യുദ്ധ ഭീതിക്കിടെ ഉക്രേനിൽ വൻ സ്ഫോടനം. റഷ്യൻ പിന്തുണയുളള വിമതർ ഭരിക്കുന്ന ഉക്രേനിയൻ നഗരമായ ഡൊണെറ്റ്‌സ്‌ക് നഗരത്തിൽ ആണ് വൻ സ്‌ഫോടനം ഉണ്ടായത്. കിഴക്കൻ ഉക്രെയിനിലെ നഗരമാണ് ഡൊണെറ്റ്‌സ്‌ക്. നഗരഭരണ കേന്ദ്രമായ കെട്ടിടത്തിന് മുന്നിൽവച്ചാണ് വാഹനം ഉഗ്രശബ്‌ദത്തിൽ പൊട്ടിത്തെറിച്ചത്.
സംഭവം നടന്നയുടൻ പ്രചരിച്ച വീഡിയോയിൽ വാഹനം കത്തിയമരുന്നത് കാണാം. നഗരത്തിലെ പൊലീസ് മേധാവിയുടെ ജീപ്പാണ് സ്‌ഫോടനത്തിൽ തകർന്നത്.അതേസമയം ഉക്രെയിനെതിരെ സൈനിക നടപടി ന്യായീകരിക്കാൻ റഷ്യ നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് അമേരിക്കയടക്കം മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഇത്തരത്തിൽ പൊട്ടിത്തെറിയുണ്ടായത്. വിമതരുടെ നേതാവ് ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ട് മണിക്കൂറുകൾക്കകമാണ് സ്‌ഫോടനം ഉണ്ടായത് എന്നതും ശ്രദ്ധേയമാണ്.
എന്നാൽ ഉക്രെയിനിയൻ സൈന്യത്തിന്റെ ആക്രമണഭീഷണി പട്ടണത്തിലുളളതുകൊണ്ടാണ് ജനങ്ങളോട് ഒഴിയാൻ ആവശ്യപ്പെട്ടതെന്ന് വിമത നേതാവ് ഡെനിസ് പുഷിലിൻ പറഞ്ഞു. അതേസമയം സർക്കാർ ഈ ആരോപണങ്ങളെ തളളി. വിമത പ്രദേശങ്ങളിൽ നിന്ന് തങ്ങളുടെ അധീനതയിലുളള ഭാഗങ്ങളിലേക്ക് വെളളിയാഴ്‌ച കനത്ത ഷെൽ ആക്രമണമാണ് നടന്നത്. എന്നാൽ തങ്ങൾ ക്ഷമയോടെ ഇരിക്കുകയാണ് ചെയ്‌തതെന്നും ആക്രമിച്ചിട്ടില്ലെന്നും ഉക്രെയിൻ സർക്കാർ പ്രതികരിച്ചു.