നടന്‍ കോട്ടയം പ്രദീപ് അന്തരിച്ചു

പ്രശസ്ത സിനിമാ-സീരിയല്‍ നടന്‍ കോട്ടയം പ്രദീപ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയത്ത് വച്ചായിരിന്നു അന്ത്യം. 61 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ശാരീരിക അസ്വസ്തതകളെ തുടര്‍ന്ന് പ്രദീപിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നാല് മണിയോടെ മരണം സംഭവിക്കുകയായിരിന്നു.

ഐ. വി. ശശി സംവിധാനം ചെയ്ത ഈ നാട് ഇന്നലെ വരെ എന്ന ചിത്രത്തിലൂടെയായിരുന്നു പ്രദീപിന്റെ സിനിമാ അരങ്ങേറ്റം. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലായി എഴുപതോളം ചിത്രങ്ങളില്‍ വേഷമിട്ടു. കൂടുതലും ഹാസ്യ കഥാപത്രങ്ങളായിരുന്നു പ്രദീപ് ചെയ്തിരുന്നത്. തട്ടത്തിന്‍ മറയത്തിലെ പൊലീസ് ഉദ്യോഗസ്ഥന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കുഞ്ഞിരാമായണം, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, വടക്കന്‍ സെല്‍ഫി, അമര്‍ അക്ബര്‍ അന്തോണി, അടി കപ്യാരെ കൂട്ടമണി തുടങ്ങിയവയാണ് പ്രശസ്ത സിനിമകള്‍. ആസിഫ് അലി നായകനായി എത്തിയ കുഞ്ഞെല്‍ദോയാണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം. വിജയിയുടെ സൂപ്പര്‍ ഹിറ്റ് ചിത്രം തെരിയിലും പ്രദീപിന്റെ സാന്നിധ്യമുണ്ടായിരുന്നു.

17-Feb-2022