സിപിഎമ്മിന് ആറു നിലകളുള്ള ആസ്ഥാന മന്ദിരം ഒരുങ്ങുന്നു ; മുഖ്യമന്ത്രി തറക്കല്ലിട്ടു

ആറു നിലകളുള്ള സിപിഎമ്മിന്‍റെ പുതിയ ആസ്ഥാന മന്ദിരത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ടു. എ കെ ജി സെന്ററിന് സമീപം സിപിഎം വിലകൊടുത്ത് വാങ്ങിയ സ്ഥലത്താണ് പുതിയ മന്ദിരം പണിയുന്നത്.

നിലവിലുളള എകെജി പഠന ഗവേഷണ കേന്ദ്രം വിപുലമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ആസ്ഥാന മന്ദിരം പണിയാന്‍ തീരുമാനിച്ചത്. 5380 സ്ക്വയർ മീറ്റർ കെട്ടിടമാണ് പുതിയതായി പണിയുന്നത്. ആദ്യം ആറു നില കെട്ടിടത്തിന്‍റെ നിർമ്മാണം പൂർത്തിയാക്കും. ആകെ ഒമ്പതു നിലയുള്ള കെട്ടിടമാണ് വിഭാവനം ചെയ്തിരിക്കുന്നത്.

കൂടാതെ രണ്ടു നില ബെയ്സ്മെന്‍റിൽ ഉണ്ടാകും. ബാക്കി മൂന്ന് നിലകളുടെ നിർമ്മാണം എയർപോർട്ട് അഥോറിറ്റിയുടെ അനുമതി ലഭിച്ച ശേഷം തുടങ്ങുമെന്നും കോടിയേരി വ്യക്തമാക്കി. പി ബി അംഗം എസ് രാമചന്ദ്രന്‍ പിള്ള കെട്ടിടത്തിന്റെ രൂപരേഖ പ്രകാശനം ചെയ്തു.

ജനങ്ങളെ ചേരിതിരിക്കാനും വ്യത്യസ്ത അറകളിലാക്കാൻ വർഗീയ ശക്തികൾ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇക്കാര്യത്തിൽ മുന്നിൽ ഭൂരിപക്ഷ വർഗീയതയാണെങ്കിൽ ഒട്ടും പിന്നിലല്ലാതെ ന്യൂനപക്ഷ വർഗീയതയുമുണ്ട്. പുതിയ ആസ്ഥാന മന്ദിരം പണിയുന്നത് പാർട്ടിയുടെ ചരിത്രത്തിലെ ധന്യ നിമിഷമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

എ കെ ജി സെന്‍ററിലെ പഠന ഗവേഷണ കേന്ദ്രത്തിന്‍റെ പ്രവർത്തനം ഊർജിതമാക്കാനാണ് സംസ്ഥാന സമിതി ഓഫീസ് പുതിയ കെട്ടിടത്തിലേക്കു മാറ്റുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

25-Feb-2022