ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പ് യാഥാര്‍ത്ഥ്യമാവുന്നു

നാല് വര്‍ഷത്തോളമായി നടന്നുവന്ന അതിസങ്കീര്‍ണമായ പ്രക്രിയയുടെ ഒടുവില്‍ ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പ് യാഥാര്‍ത്ഥ്യമാവുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താനും ജനങ്ങള്‍ക്ക് കൂടുതല്‍ വേഗത്തില്‍ വകുപ്പിന്റെ സേവനങ്ങള്‍ ലഭ്യമാക്കാനും ഉതകുന്ന വിധത്തിലുള്ള ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പിന്റെ പ്രഖ്യാപനം ഫെബ്രുവരി 19, ശനിയാഴ്ച, വൈകു. 3മണിക്ക്, കോവളം വെള്ളാറിലെ കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മുഖ്യാതിഥികളായി വിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി, ഭക്ഷ്യ, സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു എന്നിവര്‍ പങ്കെടുക്കും.

പഞ്ചായത്ത് രാജ് സംവിധാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ബല്‍വന്ത് റായ് മേത്തയുടെ ജന്‍മദിനമായ ഫെബ്രുവരി 19ന് സംഘടിപ്പിക്കുന്ന തദ്ദേശ സ്വയംഭരണ ദിനാഘോഷത്തിന്റെ വേദിയില്‍ വെച്ചാണ് ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പിന്റെ പ്രഖ്യാപനം നടത്തുന്നത്. തദ്ദേശ സ്വയംഭരണ ദിനാഘോഷത്തിന്റെ ഭാഗമായി പ്രതിനിധി സമ്മേളനം സംഘടിപ്പിക്കുന്നുണ്ട്. വകുപ്പ് സംയോജനത്തിന് മുമ്പ് കഴിഞ്ഞ വര്‍ഷങ്ങളില്‍ പഞ്ചായത്ത് ദിനാഘോഷവും മുനിസിപ്പല്‍ ദിനാഘോഷവുമൊക്കെ നടത്തിയിരുന്നു. വകുപ്പ് സംയോജനം യാഥാര്‍ത്ഥ്യമാകുന്ന സാഹചര്യത്തില്‍ ഇനിമുതല്‍ തദ്ദേശ സ്വയംഭരണ ദിനാഘോഷമാണ് സംഘടിപ്പിക്കുക. തദ്ദേശ സ്വയംഭരണ ദിനാഘോഷം ഗ്രാമ-നഗര സംവിധാനങ്ങള്‍ ഒന്നിച്ച് നടത്തുന്നതിനാല്‍ ത്രിതല പഞ്ചായത്ത് അസോസിയേഷനുകളെ കൂടാതെ മുനിസിപ്പല്‍ ചെയര്‍മെന്‍, മേയര്‍ അസോസിയേഷനുകളും സംഘാടകസമിതിയുടെ ഭാഗമായിട്ടുണ്ട്.

മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള സ്വരാജ് ട്രോഫി വിതരണവും മഹാത്മാ തൊഴിലുറപ്പ് പദ്ധതിയിലും മഹാത്മാ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിലും മികച്ച പ്രകടനം കാഴ്ചവെച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള പുരസ്‌കാര വിതരണവും തദ്ദേശ സ്വയംഭരണ ദിനാഘോഷത്തില്‍ നടത്തും. പഞ്ചായത്ത് സംവിധാനത്തിന് നല്‍കിയിരുന്ന സ്വരാജ് ട്രോഫി മുനിസിപ്പല്‍ കോര്‍പ്പറേഷനും ഈ വര്‍ഷം മുതല്‍ നല്‍കുകയാണ്. തൊഴിലുറപ്പ് മേഖലയില്‍ ഏര്‍പ്പെടുത്തിയ മഹാത്മാ പുരസ്‌കാരം നഗരമേഖലയിലും ഏര്‍പ്പെടുത്തുകയാണ്.

