തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ആധുനീകരണം; എഞ്ചിനീയര്‍മാര്‍ക്ക് ടാബുകള്‍ നല്‍കും

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പൊതുമരാമത്ത് പ്രവൃത്തികളുടെ നിര്‍വ്വഹണ രീതി തികച്ചും സുതാര്യവും അഴിമതി വിമുക്തവുമാക്കുന്നതിന് ധനകാര്യ വകുപ്പിന്റെ പ്രൈസ് ത്രീ സോഫ്റ്റ്‌വെയര്‍ ഉപയോഗപ്പെടുത്തുമെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

പൊതുമരാമത്ത് പ്രവൃത്തിയുടെ അളവുകള്‍ ഓണ്‍ലൈനായി രേഖപ്പെടുത്തുന്നതിലൂടെയും ഫയലുകള്‍ കൈകാര്യം ചെയ്യുന്നതിലുള്ള സുതാര്യതയിലൂടെയും ഈ രംഗത്തുള്ള അഴിമതി വലിയൊരളവ് നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ ഇത് സഹായകമാവും. മാത്രമല്ല പ്രവൃത്തികളുടെ ബില്ലുകള്‍ സമയബന്ധിതമായ തയ്യാറാക്കി നല്‍കുന്നതിനും ഈ സോഫ്റ്റ്‌വെയര്‍ ഉതകുമെന്ന് മന്ത്രി വ്യക്തമാക്കി.

തദ്ദേശ സ്വയംഭരണ വകുപ്പിനെ ആധുനീകരിക്കുന്നതിന്റെ ഭാഗമായി വകുപ്പിലെ എഞ്ചിനീയര്‍മാര്‍ക്ക് ടാബുകള്‍ നല്‍കും. പൊതുമരാമത്ത് വകുപ്പിനെ അപേക്ഷിച്ച് തദ്ദേശ സ്വയംഭരണ വകുപ്പില്‍ വളരെയേറെ എഞ്ചിനീയര്‍മാര്‍ നിര്‍വ്വഹണ രംഗത്തുള്ളതിനാല്‍ ഘട്ടംഘട്ടമായാണ് സോഫ്റ്റ്‌വെയര്‍ സേവനം പൂര്‍ണമാക്കുക. ഇലക്‌ട്രോണിക് മെഷര്‍മെന്റ് ബുക്ക് ഉള്‍പ്പെടുന്ന പ്രൈസ് ത്രീ നടപ്പിലാക്കുന്നതോടെ തദ്ദേശ സ്വയംഭരണ എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ കാര്യക്ഷമത വര്‍ധിക്കുകയും പവൃത്തികളുടെ ബില്‍ സമയബന്ധിതമായി കരാറുകാര്‍ക്ക് ലഭ്യമാവുകയും ചെയ്യും. ആദ്യഘട്ടത്തില്‍ 572 ടാബുകളാണ് എഞ്ചിനീയര്‍മാര്‍ക്ക് വിതരണം ചെയ്യുകയെന്ന് മന്ത്രി വിശദീകരിച്ചു.

12-Feb-2022