സോളാര്‍ ലൈംഗിക പീഡനക്കേസിൽ കോണ്‍ഗ്രസ് നേതാക്കളെ ചോദ്യം ചെയ്യാൻ സിബിഐ

മുൻ യുഡിഎഫ് മന്ത്രിസഭയുടെ കാലഘട്ടത്തിലെ രാഷ്ട്രീയ വിവാദമായി മാറിയ സോളാര്‍ ലൈംഗിക പീഡനക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ ചോദ്യം ചെയ്യാനൊരുങ്ങി സിബിഐ.

ഇവർക്ക് പുറമെ എംപിമാരായ അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, എ പി അനില്‍കുമാര്‍ എംഎല്‍എ, ഉമ്മന്‍ചാണ്ടിയുടെ സന്തത സഹചാരി തോമസ് കുരുവിള എന്നിവരെയും ബിജെപി നേതാവ് എ പി അബ്ദുള്ളക്കുട്ടിയെയും സിബിഐ ചോദ്യം ചെയ്യും.

2021 ജനുവരിയിലായിരുന്നു കേസ് സിബിഐക്ക് വിട്ടത്. തുടർന്നുള്ള പ്രാഥമികാന്വേഷണത്തിനും നിയമാേപദേശത്തിനുംശേഷം ആഗസ്തില്‍ സിബിഐ കേസെടുത്തു. പരാതിക്കാരിയുടെ മൊഴി എടുക്കുന്നത് പൂര്‍ത്തിയാക്കുന്നതിന് അടുത്തുതന്നെ വീണ്ടും വിളിപ്പിക്കും.പിന്നാലെയാകും കോൺഗ്രസ് നേതാക്കളെ ചോദ്യംചെയ്യുക. സാക്ഷി മൊഴികളുടെയും തെളിവുകളുടെയും കൂടി സാധ്യത പ്രയോജനപ്പെടുത്തി തിരുവനന്തപുരം യൂണിറ്റിലാകും ചോദ്യം ചെയ്യല്‍ നടക്കുക.

ഇതിനായി സാക്ഷികളുടെ പ്രാഥമിക ലിസ്റ്റും തയ്യാറാക്കി. ഇതിനിടയിൽ കോവിഡ് വൈറസ് വ്യാപനം രൂക്ഷമായതും പരാതിക്കാരി അസുഖബാധിതയായതും അന്വേഷണത്തെ ബാധിച്ചിരുന്നു. ലൈംഗിക പീഡനം, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ വകുപ്പുകള്‍ ചുമത്തി ആറ് എഫ്ഐആറാണുള്ളത്. ലൈംഗികാതിക്രമം, വഞ്ചന, കുറ്റകൃത്യങ്ങളില്‍ പങ്കാളിയാകല്‍ എന്നിവയാണ് ഉമ്മന്‍ചാണ്ടിക്കും തോമസ് കുരുവിളയ്ക്കുമെതിരെയുള്ള കുറ്റം.

മറ്റുള്ളവര്‍ക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനും അടൂര്‍ പ്രകാശ് ഒഴികെയുള്ളവരുടെയെല്ലാം പേരില്‍ ലൈംഗിക പീഡനത്തിനും കുറ്റം ചുമത്തി. ലൈംഗിക ചുവയുള്ള സംഭാഷണങ്ങളുമായി പിറകെ നടന്ന് ശല്യം ചെയ്തതിന് അടൂര്‍ പ്രകാശിനും അബ്ദുള്ളക്കുട്ടിക്കും എതിരെ കുറ്റവുമുണ്ട്. വധഭീഷണി മുഴക്കിയെന്നതും അബ്ദുള്ളക്കുട്ടിക്കെതിരെയുണ്ട്.

13-Feb-2022