ബംഗളൂരു: കര്‍ണാടകത്തില്‍ എച്ച് ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ജെ ഡി എസ് സര്‍ക്കാര്‍ സഭയില്‍ ഇന്ന് വിശ്വാസവോട്ടെടുപ്പ് തേടുന്നു. പ്രോടേം സ്പീക്കര്‍ കെ ജി ബൊപ്പയ്യയ്ക്കു പകരം സ്പീക്കറായി ബി ആര്‍ രമേഷ് കുമാറിനെ തിരഞ്ഞെടുത്ത ശേഷമാകും എച്ച് ഡി കുമാരസ്വാമി സഭയില്‍ വിശ്വാസവോട്ട് തേടുക. സ്വതന്ത്രരടക്കം 117 പേരുടെ പിന്തുണയാണ് കുമാരസ്വാമി അവകാശപ്പെടുന്നത്. പ്രോടെം സ്പീക്കര്‍ കെ ജി ബൊപ്പയ്യയുടെ നിയന്ത്രണത്തില്‍ ആരംഭിക്കുന്ന സമ്മേളനത്തില്‍ ആദ്യം സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടക്കും. തുടര്‍ന്ന് പുതിയ സ്പീക്കറുടെ നേതൃത്വത്തില്‍ വിശ്വാസവോട്ടെടുപ്പ് നടക്കും. ഇതിനുശേഷമാവും മന്ത്രിസഭാ വിപുലീകരണമടക്കമുള്ള കാര്യങ്ങള്‍ നടക്കുക. 22 മന്ത്രിമാര്‍ കോണ്‍ഗ്രസിനും 14 മന്ത്രിമാര്‍ ജെ ഡി എസിനും എന്നാണ് പ്രാഥമിക ധാരണ. വകുപ്പ് സംബന്ധിച്ച ചര്‍ച്ചകള്‍ തീരുമാനത്തിലെത്തിയിട്ടില്ല.
സ്പീക്കര്‍ തിരഞ്ഞെടുപ്പിനായി കോണ്‍ഗ്രസില്‍നിന്നു കെ ആര്‍ രമേഷ് കുമാറും ബിജെപിക്കായി എസ് സുരേഷ് കുമാറുമാണ് പത്രിക നല്‍കിയത്. എന്നാല്‍ ബി ജെ പി സ്ഥാനാര്‍ത്ഥി സുരേഷ് കുമാര്‍ പത്രിക പിന്‍വലിച്ചതോടെ രമേശ് കുമാര്‍ കര്‍ണാടക സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. സ്പീക്കര്‍ പദവിയുടെ മൂല്യം കാത്തുസൂക്ഷിക്കാന്‍ തിരഞ്ഞെടുപ്പ് ഏകപക്ഷീയമായിരിക്കണമെന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമുണ്ട്. ബി ജെ പി പത്രിക പിന്‍വലിച്ചത് അതിനാലെന്ന് ബി എസ് യദിയൂരപ്പ സ്പീക്കര്‍ തിരഞ്ഞെടുപ്പിനെ കുറിച്ച് പ്രതികരിച്ചു.