അശരണരായ സഹകാരികള്‍ക്ക് ആശ്വാസ നിധി പദ്ധതി നടപ്പിലാക്കും: മന്ത്രി വി.എന്‍. വാസവന്
അഡ്മിൻ
അശരണരായ സഹകാരികള്‍ക്ക് ആശ്വാസ നിധി പദ്ധതി നടപ്പിലാക്കുമെന്ന് സഹകരണ മന്ത്രി വി. എന്‍. വാസവന്.ചികിത്സയ്ക്കും രോഗ ശുശ്രൂഷയ്ക്കും പരമാവധി 50,000 രൂപ വരെ സഹായധനമായി നല്കുന്ന പദ്ധതിക്കാണ് തുടക്കം കുറിക്കുന്നത്. അശരണരും ആലംബഹീനരുമായ സഹകാരികള്‍,അവരുടെ ആശ്രിതര്‍ എന്നിവര്‍ക്ക് ഈ പദ്ധതി വഴി സഹായം ലഭിക്കും. ജീവിതകാലം മുഴുവന്‍ സഹകരണ മേഖലയുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയും വാര്‍ദ്ധക്യ കാലത്ത് വരുമാനമില്ലാതെ അവശരാകുകയും ചെയ്തവരെ പരിഗണിക്കുകയാണ് സഹകരണ വകുപ്പ്.
മൂന്ന് ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കായിരിക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. അപേക്ഷ നല്കിയാല് കാലതാമസമില്ലാതെ സഹായം അനുവദിക്കുന്നതിനുള്ള വ്യവസ്ഥയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സഹകരണ മേഖലയില്‍ താലൂക്ക്, ജില്ലാ, സംസ്ഥാന തലങ്ങളില്‍ വളരെക്കാലം പ്രവര്‍ത്തിക്കുകയും സഹകരണ മേഖലയുടെ പുരോഗതിക്കായി പ്രയത്നിക്കുകയും ചെയ്തവര്‍ക്കാണ് ആശ്വാസ നിധിയില്‍ നിന്ന് സഹായം ലഭിക്കുക.
നിര്‍ദ്ദിഷ്ട ഫോറത്തില്‍ തയ്യാറാക്കിയ അപേക്ഷ സ്ഥിരമായി താമസിക്കുന്ന പരിധിയിലുള്ള അസിസ്റ്റന്റ് രജിസ്ട്രാര്‍/സര്‍ക്കിള്‍ യൂണിയന് സെക്രട്ടറിക്കാണ് നല്‍കേണ്ടത്. ആവശ്യമായ സാക്ഷ്യപത്രങ്ങളും അപേക്ഷയോടൊപ്പം ചേര്‍ക്കണം. ഈ അപേക്ഷ ലഭിച്ച് 15 ദിവസത്തിനകം വിശദമായ പരിശോധന നടത്തി ജോയിന്റ് രജിസ്ട്രാര്‍ മുഖാന്തിരം സഹകരണ സംഘം രജിസ്ട്രാര്‍ക്ക് നല്‍കണം. രജിസ്ട്രാറാണ് സംസ്ഥാന തല സമിതിയുടെ അംഗീകാരം തേടാനായി അപേക്ഷ സമര്‍പ്പിക്കേണ്ടത്. സഹകരണ വകുപ്പ് മന്ത്രിയായിരിക്കും സംസ്ഥാന തല സമിതിയുടെ ചെയര്മാന്.