ഉക്രെയ്ൻ സാഹചര്യം ഗുരുതരമായി തുടരുന്നതിനിടെ നിർണ്ണായക നീക്കവുമായി പുടിൻ

ഉക്രെയ്ൻ വിഷയത്തിൽ ഒരു ചുവടുകൂടി മുന്നോട്ട് വച്ച് പുടിൻ.റഷ്യയ്ക്ക് പുറത്ത് സൈന്യത്തെ ഉപയോഗിക്കാൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിന് പാർലമെന്റ് അനുമതി നൽകി. പ്രസിഡന്റിന്റെ ആവശ്യത്തിൽ വോട്ടെടുപ്പ് നടത്തിയതിനു ശേഷമാണ് പാർലമെന്റിന്റെ തീരുമാനം. ഉ ക്രെയ്ൻ സാഹചര്യം അതീവഗുരുതരമായി തുടരുന്നതിനിടെയാണ് പുടിന്റെ നിർണായക നീക്കം.

ഐകകണ്‌ഠ്യേനയാണ് പാർലമെന്റ് അനുമതി നൽകിയത്.ആകെയുള്ള 153 റഷ്യൻ സെനറ്റർമാരും തീരുമാനത്തെ പിൻതാങ്ങി. തീരുമാനത്തെ എതിർത്ത് ഒരാൾ പോലും വോട്ടു ചെയ്തില്ലെന്നു മാത്രമല്ല ആരും വോട്ടിങ്ങിൽനിന്നു വിട്ടുനിന്നതുമില്ല.

കിഴക്കൻ ഉക്രെയ്‌നിലേക്ക് തൽക്കാലം സേനയെ അയയ്ക്കില്ലെന്നായിരുന്നു റഷ്യൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞിരുന്നത്.ഈ വാദഗതികളെ തള്ളിക്കൊണ്ടാണു ഫെഡറേഷൻ കൗൺസിലിനു മുൻപാകെ പുടിൻ സൈനിക വിന്യാസത്തിനുള്ള അനുമതി തേടിയത്. 'ചർച്ചകൾ പാരാജയപ്പെട്ടു. അക്രമത്തിന്റെയും രക്തച്ചൊരിച്ചിലിന്റെയും പാതയാണ് ഉക്രെയ്ൻ നേതൃത്വം സ്വീകരിച്ചിരിക്കുന്നത്'- ഉപപ്രതിരോധ മന്ത്രി നിക്കോളെ പാങ്കോ ഫെഡറേഷൻ കൗൺസിലിനിടെ പറഞ്ഞു. അവർ നമുക്കു മറ്റു വഴികളൊന്നും നൽകിയിട്ടില്ലെന്നും നിക്കോളെ പാങ്കോ പറഞ്ഞു.

23-Feb-2022