ചരിത്രപരമായ വകുപ്പ് ഏകീകരണത്തിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളായി മാറും : മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താനും ജനങ്ങള്‍ക്ക് കൂടുതല്‍ വേഗത്തില്‍ വകുപ്പിന്റെ സേവനങ്ങള്‍ ലഭ്യമാക്കാനും ഉതകുന്ന വിധത്തിലുള്ള ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പിന്റെ പ്രഖ്യാപനം ഫെബ്രുവരി 19ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു. പഞ്ചായത്ത്, ഗ്രാമവികസനം, നഗരകാര്യം, തദ്ദേശസ്വയംഭരണ എഞ്ചിനീയറിംഗ് വിഭാഗം, നഗര-ഗ്രാമാസൂത്രണം എന്നീ വകുപ്പുകളെ ഏകോപിപ്പിച്ചാണ് ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പ് നിലവില്‍ വരുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

അധികാര വികേന്ദ്രീകരണ പ്രക്രിയയേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളേയും ശക്തിപ്പെടുത്താനുതകുന്ന വിധത്തിലാണ് ഏകീകൃത വകുപ്പിന്റെ രൂപീകരണം. കഴിഞ്ഞ നാലുവര്‍ഷത്തിലേറെക്കാലം നടന്നുവരുന്ന അതിസങ്കീര്‍ണമായ പ്രക്രിയയുടെ ഒടുവിലാണ് ഏകീകൃത വകുപ്പ് യാഥാര്‍ത്ഥ്യമാകുന്നത്. സംസ്ഥാനത്തിന്റെ ഒന്നാം ഭരണപരിഷ്‌കാര കമ്മീഷന്റെ കാലത്ത് തന്നെ ഏകീകൃത തദ്ദേശസ്വയംഭരണ കേഡറിനെ കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. അന്ന് മുതലുള്ള പരിശ്രമങ്ങളാണ് ലക്ഷ്യപ്രാപ്തിയിലേക്കെത്തുന്നതെന്ന് മന്ത്രി സൂചിപ്പിച്ചു.

ഏകീകൃത വകുപ്പില്‍ ഫയലുകളില്‍ തീരുമാനം കൈക്കൊള്ളുന്നതിന് ഉദ്യോഗസ്ഥ തലത്തിലുള്ള തട്ടുകളുടെ എണ്ണം പരമാവധി കുറച്ച് വേഗത്തില്‍ തീരുമാനങ്ങളുണ്ടാവും. സര്‍ക്കാരിന്റെ നയപരമായ തീരുമാനവും സര്‍ക്കാരില്‍ നിന്ന് സ്പഷ്ടീകരണം ആവശ്യമുള്ളതും പ്രത്യേക സാങ്കേതികാനുമതി ആവശ്യമുള്ളതുമായ ഫയലുകള്‍ ഒഴികെ ബാക്കിയെല്ലാറ്റിലും തീരുമാനമെടുക്കുന്നതിന് മൂന്ന് തട്ടിലുള്ള ഉദ്യോഗസ്ഥ സംവിധാനം മാത്രമേ ഉണ്ടാവുകയുള്ളു. ഇത് ഫയല്‍ തീര്‍പ്പാക്കുന്നതില്‍ വലിയ രീതിയിലുള്ള മാറ്റമുണ്ടാക്കുമെന്ന് മന്ത്രി വിശദീകരിച്ചു.

ഏകീകൃത വകുപ്പിന് റൂറല്‍, അര്‍ബന്‍, പ്ലാനിംഗ്, എഞ്ചിനീയറിംഗ് എന്നീ നാലു വിഭാഗങ്ങള്‍ ഉണ്ടായിരിക്കും. റൂറല്‍, അര്‍ബന്‍ വിഭാഗങ്ങളുടെ തലവന്മാര്‍ ഐ എ എസ് തസ്തികയിലുള്ള ഡയറക്ടര്‍മാരാണ്. പ്ലാനിംഗ് വിഭാഗത്തിന്റെ തലവന്‍ ചീഫ് ടൗണ്‍ പ്ലാനറും എഞ്ചിനിയറിംഗ് വിഭാഗത്തിന്റെ തലവന്‍ ചീഫ് എഞ്ചിനീയറുമായിരിക്കും. എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ പേരിലും മാറ്റമുണ്ടാകും. ലോക്കല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്‌മെന്റ് എഞ്ചിനീയറിംഗ് എന്നാണ് ഇനി ആ വിഭാഗം അറിയപ്പെടുക.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മെച്ചപ്പെട്ട പ്രവര്‍ത്തനത്തിന് സഹായകരമായി നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള പബ്ലിക് ഹെല്‍ത്ത് ആന്റ് എന്‍വയണ്‍മെന്റ് മാനേജ്മെന്റ്, കമ്മ്യൂണിക്കേഷന്‍, എംപവര്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് എന്നീ ഉപവിഭാഗങ്ങളും ഉണ്ടാവും. ചരിത്രപരമായ വകുപ്പ് ഏകീകരണത്തിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

15-Feb-2022