തൂത്തുക്കുടിയില്‍ പോലീസ് വെടിവെപ്പ് ആറ് പേര്‍ കൊല്ലപ്പെട്ടു

തൂത്തുക്കുടി: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ സ്‌റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിന് എതിരെ നടന്ന സമരത്തിനിടെയുണ്ടായ പോലീസ് വെടിവെപ്പില്‍ ആറുപേര്‍ മരിച്ചു. വെടിയേറ്റ അഞ്ചു പേരുടെ നില ഗുരുതരമാണ്.
നിരോധനാജ്ഞ ലംഘിച്ച് കമ്പനിയിലേക്ക് മാര്‍ച്ച് നടത്തിയവരും പോലീസും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. സമരക്കാര്‍ ഒരു പോലീസ് വാഹനവും നിരവധി സ്വകാര്യ വാഹനങ്ങളും തകര്‍ത്തു. പോലീസിനു നേരെ കല്ലേറുണ്ടായതോടെയാണ് വെടിവെക്കാന്‍ ഉത്തരവിട്ടത്. സംഘര്‍ഷത്തിനിടെ കളക്ട്രേറ്റിലേക്ക് അതിക്രമിച്ച് കയറിയ സമരക്കാര്‍ വാഹനങ്ങള്‍ക്ക് തീയിടുകയും ഓഫീസുകള്‍ക്ക് നേരെ കല്ലേറ് നടത്തുകയും ചെയ്തു. പ്രക്ഷോഭം ശക്തമായതോടെ 2000 ലേറെ പോലീസുകാരെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.

മേഖലയില്‍ അഞ്ചിലേറെ പേര്‍ ഒത്തുചേരരുതെന്നും പൊതു സമ്മേളനങ്ങളോ ജാഥകളോ നടത്താന്‍ പാടില്ലെന്നും 144 ാം വകുപ്പു പ്രകാരം ജില്ലാ കളക്ടര്‍ ഉത്തരവിറക്കിയിരുന്നു. അത് ലംഘിച്ച് നടത്തിയ പ്രകടനമാണ് പോലീസ് തടഞ്ഞത്. തുറമുഖ നഗരമായ തൂത്തുക്കുടിയില്‍ സ്‌റ്റെര്‍ലൈറ്റ് കോപ്പര്‍ യൂണിറ്റ് ഉണ്ടാക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കെതിരെ നടന്ന സമരം 100 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് പ്രക്ഷോഭം ശക്തമാക്കിയത്. 1996ലാണ് യൂണിറ്റ് തുറമുഖ നഗരമായ തൂത്തുക്കുടിയില്‍ പ്രവര്‍ത്തനം തുടങ്ങിയത്. ജനവാസ മേഖലയിലെ പ്ലാന്റിന്റെ രണ്ടാം ഘട്ട വികസനത്തിനെതിരെയാണ് ജനകീയ പ്രക്ഷോഭം തുടങ്ങിയത്. പ്ലാന്റ് ജലവും വായുവും മണ്ണും ഒരുപോലെ വിഷമയമാക്കുന്നുവെന്നാരോപിച്ചാണ് പ്രക്ഷോഭം തുടങ്ങിയത്.

കമ്പനിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍ പിഴയടച്ച് പ്രവര്‍ത്തനം തുടരാനാണ് ഉത്തരവിട്ടത്. രണ്ടാം ഘട്ടവികസനത്തിന് സര്‍ക്കാര്‍ അനുമതി കൂടി വന്നതോടെയാണ് പ്രക്ഷോഭം ശക്തമായത്. യൂണിറ്റ് പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്നും ഇതിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്നുമാണ് പ്രക്ഷോഭകരുടെ ആവശ്യം

22-May-2018