എം എം ഹസനെതിരെ വനിതാകമ്മീഷന് കേസെടുത്തു
അഡ്മിൻ
ചെങ്ങന്നൂര്‍ : കെപിസിസി അധ്യക്ഷന്‍ എം എം ഹസനെതിരെ വനിതാ കമ്മീഷന് കേസെടുത്തു. മുന്‍ എം എല്‍ എ ശോഭനാ ജോര്‍ജിനെക്കുറിച്ചുള്ള അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ക്കാണ് കേസ്. ന്യൂസ് 18 ചാനലിലെ അഭിമുഖത്തിനിടെ 1991ല്‍ ശോഭനാ ജോര്‍ജ് ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായതിനെക്കുറിച്ച് എം എം ഹസന് തെറ്റിദ്ധാരണാജനകവും അപകീര്‍ത്തിപരവുമായ ചില പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ദ്വയാര്‍ത്ഥം നിറഞ്ഞതും ദുഃസ്സൂചനയുള്ളതുമായ ഈ പരാമര്‍ശത്തില്‍ കേസെടുക്കണം എന്നാവശ്യപ്പെട്ട് ശോഭനാ ജോര്‍ജ് സംസ്ഥാന വനിതാ കമ്മീഷന് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് വനിതാ കമ്മീഷന് ഹസനെതിരെ കേസെടുത്തിരിക്കുന്നത്.
അതേസമയം ഹസന്റെ വിവാദ പരാമര്‍ശം പിന്‍വലിക്കണമെന്നും ഇല്ലെങ്കില്‍ 28 ന് തെരഞ്ഞെടുപ്പ് കഴിഞ്ഞ് താന്‍ മറുപടി പറയുമെന്നും ശോഭനാ ജോര്‍ജ്ജ് പ്രതികരിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് ഒന്നും പറയാന്‍ ഉദ്ദേശിക്കുന്നില്ല. ഹസന് ഉദ്ദേശിച്ചതു പോലെ 91 ലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ക്യാമറയ്ക്കു മുന്നില്‍ പറയാന്‍ കഴിയാത്ത എന്തെങ്കിലും കാര്യങ്ങള്‍ നടന്നോ എന്ന കാര്യം തനിക്കറിയില്ലെന്നും ശോഭന വ്യക്തമാക്കി.
1991ല്‍ സ്ഥാനാര്‍ഥിപട്ടികയില്‍ ഇടംപിടിച്ച ആളായിരുന്നു വിജയകുമാറെന്നും അവസാന നിമിഷം വിജയകുമാറിനെ വെട്ടി ശോഭന ജോര്‍ജിന് സ്ഥാനാര്‍ഥിത്വം നല്‍കിയെന്നും അതിന്റെ കാരണങ്ങള്‍ ക്യാമറയ്ക്കു മുന്നില്‍ പറയാനാകില്ലെന്നുമായിരുന്നു ഹസന്റെ പരാമര്‍ശം. 1991കാലത്ത് യൂത്ത് കോണ്‍ഗ്രസിന്റെ പതിമൂന്ന് ഭാരവാഹികളില്‍ ഒരാളായിരുന്നു താന്‍. ഏകവനിതാ ഭാരവാഹിയും താന്‍ ആയിരുന്നു. കോണ്‍ഗ്രസില്‍ ഹൈക്കമാന്‍ഡാണ് സ്ഥാനാര്‍ഥി നിര്‍ണയം നടത്തുന്നത്. അന്നത്തെ എ ഐ സി സി അധ്യക്ഷന്‍ രാജീവ് ഗാന്ധിയായിരുന്നു. അദ്ദേഹമാണ് സ്ഥാനാര്‍ഥിത്വം അംഗീകരിച്ചത്. രാജീവിനെ കൂടി അപമാനിക്കുന്ന വിധത്തിലുള്ള പരാമര്‍ശമാണ് ഹസന് നടത്തിയിരിക്കുന്നത്. മാന്യതയുണ്ടെങ്കില്‍ എന്താണ് കാര്യമെന്ന് വെളിപ്പെടുത്തണം അല്ലെങ്കില്‍ പരാമര്‍ശം പിന്‍വലിക്കണം. ഒരു വനിത എന്ന നിലയിലും പൊതുപ്രവര്‍ത്തക എന്ന നിലയിലും വിഷയവുമായി മുന്നോട്ടുപോകാനാണ് തന്റെ തീരുമാനം. ശോഭന നയം വ്യക്തമാക്കി.
അത്ര യോഗ്യനായിരുന്നുവെങ്കില്‍ 2006 ല്‍ വിജയകുമാറിനെ എന്തുകൊണ്ട് സ്ഥാനാര്‍ഥിയാക്കിയില്ല? എന്തിനാണ് വിഷ്ണുനാഥിനെ 2006 ല്‍ സ്ഥാനാര്‍ഥിയാക്കിയത് ? ആ കഥ ഹസന് ക്യാമറയ്ക്ക് മുന്നില്‍ നിന്നാണോ പിന്നില്‍ നിന്നാണോ പറയുക? ഓരോരുത്തരുടെയും സ്ഥാനാര്ഥിത്വത്തിനു പിന്നില്‍ കഥകളുണ്ടോ? ഉണ്ടെങ്കില്‍ അവര്‍ പറയട്ടെ. എനിക്കറിയാവുന്നത് ഞാനും പറയാം ശോഭന പറഞ്ഞു. ഹസന്റെ അഭിപ്രായത്തെ ആരും കോണ്‍ഗ്രസില്‍ പിന്തുണയ്ക്കുമെന്നു കരുതുന്നില്ലെന്നും വിഷയത്തില്‍ വനിത കമ്മീഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ശോഭന കൂട്ടിച്ചേര്‍ത്തു.
21-May-2018
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