തദ്ദേശ സ്വയംഭരണ ദിനാഘോഷം; ഫെബ്രുവരി 18, 19 തീയതികളിലായി ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കും
അഡ്മിൻ
തദ്ദേശസ്വയംഭരണ ദിനാഘോഷം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. 2022 ഫെബ്രുവരി 19-ന് ഉച്ചതിരിഞ്ഞ്് 3.00 മണിക്ക് കോവളം വെള്ളാറിലെ ആര്‍ട്സ് & ക്രാഫ്റ്റ് വില്ലേജിലാണ് ഉദ്ഘാടന ചടങ്ങ്. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മുഖ്യാതിഥികളായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി, ഭക്ഷ്യ, സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആര്. അനില്‍, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു എന്നിവര്‍ പങ്കെടുക്കും. മികച്ച ഗ്രാമ / ബ്ലോക്ക് / ജില്ലാ പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റി / കോര്പ്പറേഷന് എന്നിവയ്ക്കുമുള്ള സംസ്ഥാന തല പുരസ്കാരങ്ങള്‍ തദ്ദേശ സ്വയംഭരണ ദിനാഘോഷത്തില്‍ വിതരണം ചെയ്യും. തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് പരിപാടിയില്‍ പങ്കെടുക്കുക. സംയോജിത തദ്ദേശ സ്വയംഭരണ സര്‍വ്വീസ്, നവകേരള കര്‍മ്മ പരിപാടി എന്നീ വിഷയങ്ങളെ ആസ്പദമാക്കി സെമിനാറുകളും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.
സംസ്ഥാനതല ആഘോഷ പരിപാടികള്‍ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ഇന്ന് ചേര്‍ന്ന സംസ്ഥാനതല സംഘാടക സമിതി യോഗത്തില്‍ ചര്‍ച്ച ചെയ്യുകയും തീരുമാനങ്ങളെടുക്കുകയും ചെയ്തു. പഞ്ചായത്ത് രാജ് സംവിധാനത്തിന്റെ ഉപജ്ഞാതാവായ ബെല്‍വന്ത് റായ് മേത്തയുടെ ജന്മദിനമായ ഫെബ്രുവരി 19 എല്ലാ വര്‍ഷവും കേരളത്തില്‍ പഞ്ചായത്ത് ദിനമായി ആഘോഷിച്ചു വരാറുണ്ട്. ത്രിതല പഞ്ചായത്തുകളുടെ പ്രതിനിധികളാണ് ആ പരിപാടിയില്‍ പങ്കെടുക്കാറുള്ളത്. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും ഒരു കുടക്കീഴില് കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പ് നിലവില്‍ വന്ന സാഹചര്യത്തില്‍ ഈ വര്‍ഷം മുതല്‍ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെയും നഗരസഭകളുടെയും കോര്‍പ്പറേഷനുകളുടെയും ജനപ്രതിനിധികളുടെയും ജീവനക്കാരുടെയും പ്രാതിനിധ്യം ഉറപ്പാക്കി തദ്ദേശസ്വയംഭരണ ദിനമായി ആഘോഷിക്കുവാന്‍ തീരുമാനിച്ചു. ഫെബ്രുവരി 18, 19 തീയതികളിലായി ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കും.
ഫെബ്രുവരി 18ന് 3 വിഷയങ്ങളെ ആസ്പദമാക്കി ഓണ്‍ലൈന്‍ സെമിനാറുകള്‍ സംഘടിപ്പിക്കും. ജനകീയാസൂത്രണത്തിന്റെ രജതജൂബിലി വര്‍ഷത്തില്‍ പുതുതലമുറ നേരിടുന്ന വെല്ലുവിളികളും സാധ്യതകളും, അതിദാരിദ്ര്യ നിര്‍ണ്ണയ പ്രക്രിയയില്‍ നിന്നും സമാനതകളില്ലാത്ത ദാരിദ്ര്യ ലഘൂകരണ പ്രക്രിയയിലേക്ക്, വാതില്‍പ്പടി സേവനം സാധ്യതകള്‍ എന്നിവയാണ് സെമിനാര്‍ വിഷയങ്ങള്‍. സെമിനാര്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. വി. ഗോവിന്ദന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യു എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും സെമിനാര്‍ ലൈവ് ടെലികാസ്റ്റ് ചെയ്യും. മന്ത്രിയുടെ ഫേസ്ബുക്ക് പേജിലും ലൈവ് സംപ്രേക്ഷണം ഉണ്ടാവും.
തിരുവനന്തപുരം ജില്ല ഒഴികെയുള്ള ജില്ലകളില്‍ ഫെബ്രുവരി 19ന് ജില്ലാ തലത്തിലും ബ്ലോക്ക് തലത്തിലും സെമിനാറുകളും ചര്‍ച്ചയും സംഘടിപ്പിക്കും. ജില്ലാ തല ജേതാക്കള്‍ക്കുള്ള പുരസ്കാരങ്ങള്‍ ജില്ലാതല ആഘോഷ പരിപാടിയില്‍ വിതരണം ചെയ്യും.
സംസ്ഥാനതല സംഘാടന സമിതി യോഗത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന് അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ മേയേഴ്സ് കൗണ്‍സില്‍ കേരള പ്രസിഡന്റ് എം. അനില്‍കുമാര്‍, ചേമ്പര്‍ ഓഫ് മുനിസിപ്പല്‍ ചെയര്‍മെന്‍ എം. കൃഷ്ണദാസ്, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന് പ്രസിഡന്റ് ബി. പി. മുരളി, ഗ്രാമപഞ്ചായത്ത് അസോസിയേഷന് ജനറല്‍ സെക്രട്ടറി കെ. സുരേഷ്, ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ബാലമുരളി, പഞ്ചായത്ത് അഡീഷണല്‍ ഡയറക്ടര്‍ എം. പി. അജിത് കുമാര്‍, കില ഡയറക്ടര്‍ ഡോ. ജോയി ഇളമണ്‍, പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍ ത്രേസ്യാമ്മ ആന്റണി തുടങ്ങിയവര്‍ സ്വാഗതസംഘം യോഗത്തില്‍ സംസാരിച്ചു.
14-Feb-2022
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