പാലായില്‍ നിന്ന് വെളുത്തപുക പൊങ്ങിയില്ല

പാല : കേരള കോണ്‍ഗ്രസിന്റെ പിന്തുണ ചെങ്ങന്നൂരില്‍ ഉണ്ടാവണമെന്നഭ്യര്‍ത്ഥിച്ച് യു ഡി എഫ് സംഘം പാലായിലെ കെ എം മാണിയുടെ വീട്ടിലേക്കെത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മുഖത്ത് നോക്കാതെയും ചെന്നിത്തല ഹസ്തദാനത്തിനായി നീട്ടിയ കൈ പരിഗണിക്കാതെയുമാണ് കെ എം മാണി മറ്റ് യു ഡി എഫ് നേതാക്കളെ സ്വീകരിച്ചത്. വിളിക്കാതെ വന്ന അതിഥിയെ പോലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാണിയുടെ വീട്ടിലേക്ക് കയറി. യു ഡി എഫിന് വേണ്ടി എന്ത് അപമാനവും സഹിക്കുമെന്ന നിലപാടിലായിരുന്നു ചെന്നിത്തലയെന്ന് അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. എന്നാല്‍, രമേശ് ചെന്നിത്തലയല്ല, ഉമ്മന്‍ചാണ്ടിയാണ് യു ഡി എഫിലെ നായകനെന്ന് വ്യക്തമാക്കുന്ന ഉമ്മന്‍ചാണ്ടിയുടെ ചടുല നീക്കങ്ങളാണ് പാലായില്‍ കണ്ടതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറഞ്ഞു.   

യു ഡി എഫ് സ്ഥാനാര്‍ഥി ഡി വിജയകുമാറിന് കെ എം മാണിയുടെ പിന്തുണ അനിവാര്യമെന്ന് യു ഡി എഫ് സംഘം നടത്തിയ കൂടിക്കാഴ്ചയില്‍ അഭിപ്രായപ്പെട്ടു. നിയമസഭയില്‍ വേറിട്ടിരിക്കാതെ യു ഡി എഫിലേക്ക് മാണി മടങ്ങിവരണമെന്നും അഭ്യര്‍ഥിച്ചു. ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് കേരള കോണ്‍ഗ്രസ് ആണെന്നും താന്‍ തനിച്ചല്ലെന്നും കെ എം മാണി വ്യക്തമാക്കി. തത്വത്തില്‍ രമേശ് ചെന്നിത്തലയെ അപമാനിച്ചു എന്നല്ലാതെ പാലായില്‍ നിന്ന് വെളുത്തപുകയൊന്നും പൊങ്ങിയില്ല.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പി.കെ. കുഞ്ഞാലിക്കുട്ടി എംപി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ എം.എം. ഹസന്‍ തുടങ്ങിയവരാണ് പാലായിലെത്തിയത്. പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണിയെയും ജോസ് കെ. മാണിയെയും കണ്ട് സംഘം ചര്‍ച്ച നടത്തി.

ചൊവ്വാഴ്ച 10.30ന് പാലായില്‍ ഉപസമിതി യോഗം കൂടുമെന്നും തീരുമാനം അതിലുണ്ടാകുമെന്നും കെ.എം. മാണി പിന്നീട് മാധ്യമങ്ങളെ അറിയിച്ചു.

കോട്ടയം ജില്ലാപഞ്ചായത്തില്‍ സിപിഐ എമ്മിനൊപ്പം കൈകോര്‍ത്ത കേരള കോണ്‍ഗ്രസ് നിലപാട് ഇപ്പോഴും തുടരുകയാണ്. ആ സമയത്ത് കെ എം മാണിയെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിശേഷിപ്പിച്ചത് അവസരവാദിയും രാഷ്ട്രീയവഞ്ചകനുമായാണ്. ആ രാഷ്ട്രീയ സാഹചര്യം നിലവിലുള്ള വേളയിലാണ് രമേശ് ചെന്നിത്തല പാലായിലെത്തിയത്. കോട്ടയത്തെ മാണിയുടെ നിലപാട് രാഷ്ട്രീയ വഞ്ചനയാണെന്ന് ഉമ്മന്‍ചാണ്ടിയും പറഞ്ഞിരുന്നു. യു ഡി എഫ് നേതാക്കളുടെ പ്രസ്താവനയ്ക്ക് ചുട്ട മറുപടി കൊടുത്ത മാണി, നിയമസഭയില്‍ സ്വന്തം അസ്ഥിത്വം ഉയര്‍ത്തിക്കാട്ടി യു ഡി എഫ് നിരയില്‍ നിന്നും മാറിയിരിക്കുകയും ചെയ്തു. ഇപ്പോഴും മാണി യു ഡി എഫിലില്ല. പാലായിലെ നാണംകെടല്‍ യു ഡി എഫിന് ഗുണകരമാവുമോ എന്നറിയാന്‍ കേരള കോണ്‍ഗ്രസിന്റെ ഉപസമിതി കഴിയും വരെ കാത്തിരിക്കണം.

ഇന്ന് രാത്രി സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ എല്‍ ഡി എഫ്  നേതൃത്വം കൈക്കൊള്ളുന്ന രാഷ്ട്രീയ അടവുനയത്തെ അനുസരിച്ചായിരിക്കും നാളത്തെ കെ എം മാണിയുടെ നിലപാടെന്നത് സുവ്യക്തമാണ്.  

21-May-2018