വി.ഡി സതീശന്റെ ഔദ്യോഗിക വസതിയില്‍ കെ.പി.സി.സിയുടെ പരിശോധന
അഡ്മിൻ
പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ഔദ്യോഗിക വസതിയില്‍ മുന്നില്‍ പരിശോധന നടത്താന്‍ ആളെ അയച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. വിഡി സതീശന്റെ ഔദ്യോഗിക വസതിയായ കൻ്റോണ്‍മെന്റ് ഹൗസില്‍ ഗ്രൂപ്പ് യോഗം നടക്കുന്നു എന്ന സംശയത്തെ തുടര്‍ന്നായിരുന്നു നടപടി. ഇന്നലെ രാത്രിയാണ് സംഭവം. രാത്രി പത്ത് മണിയോടെ കെപിസിസി അയച്ച സംഘം കന്റോണ്‍മെന്റ് ഹൗസില്‍ എത്തി.
അവിടെ പ്രതിപക്ഷ നേതാവ് അടക്കം പത്തിലേറെ നേതാക്കള്‍ ഉണ്ടായിരുന്നു. എന്നാല്‍ വെറുതെ ഒന്നിരുന്നതാണ് ഗ്രൂപ്പ് യോഗമല്ല നടന്നത് എന്നാണ് അവിടെ ഉണ്ടായിരുന്ന നേതാക്കള്‍ പറയുന്നത്. അതേ സമയം ഗ്രൂപ്പ് യോഗത്തിനെതിരേ ഹൈക്കമാന്‍ഡിനു പരാതി നല്‍കാന്‍ ഒരുങ്ങുകയാണു കെപിസിസി നേതൃത്വം. കന്റോണ്‍മെന്റ് ഹൗസില്‍ നേതാക്കള്‍ തമ്പടിച്ചിട്ടുണ്ട് എന്നറിഞ്ഞതിനെ തുടര്‍ന്നാണ് സുധാകരന്‍ പരിശോധനയ്ക്കായി ആളെ അയച്ചത്.
കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍, കെപിസിസി പ്രസിഡന്റിന്റെ സെക്രട്ടറി വിപിന്‍മോഹന്‍ എന്നിവര്‍ അടങ്ങുന്ന സംഘത്തെയാണ് പരിശോധന നടത്താനായി അയച്ചത്.
ഡിസിസി പ്രസിഡന്റ് പാലോട് രവി, നെയ്യാറ്റിന്‍കര സനല്‍, വര്‍ക്കല കഹാര്‍, എം.എം.വാഹിദ്, വി.എസ്.ശിവകുമാര്‍, കെ.എസ്.ശബരീനാഥ് തുടങ്ങിയ തിരുവനന്തപുരം ജില്ലയിലെ നേതാക്കളും കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി.ശ്രീകുമാര്‍, യൂജിന്‍ തോമസ് തുടങ്ങിയവരുമാണ് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയില്‍ ഉണ്ടായിരുന്നത്.