ഉക്രൈനിൽ കേന്ദ്രത്തോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി

ഉക്രൈനിലെ സാഹചര്യം അവിടെയുള്ള മലയാളികളുടെ സുരക്ഷിതത്വത്തിന് ഭീഷണിയുയർത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലയാളികളുടെ സുരക്ഷാകാര്യത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിനു കത്തയച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

'കേരളത്തിൽ നിന്നുള്ള 2,320 വിദ്യാർത്ഥികൾ നിലവിൽ അവിടെയുണ്ട്. അതുകൊണ്ട്, അവരുടെ സുരക്ഷാകാര്യത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിനു കത്തയച്ചു. ഉക്രൈനിലുള്ള മലയാളി വിദ്യാർത്ഥികളെ എത്രയും പെട്ടെന്നു നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു,' മുഖ്യമന്ത്രി പറഞ്ഞു.

ഉക്രൈനിലെ മലയാളികളുടെ സുരക്ഷയ്ക്കായി സാധ്യമായ എല്ലാ നടപടികളും കൈക്കൊണ്ടു വരുന്നതായി നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണനും പ്രതികരിച്ചു. കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഉക്രൈനിലെ ഇന്ത്യൻ എംബസിയുമായും വിദേശകാര്യ മന്ത്രാലയവുമായും നിരന്തരം ബന്ധപ്പെട്ടുവരികയാണ്.

അമിത ആശങ്കയ്ക്ക് വഴിപ്പെടാതെ യുദ്ധ സാഹചര്യത്തിൽ ലഭിച്ചിട്ടുള്ള നിർദേശങ്ങൾ പാലിക്കാനാണ് എംബസി അറിയിച്ചിട്ടുള്ളത്. പുറത്തിറങ്ങുന്നത് ഒഴിവാക്കി ഇപ്പോഴുള്ള സ്ഥലങ്ങളിൽ തന്നെ തുടരാൻ നിർദ്ദേശം നൽകിയിരിക്കുകയാണെന്നും പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു.

ഈ വിഷയത്തിൽ ആവശ്യമായ ഇടപെടൽ നടത്തുന്നതിനായി നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി, നോർക്ക റൂട്ട്സ് സി.ഇ.ഒ, എന്നിവരുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് കേന്ദ്രീകരിച്ച് കൺട്രോൾ റൂം നേരത്തേ തന്നെ പ്രവർത്തിച്ചു വരുന്നുണ്ട്. അനിവാര്യമായി ഉക്രൈനിൽ തങ്ങേണ്ടവരല്ലാതെയുള്ള വിദ്യാർഥികളടക്കമുള്ളവർ തിരിച്ചുപോകാനുള്ള എംബസിയുടെ നിർദ്ദേശവും നേരത്തേ തന്നെ ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു.

24-Feb-2022