സഹപ്രവര്‍ത്തകയുടെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചു കോൺഗ്രസ് പ്രവർത്തകർ

സഹപ്രവര്‍ത്തകയുടെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച സംഭവത്തിൽ യൂത്ത് കോണ്‍ഗ്രസസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഉൾപ്പെടെ മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ മതിലകം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുബിന്‍ അടക്കമുള്ള 3 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് മതിലകം പൊലീസ് കേസെടുത്തത്.

മനഃപൂർവം മാനഹാനി വരുത്തണമെന്ന ഉദ്ദേശത്തോടെ മോര്‍ഫ് ചെയ്ത ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്ന് സഹപ്രവര്‍ത്തക പോലീസിൽ നല്‍കിയ പരാതിയില്‍ പറയുന്നു. ഐ.പി.സി സെക്ക്ഷന്‍ 66 ( E) 67 lT ആക്റ്റ് എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

സംസ്ഥാനത്തെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കയ്പ്പമംഗലത്തു നിന്നുള്ള യു.ഡി.എഫ്.സ്ഥാനാര്‍ത്ഥിയായിരുന്നു ശോഭാ സുബിന്‍. യൂത്ത് കോണ്‍ഗ്രസ് നാട്ടിക നിയോജക മണ്ഡലം പ്രസിഡന്റ് സുമേഷ് പനാട്ടില്‍, യൂത്ത് കോണ്‍ഗ്രസ് കൈപ്പമംഗലം മണ്ഡലം ഭാരവാഹി അഫ്‌സല്‍ എന്നിവര്‍ക്കെതിരെയും സംഭവത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

13-Feb-2022