പഞ്ചാബ് തെരഞ്ഞെടുപ്പ്: പഞ്ചാബിൻറെ ചുമതലയുളള ഹരീഷ് ചൗധരിക്ക് ഏകോപനത്തിൽ വീഴ്ച പറ്റി

പഞ്ചാബിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കടുത്ത അതൃപ്തി അറിയിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്. നേതാക്കളുടെ തമ്മിലടി പ്രകടന പത്രിക പുറത്തിറക്കുന്നത് പോലും പ്രതിസന്ധിയിലാക്കിയെന്നാണ് വിലയിരുത്തൽ.

പഞ്ചാബിൻറെ ചുമതലയുളള ഹരീഷ് ചൗധരിക്ക് ഏകോപനത്തിൽ വീഴ്ച പറ്റിയെന്ന് ഹൈക്കമാൻഡ് വിലയിരുത്തി. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഏകോപനമില്ലെന്ന പരാതി വോട്ടെടുപ്പിന് ഒരാഴ്ച മുൻപേ ഹൈക്കമാൻഡിന് കിട്ടിയിരുന്നു.സംസ്ഥാന നേതൃത്വവും പഞ്ചാബിൻറെ ചുമതലയുള്ള ഹരീഷ് ചൗധരിയും തമ്മിലുള്ള പോര് പ്രചാരണത്തെയും ബാധിച്ചുവെന്നാണ് വിലയിരുത്തൽ.

മുഖ്യമന്ത്രി ചരൺ ജിത് സിംഗ് ചന്നി, പിസിസി അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദു തുടങ്ങിയ നേതാക്കളുടെ പ്രചാരണ പരിപാടികൾക്കൊന്നും കൃത്യമായ ഏകോപനമുണ്ടായില്ല. രാഹുൽ ഗാന്ധിയുടെ പ്രചാരണത്തിൽ നിന്ന് മനീഷ് തിവാരി അടക്കമുള്ള നേതാക്കൾ വിട്ടുനിന്നത് വലിയ ക്ഷീണമായി.

നേതാക്കളെ അനുനയിപ്പിക്കാനുള്ള നീക്കം സംസ്ഥാനത്തിൻറെ ചുമതലയുണ്ടായിരുന്ന ഹരീഷ് ചൗധരിയുടെ ഭാഗത്ത് നിന്നുണ്ടായില്ല. നിർണ്ണായക സമയത്ത് അശ്വിനി കുമാറിൻറെ രാജിയും തിരിച്ചടിയായെന്നാണ് വിലയിരുത്തൽ.

21-Feb-2022