാനത്ത് നിന്ന് എംഎല്‍എമാരെ പ്രത്യേക ബസ്സുകളിലാണ് റിസോര്‍ട്ടിലേക്ക് കൊണ്ടുപോകുന്നത്.

കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള ജെഡിഎസ് സര്‍ക്കാരിനെ പിന്തുണക്കുന്ന കത്തുകള്‍ എംഎല്‍എമാരില്‍ നിന്ന് ഒപ്പിട്ടു വാങ്ങിയ ശേഷമാണ് ഇവരെ റിസോര്‍ട്ടിലേക്ക് മാറ്റിയത്. 77 എംഎല്‍എമാരെയാണ് ബസ്സിലും മറ്റുമായി റിസോര്‍ട്ടിലേക്ക് മാറ്റുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സിദ്ധരാമയ്യയും ഡികെ ശിവകുമാറും അടക്കമുള്ള നേതാക്കള്‍ കെപിസിസി ആസ്ഥാനത്ത് തുടരുകയാണ്. രാവിലെ കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് എല്ലാ എംഎല്‍എമാരും എത്താത്തത് പാര്‍ട്ടിയെ ആശങ്കയിലാക്കിയിരുന്നു. എന്നാല്‍ രണ്ടുപേര്‍ ഒഴികെ എല്ലാവരും എത്തിച്ചേര്‍ന്നു. ബിഡദിയിലുള്ള ഈഗിള്‍ ടെന്‍ റിസോര്‍ട്ടിലേക്കാണ് ഇവരെ കൊണ്ടുപോയത്. നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കുന്ന ദിവസം ഇനി ഇവരെ നേരിട്ട് അവിടേക്ക് എത്തിക്കുകയേയുള്ളൂ.

16-May-2018