പൊതു രംഗത്ത് അഴിമതി വച്ചു പൊറുപ്പിക്കില്ല; ജനങ്ങളാണ് യജമാനന്മാര്‍: മുഖ്യമന്ത്രി

വ്യവസായികളോട് ശത്രുതാ മനോഭാവം പാടില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. ചില ഉദ്യോഗസ്ഥര്‍ വ്യവസായികളെ ചൂഷണം ചെയ്യുന്നുണ്ടെന്നും ഇത്തരക്കാരെ കാത്തിരിക്കുന്നത് ജയിലാണെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.

പൊതു രംഗത്ത് അഴിമതി വച്ചു പൊറുപ്പിക്കില്ല. ജനങ്ങളാണ് യജമാനന്മാര്‍ എന്നും മുഖ്യമന്ത്ര വ്യക്തമാക്കി. ഏകീകൃത തദ്ദേശ ഭരണവകുപ്പിന്റെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്ത് ഒരു പഞ്ചായത്തിലോ മുന്‍സിപ്പാലിറ്റിയിലോ വലിയ പദ്ധതി വരുമ്പോള്‍ ആകെ നിക്ഷേപത്തിന്റെ ഒരു ഭാഗം തങ്ങളുടെ കീശയിലാക്കാന്‍ നോക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് മുഖ്യമന്ത്രി രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചത്.

ഏതൊരാള്‍ക്കും ഇവിടെ വന്ന് വ്യവസായം തുടങ്ങാനാകും. കേരളം വ്യവസായ സൗഹൃദ സംസ്ഥാനമാണ്. ചെറുകിടയായാലും വന്‍കിടയായാലും വ്യവസായികള്‍ ചെയ്യുന്നത് വലിയ സേവനമാണ്. കാരണം അവര്‍ നിരവധി ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

19-Feb-2022