ഗോഡ്‌സെയെ ഒരു ആദര്‍ശ പുരുഷനാക്കി മാറ്റാനുള്ള ശ്രമങ്ങൾക്ക്പിന്നിൽ വിപുലമായ രാഷ്ട്രീയം: സുനിൽ പി ഇളയിടം
അഡ്മിൻ
ഗോഡ്‌സെയെ ആദര്‍ശ പുരുഷനാക്കി മാറ്റുന്നതിന് പിന്നില്‍ വിപുലമായ രാഷ്ട്രീയമുണ്ടെന്ന് സുനിൽ പി ഇളയിടം. ദേശീയതയില്‍ ഭിന്ന രൂപങ്ങളുണ്ട്. അതില്‍ ഒന്ന് ഗാന്ധിജിയിലൂടെയും മറ്റൊന്ന് ഗോഡ്‌സയിലൂടെയും പ്രകടമായി എന്നും അദ്ദേഹം കൈരളി ന്യൂസിനോട് പറഞ്ഞു.
സുനിൽ പി ഇളയിടത്തിന്‍റെ വാക്കുകള്‍: ഗോഡ്‌സെയെ ഒരു ആദര്‍ശ പുരുഷനാക്കി മാറ്റാനും ഗ്ലോറിഫൈ ചെയ്യാനുമുള്ള ശ്രമങ്ങൾക്കുപിന്നിൽ വാസ്തവത്തിൽ വിപുലമായൊരു രാഷ്ട്രീയമുണ്ട്. അത് ഇന്ത്യയെ സംബന്ധിക്കുന്ന ഒരു കാഴ്ചപ്പാടിന്റെ അവതരണം കൂടിയാണ്.
ഇന്നിപ്പോൾ ഹിന്ദുത്വ ശക്തികൾ ഉയർത്തിക്കൊണ്ടുവരുന്ന ഒരു വീക്ഷണം ഗാന്ധിജിയുടെ നേതൃത്വത്തിലുയർന്നുവന്ന ഇന്ത്യയിലെ ദേശീയ പ്രസ്ഥാനം ദേശീയതയെ സംബന്ധിച്ച ഒരു കാഴ്ചപ്പാടിന്റെ അവതരണമായിരുന്നെന്നാണ്.
അതിന്റെ മറുപുറത്തുള്ള മറ്റൊന്ന് ആ കാഴ്ചപ്പാടിന്റെ പ്രതിനിധിയായിരുന്നു ഗോഡ്‌സെ എന്നുമാണ്. ആ കാഴ്ചപ്പാടിന്റെ അവതാരകനായി അവർ കാണുന്നത് സവർക്കറെയാണ്. അതൊരു ഹിന്ദു രാഷ്ട്രമെന്ന സങ്കൽപ്പമാണ്. ദേശീയതയുടെ ഭിന്ന രൂപങ്ങളുണ്ടായിരുന്നു. അതിൽ ഒരു ദേശീയതാ ഭാവന ഗാന്ധിജിയിലൂടെ പ്രകടമായി. മറ്റൊരു ദേശീയത സങ്കൽപ്പം സവർക്കറിലൂടെ പ്രകടമായി.
കർഷകരും തൊഴിലാളികളും സാധാരണ മനുഷ്യരും ഉൾപ്പെടുന്ന ജനകീയവും മതനിരപേക്ഷവുമായ ഒരു സാമൂഹികാടിസ്ഥാനത്തിലേക്ക് ദേശീയ പ്രസ്ഥാനം വഴിതിരിയുന്നത് ഇരുപതുകളോടെയാണ്. ആ വഴിതിരിയലാണ് ഹിന്ദുത്വത്തെ രാഷ്ട്രീയമായി പുറകോട്ട് നീക്കിയതും. അതിനെ മറികടക്കാൻവേണ്ടി അവർ നടത്തിയ ശ്രമങ്ങൾ ഹിന്ദുത്വത്തിലൂന്നി നിന്നുകൊണ്ട് ഇന്ത്യയിലെ മുസ്ലിങ്ങളെയും ഹിന്ദുക്കളെയും തമ്മിൽ വിഭജിക്കുക തുടങ്ങിയ തന്ത്രങ്ങളിലാണ് ഹൈന്ദവ വർഗീയ വാദം ഏർപ്പെട്ടത്.