ആറ്റുകാൽ പൊങ്കാല ദർശനത്തിന് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം
അഡ്മിൻ
ആറ്റുകാൽ പൊങ്കാല ദർശനത്തിന് എത്തുന്നവർ 72 മണിക്കൂറിനുള്ളിലെടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണമെന്ന് ജില്ലാ കലക്ടറുടെ ഉത്തരവ്. നിർദേശത്തിൽ പ്രായോഗിക ബുദ്ധിമുട്ട് അറിയിച്ചെങ്കിലും പൂർണമായും സഹകരിക്കാനാണ് ക്ഷേത്രം ട്രസ്റ്റിന്റെ തീരുമാനം. ഉത്സവം അഞ്ചാം ദിനത്തിലേക്കു കടക്കുമ്പോൾ ഭക്തി ലഹരിയിലാണ് ആറ്റുകാൽ ക്ഷേത്ര പരിസരം. കോവിഡ് ചട്ടങ്ങൾ പാലിച്ച് തിരക്കു നിയന്ത്രിച്ചാണ് പ്രവേശനം. പൊങ്കാല ദർശിക്കാൻ 72 മണിക്കൂറിനുള്ളിലെ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണം.
അല്ലെങ്കിൽ മൂന്നു മാസത്തിനുള്ളിൽ കോവിഡ് പോസിറ്റീവായതിന്റെ രേഖ വേണം. വൊളന്റിയർമാർക്കും നിർദേശം ബാധകമാണ്. പരമാവധി 1500 പേർക്കാണ് പ്രവേശനം. പൊങ്കാല വീടുകളിൽ മാത്രമായി പരിമിതപ്പെടുത്തണം. പൊതുനിരത്തിലും പൊതുവിടങ്ങളിലും പൊങ്കാല അനുവദിക്കില്ല. രോഗലക്ഷണങ്ങളുള്ളവർക്ക് ക്ഷേത്ര ദർശനത്തിനും അനുമതി നൽകില്ല.
ക്ഷേത്ര ദർശനത്തിന് എത്തുന്നവർ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിർദേശത്തിലെ പ്രായോഗിക ബുദ്ധിമുട്ട് ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ അധികൃതരെ അറിയിച്ചിരുന്നു. എങ്കിലും കോവിഡ് വ്യാപനം ഉണ്ടാകാതിരിക്കാൻ സർക്കാർ നിർദേശത്തെ പൂർണമായും പിന്തുണയ്ക്കുമെന്നു ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു.