കേരളത്തിൽ വനിതാ കളക്ടർമാർ ഭരിക്കുന്ന ജില്ലകളുടെ എണ്ണം പത്തായി. 14 ജില്ലകളിൽ 10 ജില്ലകളും ഇപ്പോൾ ഭരിക്കുന്നത് വനിതാ കളക്ടർമാരാണ്. നേരത്തേ ഒമ്പത് ഉണ്ടായിരുന്നത് ആലപ്പുഴ കളക്ടറായി ഡോ രേണു രാജിനെ ബുധനാഴ്ച നിയമിച്ചതോടെ പത്താകുകയായിരുന്നു. ഇത് സംസ്ഥാനത്തിന്റെ റെക്കോർഡ് നേട്ടം തന്നെയാണ്.
തിരുവനന്തപുരത്ത് നവ്‌ജ്യോത് ഖോസ, കൊല്ലം ജില്ലയിൽ അഫ്‌സാന പർവീൻ, പത്തനംതിട്ടയിൽ ഡോ.ദിവ്യ എസ്. അയ്യർ, ആലപ്പുഴയിൽ ഇനി മുതൽ ഡോ.രേണുരാജ്, കോട്ടയത്ത് ഡോ.പി.കെ. ജയശ്രീ, ഇടുക്കിയിൽ ഷീബ ജോർജ്, തൃശൂർ ജില്ലയിൽ ഹരിത വി. കുമാർ, പാലക്കാട് മൃൺമയി ജോഷി, വയനാട് എം.ഗീത, കാസർകോട് ജില്ലയിൽ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് എന്നിവരാണ് കേരളത്തിലെ 10 ജില്ലകളിലെ കളക്ടർമാർ.
ഇവരിൽ തിരുവനന്തപുരം കളക്ടർ ഡോ. നവ്ജ്യോത് ഖോസയും പാലക്കാട് കളക്ടർ മൃൺമയി ജോഷിയും റവന്യൂ വകുപ്പിന്റെ മികച്ച കളക്ടർമാർക്കുള്ള അവാർഡ് നേടിയിരുന്നു. എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ മാത്രമാണ് പുരുഷ ഐഎഎസ് ഓഫീസർമാർ ഭരിക്കുന്നത്. കൊല്ലം കലക്ടർ അഫ്‌സാന പർവീൻറെ ഭർത്താവ് ജാഫർ മാലിക്കാണ് എറണാകുളം കലക്ടർ.