സംയോജിത തദ്ദേശ സ്വയംഭരണ സര്‍വ്വീസ്, നവകേരള കര്‍മ്മ പരിപാടി എന്നീ വിഷയങ്ങളെ ആസ്പദമാക്കി സെമിനാറുകളും തദ്ദേശ സ്വയംഭരണ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. ഫെബ്രുവരി 18ന് വിവിധ വിഷയങ്ങളെ ആസ്പദമാക്കി ഓണ്‍ലൈന്‍ സെമിനാറുകള്‍ സംഘടിപ്പിക്കും. ജനകീയാസൂത്രണത്തിന്റെ 25 വര്‍ഷം പുതുതലമുറ വെല്ലുവിളികളും സാധ്യതകളും, അതിദാരിദ്ര്യ നിര്‍ണ്ണയ പ്രക്രിയയില്‍ നിന്നും സമാനതകളില്ലാത്ത ദാരിദ്ര്യ ലഘൂകരണ പ്രക്രിയയിലേക്ക്, വാതില്‍പ്പടി സേവനം സാധ്യതകള്‍ എന്നിവയാണ് സെമിനാര്‍ വിഷയങ്ങള്‍. തിരുവനന്തപുരം ജില്ല ഒഴികെയുള്ള ജില്ലകളില്‍ ഫെബ്രുവരി 19ന് ജില്ലാ തലത്തിലും ബ്ലോക്ക് തലത്തിലും സെമിനാറുകളും ചര്‍ച്ചയും സംഘടിപ്പിക്കും. ജില്ലാ തല ജേതാക്കള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ജില്ലാതല ആഘോഷ പരിപാടിയില്‍ വിതരണം ചെയ്യും. തിരുവനന്തപുരം ജില്ലയിലെ പുരസ്‌കാരവിതരണം സംസ്ഥാനതല ഉദ്ഘാടന വേദിയില്‍ വെച്ചാണ് നല്‍കുക.

വകുപ്പ് ഏകീകരണത്തിന്റെ ഭാഗമായി സമാനതകളില്ലാത്ത പ്രവര്‍ത്തനമാണ് നടത്തിയത്. അഞ്ച് വകുപ്പുകളിലുള്ള മുപ്പതിനായിരത്തിലേറെ വരുന്ന ജീവനക്കാരെ ഏകീകരിച്ചാണ് ഏകീകൃത വകുപ്പ് നിലവില്‍ വരുന്നത്. പ്രാദേശിക വികസന കാര്യങ്ങളിലും ആസൂത്രണത്തിലും ദുന്തനിവാരണം, മാലിന്യ സംസ്‌കരണം തുടങ്ങിയ കാര്യങ്ങളിലും യോജിച്ച് പ്രവര്‍ത്തിക്കേണ്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ നിലവില്‍ വ്യത്യസ്ത വകുപ്പുകളിലായി പരസ്പര ബന്ധമില്ലാതെയിരിക്കുന്ന അവസ്ഥയ്ക്ക് വകുപ്പ് ഏകീകരണത്തോടെ വിരാമമാവുകയാണ്. ജീവനക്കാര്‍ പൊതുസര്‍വ്വീസിന്റെ ഭാഗമാകുന്നതോടെ ത്രിതല പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും ഇടയില്‍ ഉണ്ടാവേണ്ട സഹകരണം സ്വാഭാവികമായും യാഥാര്‍ത്ഥ്യമാകും. കാലോചിതമായ മാറ്റത്തിലൂടെ ഭരണ സംവിധാനത്തിന്റെ കാര്യക്ഷമതയും പ്രവര്‍ത്തനവേഗവും വര്‍ധിക്കുമ്പോള്‍ ജനങ്ങള്‍ക്ക് ഇത് ഏറെ ഉപകാരപ്രദമാവും. പ്രാദേശിക ഭരണ നിര്‍വ്വഹണത്തിലും വികസന ഭരണത്തിലും സര്‍ക്കാരിന്റെ പൊതുകാഴ്ചപ്പാട് അനുസരിച്ച് ഗുണപരമായ മാറ്റം ഉണ്ടാക്കുവാനും നയപരമായ നേതൃത്വം ഉറപ്പാക്കാനും സാധിക്കും.

ആസൂത്രണ പദ്ധതികള്‍ തയ്യാറാക്കി ഊര്‍ജ്ജിതമായി നടപ്പിലാക്കാന്‍ വിവിധ തട്ടുകളില്‍ പ്രവര്‍ത്തിക്കുന്ന തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ തമ്മിലുള്ള ഏകോപനം വഴി സാധിക്കും. ആസൂത്രണ പ്രക്രിയയും വിവിധ സേവന പ്രദാന പ്രവര്‍ത്തനങ്ങളും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നിയമപരവും അനിവാര്യവുമായ ഉത്തരവാദിത്തങ്ങളും ഏകീകൃതസ്വഭാവത്തോടെയും നിലവാരമുള്ള പ്രവര്‍ത്തന മികവോടെയും നടപ്പിലാക്കുന്നു എന്ന് ഉറപ്പുവരുത്താന്‍ ഏകീകൃത വകുപ്പ് രൂപീകരണത്തോടെ സാധിക്കും. വിവിധ കേന്ദ്രാവിഷ്‌കൃത- സംസ്ഥാനാവിഷ്‌കൃത പദ്ധതികള്‍ പ്രാദേശിക പദ്ധതികളുമായി സംയോജിപ്പിച്ച് സമഗ്ര വികസന പദ്ധതികളാക്കി മാറ്റി വികസന നേട്ടങ്ങള്‍ ഉയര്‍ത്താനും ഏകോപനം സഹായിക്കും.

