സംസ്ഥാനത്ത് ഇന്ധന വില ശരവേഗത്തില്‍ കുതിക്കുന്നു. കഴിഞ്ഞ ഏഴ് ദിവസം കൊണ്ട് പെട്രോളിന് 1.73 രൂപയും ഡീസലിന് 1.83 രൂപയുമാണ് വര്‍ധിച്ചത്. ഇന്ന് പെട്രോളിന് 33 പൈസയും ഡീസലിന് 27 പൈസയും വര്‍ധിപ്പിച്ചു.
തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 80.35 രൂപയും ഡീസലിന് 73.34 രൂപയുമാണ് വില. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കൂടിയെന്നാണ് വിലവര്‍ധനവിന് കാരണമായി എണ്ണക്കമ്പനികള്‍ പറയുന്നത്. എന്നാല്‍, ക്രൂഡ് ഓയില്‍ വിലകുറഞ്ഞ സമയത്തൊന്നും ഇന്ധന വില കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്‍കൈയെടുത്തിരുന്നില്ല.
ഇറാനെതിരേയുള്ള അമേരിക്കന്‍ ഉപരോധം പുനസ്ഥാപിച്ചതാണ് ആഗോള വിപണിയില്‍ ഇന്ധന വില കൂടാനുള്ള കാരണം. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ഇറാനില്‍ നിന്നാണ് എണ്ണ ഇറക്കുമതി ചെയ്യുന്നത്. ഒപ്പം രൂപയുടെ മൂല്യം ഡോളറിനെതിരേ 68.1 രൂപയായി ഇടിഞ്ഞു.രൂപ ഇടിവിലൂടെ ഇറക്കുമതി ചിലവ് കൂടിയതും വിലവര്‍ധനയ്ക്ക് കാരണമായി.
കര്‍ണ്ണാടക തിരഞ്ഞെടുപ്പ് സമയത്ത് ജനവികാരം എതിരാകാതിരിക്കാന്‍ വേണ്ടി 20 ദിവസം ഇന്ധനവിലയില്‍ മാറ്റമില്ലാതെ പിടിച്ചു നിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായതായിരുന്നു. തെരഞ്ഞെടുപ്പ് വേളയില്‍ പ്രതിദിന വില നിര്‍ണ്ണയം നടപ്പാക്കുന്നതില്‍ നിന്ന എണ്ണ കമ്പനികളെ പിന്തിരിപ്പിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു.
ആഗോള വിപണിയില്‍ എണ്ണ വില വര്‍ധിച്ചിട്ടും എണ്ണ കമ്പനികളില്‍ സമ്മര്‍ദ്ദം ചെലുത്തി ആഭ്യന്തര വിപണിയില്‍ എണ്ണ വില വര്‍ധിപ്പിക്കാതിരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സാധിക്കുമെന്നുള്ളതുകൊണ്ടാണ് 20 ദിവസവും വില വര്‍ധിപ്പിക്കാതിരുന്നത്. എന്നാല്‍, കര്‍ണാടക തിരഞ്ഞെടുപ്പിന് ശേഷം ബി ജെ പിക്ക് നേരിടേണ്ടി വന്ന പരാജയത്തിന്റെ വിങ്ങല്‍ രാജ്യത്തെ ജനങ്ങളുടെ നേര്‍ക്ക് അഴിച്ചുവിട്ടുകൊണ്ടാണ് കണ്ടമാനം വില വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എണ്ണ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. എണ്മവില വരും ദിവസങ്ങളില്‍ കുതിച്ചുകയറും എന്ന് തന്നെയാണ് ബിജെപി വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്.