പേഴ്‌സണൽ സ്റ്റാഫ് പെൻഷനിൽ പിന്നോട്ടില്ല: കോടിയേരി ബാലകൃഷ്ണൻ

മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും കൂടിക്കാഴ്ച നടത്തിയത് സ്വാഭാവിക നടപടി മാത്രമാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഗവർണർ സ്വീകരിച്ച നടപടി അദ്ദേഹം തന്നെ തിരുത്തിയെന്നും കോടിയേരി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

പാർട്ടി ഇടപെടേണ്ട സ്ഥിതി നിലവിലുണ്ടായിട്ടില്ല. ഗവർണർക്ക് സർക്കാർ വഴങ്ങി എന്നത് മാധ്യമ വ്യാഖ്യാനം മാത്രമാണെന്നും അങ്ങനെയുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഗവർണർമാരെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ പലതും ചെയ്യുന്നുണ്ട്. അത്തരത്തിലുള്ള ഇടപെടൽ വരുമ്പോൾ അതിനെ ശക്തമായി പ്രതിരോധിക്കും. ഇപ്പോഴത്തെ പ്രശ്നം കെട്ടടങ്ങിയിട്ടുണ്ടെന്നും കോടിയേരി വ്യക്തമാക്കി.

പേഴ്‌സണൽ സ്റ്റാഫ് പെൻഷൻ സംബന്ധിച്ച് തീരുമാനത്തിൽ നിന്നും പിന്നോട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി. 1984 മുതൽ പേഴ്‌സണൽ സ്റ്റാഫിന് പെൻഷൻ നൽകുന്നുണ്ട്. മാറി മാറി വന്ന എല്ലാ ഗവൺമെന്റുകളും അംഗീകരിച്ചതാണിത്. 5 വർഷത്തേക്കാണ് പേഴ്‌സണൽ സ്റ്റാഫിന് നിയമനം. അത് 2 വർഷം കൂടുമ്പോഴാണെന്നത് തെറ്റായ വിവരമാണ്. ഇപ്പോഴാകാം ഗവർണർക്ക് പേഴ്‌സണൽ സ്റ്റാഫ് പെൻഷൻ സംബന്ധിച്ച് വിവരം ലഭിച്ചത്. കാര്യങ്ങൾ മനസിലാക്കാനാണ് ഗവർണർ ചോദിച്ചതെങ്കിൽ അതിൽ തെറ്റില്ലെന്നും ഇക്കാര്യത്തിൽ തീരുമാനത്തിൽ മാറ്റം വരുത്താൻ പോകുന്നില്ലെന്നും കോടിയേരി വിശദീകരിച്ചു.

കാര്യങ്ങൾ നടത്തി കൊണ്ടുപോകാൻ പേഴ്‌സണൽ സ്റ്റാഫ് വേണം. അതുകൊണ്ടാണ് നഗര സഭാ ചെയർ പേഴ്‌സൺ മാർക്കും പിഎമാരെ നൽകുന്നത്. ഗവർണർ തെറ്റായ കാര്യങ്ങൾ പറയുമ്പോൾ അതിനെ സിപിഎം എതിർത്തിട്ടുണ്ട്. ആ നിലപാട് തുടർന്നുമുണ്ടാകും. ഇപ്പോൾ പ്രശ്‌നമില്ല. എന്നാൽ ഇനിയും പ്രശ്‌നമുണ്ടാകില്ലെന്ന് പറയാൻ കഴിയില്ലെന്നും കോടിയേരി പറഞ്ഞു.

21-Feb-2022