ഏകീകൃത വകുപ്പ് രൂപീകരണത്തോടെ സംസ്ഥാനതലത്തില്‍ പൊതുവായ ഒരു വകുപ്പ് അധ്യക്ഷനും ജില്ലാതലത്തില്‍ ഒരു മേധാവിയും നിലവില്‍വരും. ഇതോടെ ജില്ലാ ആസൂത്രണ സമിതിയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാവും. തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഭാഗമായ സാങ്കേതിക വിഭാഗം ജീവനക്കാരായ എഞ്ചിനീയറിംഗ്, നഗര-ഗ്രാമാസൂത്രണം, പൊതുജനാരോഗ്യം എന്നീ മേഖലകളിലെ ഉദ്യോഗസ്ഥരുടെ സേവനം തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കും ആസൂത്രണ സമിതികള്‍ക്കും മെച്ചപ്പെട്ട നിലയില്‍ ഉറപ്പാക്കാനാവും. വിവിധ തട്ടുകളിലുള്ള തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടേയും മറ്റ് ജീവനക്കാരുടേയും ഭരണപരമായ മേല്‍നോട്ടം നിലവില്‍ തദ്ദേശസ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകള്‍ക്കാണ്. പ്രവര്‍ത്തന ഏകോപനത്തിന് ഇത് തടസ്സമാണ്. ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പ് യാഥാര്‍ത്ഥ്യമാകുന്നതിലൂടെ ഇപ്പോള്‍ നേരിടുന്ന ഏകോപനമില്ലായ്മയുടെ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണുവാനും അധികാര വികേന്ദ്രീകരണത്തെ ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോകാനും സാധിക്കും.

ആധുനിക നവസമൂഹ സൃഷ്ടിക്കായും വിജ്ഞാന സമ്പത്ത് വ്യവസ്ഥയായി കേരളത്തെ മാറ്റാനുമുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ സമാനതകളില്ലാത്ത മുന്നേറ്റ ം കാഴ്ചവയ്ക്കുകയാണ്. ജനങ്ങളുമായി നേരിട്ട് ഇടപെടുന്ന പ്രാദേശിക സര്‍ക്കാരുകള്‍ എന്ന നിലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഈ മുന്നേറ്റത്തില്‍ സുപ്രധാനമായ പങ്കാണ് വഹിക്കുവാനുള്ളത്. അതിന് സഹായകമാവുന്ന രീതിയിലുള്ള ഭരണപരിഷ്‌കാരമാണ് ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പ്.

ഇന്ന് നടന്ന പത്രസമ്മേളനത്തിൽ തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍, തദ്ദേശ സ്വയംഭരണവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, തദ്ദേശ സ്വയംഭരണവകുപ്പ് (റൂറല്‍) പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫ്, നഗരകാര്യ സെക്രട്ടറി ഡോ. ബിജു പ്രഭാകര്‍, ലോക്കല്‍ ഗവ. കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. സി പി വിനോദ്, തദ്ദേശ സ്വയംഭരണവകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ഡി ബാലമുരളി, തദ്ദേശ സ്വയംഭരണവകുപ്പ് (അര്‍ബന്‍) ഡയറക്ടര്‍ ഡോ. രേണുരാജ്, തദ്ദേശ സ്വയംഭരണവകുപ്പ് (റൂറല്‍) ഡയറക്ടര്‍ ഇന്‍ചാര്‍ജ്ജ് എം പി അജിത്കുമാര്‍, ചീഫ് ടൗണ്‍ പ്ലാനര്‍ പ്രമോദ് കുമാര്‍, ചീഫ് എന്‍ജിനീയര്‍ ലോക്കല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്‌മെന്റ് ആന്‍ഡ് എന്‍ജിനീയറിംഗ്കെ. ജോണ്‍സണ്‍ എന്നിവർ പങ്കെടുത്തു.

17-Feb-2022