ഗ്രൂപ്പ് യോഗം ഗുണകരമല്ല, ഗ്രൂപ്പ് രഹിതമായ പാര്‍ട്ടിയാണ് ലക്‌ഷ്യം: കെ സുധാകരൻ
അഡ്മിൻ
പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വസതിയില്‍ നടന്ന യോഗത്തില്‍ പ്രതികരണവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഗ്രൂപ്പ് യോഗമാണ് നടന്നതെന്ന് കാണുന്നില്ലെന്ന് കെ സുധാകരന്‍ പറഞ്ഞു. റെയ്ഡ് ചെയ്യാന്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ല. ഗ്രൂപ്പ് യോഗം ഗുണകരമല്ല. ഗ്രൂപ്പ് രഹിതമായ പാര്‍ട്ടിയാണ് ലക്ഷ്യമെന്നും സുധാകരന്‍ വ്യക്തമാക്കി.
ഗ്രൂപ്പ് തലത്തിലുള്ള പ്രവര്‍ത്തനം പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തും. ആരും ഗ്രൂപ്പ് പ്രവര്‍ത്തനം നടത്തരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. ഇന്നലെ രാത്രിയാണ് കണ്‍ന്റോന്‍മെന്റ് ഹൗസില്‍ ഗ്രൂപ്പ് യോഗം ചേര്‍ന്നത്. മുന്‍ മന്ത്രി വി എസ് ശിവകുമാര്‍, ശബരീനാഥ്, കെ പി ശ്രീകുമാര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. സതീശന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന നേതാക്കള്‍ കെ.പി.സി.സി പരിശോധനാ സംഘം വരുന്നുണ്ടെന്ന കാര്യം അറിഞ്ഞ് ചിതറിയോടിയതായും റിപ്പോര്‍ട്ട് വരുന്നുണ്ട്.
പുനസംഘടന ചര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ പ്രതിപക്ഷനേതാവിന്റെ അധ്യക്ഷതയിലായിരുന്നു യോഗം ചേര്‍ന്നത്. എന്നാല്‍ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ യോഗം അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് കെ സുധാകരന്റെ നിലപാട്. അതേസമയം, പ്രതിപക്ഷ നേതാവിന്റെ വീട്ടില്‍ ഗ്രൂപ്പ് യോഗം നടക്കുന്നെന്ന സംശയത്തെ തുടര്‍ന്നാണ് കെപിസിസി പ്രസിഡന്റിനെ ആളെ അയച്ചുള്ള പരിശോധനയ്ക്ക് പ്രേരിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ താന്‍ ഏത് ഗ്രൂപ്പിലാണെന്ന് കൂടി പറയണമെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. പാര്‍ട്ടി പുനസംഘടന നടക്കുന്നതിനാല്‍ തന്നേയും കെ.പി.സി.സി പ്രസിഡന്റിനേയും കാണാന്‍ പലരും വരുന്നുണ്ടെന്നും വേറെ ഒരു പണിയും ഇല്ലാത്തവരാണ് ഗ്രൂപ്പുമായി നടക്കുന്നതെന്നും വിഡി സതീശൻ പറഞ്ഞു.