ആർഎസ്എസിന്റെ ലക്ഷ്യം സമാധാന അന്തരീക്ഷം തകർക്കൽ: വിജയരാഘവൻ

കണ്ണൂരിലെ സിപിഎം പ്രവർത്തകൻ ഹരിദാസന്റെ കൊലപാതകം ആസൂത്രിതമെന്ന് എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ. കലാപമുണ്ടാക്കി സമാധാന അന്തരീക്ഷം തകർക്കുകയെന്ന ഗൂഢാലോചനയാണ് അക്രമണത്തിനു പിന്നിൽ. പതാകദിനമായ ഇന്നു തന്നെ ആർഎസ്എസ് ആക്രമണം നടത്തിയത് യാദ്യച്ഛികമല്ലെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി കോൺഗ്രസ് നടക്കുന്നതിന്റെ ഭാഗമായി കണ്ണൂർ ജില്ലയിൽ അതിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. അക്രമം സംഘടിപ്പിച്ചവരുടെ ലക്ഷ്യം കലാപമുണ്ടാക്കുകയാണ്. എല്ലാ സമാധാനകാംക്ഷികളും പ്രതിഷേധം രേഖപ്പെടുത്തേണ്ട സംഭവമാണിത്. എല്ലാ വിഭാഗം ജനങ്ങളും ഇത്തരം തെറ്റായ നീക്കങ്ങള്‍ക്കെതിരെ പ്രതിഷേധിക്കണമെന്നും വിജയരാഘവൻ പറഞ്ഞു.


ആർഎസ്എസ് ക്രൂരതയുടെ ഏറ്റവും വലിയ ഉദാഹരണമാണിത്. കുടുംബാംഗങ്ങളുടെ മുന്നില്‍ വച്ചാണ് ആക്രമണമെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. സംഘപരിവാറിനെ ഒറ്റപ്പെടുത്താന്‍ ഇനിയും കൂടുതല്‍ ആളുകള്‍ തയാറാകണമെന്ന് നമ്മളെ ബോധ്യപ്പെടുത്തുന്ന സംഭവമാണിത്. ആക്രമണത്തിനു പ്രത്യാക്രമണമെന്നത് പാര്‍ട്ടിയുടെ രീതിയല്ല. ശക്തമായി പ്രതിഷേധം രേഖപ്പെടുത്തുമ്പോഴും സമാധാനം നിലനിര്‍ത്തുകയെന്നതാണു പാര്‍ട്ടിയുടെയും മുന്നണിയുടെയും നിലപാടെന്നും അദ്ദേഹം പറഞ്ഞു.

21-Feb-2022