ഉക്രെയ്‌നെതിരെ ഔദ്യോഗികമായി യുദ്ധപ്രഖ്യാപനം നടത്തി റഷ്യ
അഡ്മിൻ
റഷ്യ ഉക്രെയ്‌നെതിരെ ഔദ്യോഗികമായി യുദ്ധപ്രഖ്യാപനം നടത്തി.ഇതേത്തുടർന്ന് യുക്രെയിൻ തലസ്ഥാനമായ കീവിൽ റഷ്യ ആക്രമണം തുടങ്ങിയെന്ന് വാർത്താഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. കീവിൽ സ്‌ഫോടനങ്ങൾ ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്.
ഖാർക്കീവിൽ യുക്രെയ്ൻ സൈന്യം റഷ്യൻ പോർവിമാനം വെടിവച്ചിട്ടതായും വിവരം വരുന്നുണ്ട്. ഉക്രെയ്ൻ സൈനികരോട് നടത്തിയ ആഹ്വാനത്തിൽ പ്രതിരോധത്തിന് മുതിരരുതെന്നും ആയുധം വച്ച് കീഴടങ്ങാനും പുടിൻ ആവശ്യപ്പെട്ടു. ഉക്രെയ്‌നിൽ സൈനിക നടപടി തുടങ്ങിയതായി റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിൻ ടെലിവിഷനിൽ പ്രഖ്യാപിച്ചു.
രക്തച്ചൊരിച്ചിൽ ഉണ്ടായാൽ ഉത്തരവാദിത്തം ഉക്രെയ്‌നും സഖ്യത്തിനുമെന്ന് പുടിൻ അറിയിച്ചു. അപകടകരമായ സാഹചര്യമെന്ന് ഇന്ത്യ പ്രതികരിച്ചു.. നയതന്ത്ര തലത്തിൽ പ്രശ്‌നത്തിന് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു. പുടിന്റെ നടപടി നീതീകരിക്കാനാവാത്തതാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.'നാറ്റോ വിപുലീകരണത്തിന് യുക്രെയ്‌നെ പങ്കാളിയാക്കുന്നത് അംഗീകരിക്കില്ല. യുക്രെയ്‌നിൽ സൈനിക നടപടി അനിവാര്യമാണ്. റഷ്യൻ നീക്കത്തിനെതിരെ ബാഹ്യ ശക്തികൾ ഇടപെട്ടാൽ പ്രത്യാഘാതം രൂക്ഷമായിരിക്കുമെന്നും പുടിൻ പറഞ്ഞു.
ഉക്രെയ്‌നിലെ ഡോൺബാസിലാണ് സൈനിക നടപടിക്ക് പുടിൻ ഉത്തരവിട്ടത്. ഇതിനിടെ, യുഎൻ രക്ഷാസമിതി അടിയന്തര യോഗം ചേർന്നു. സൈനിക നടപടികൾ നിർത്തിവയ്ക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ പുടിനോട് ആവശ്യപ്പെട്ടു.