ബിപിസിഎല്‍ സ്വകാര്യവല്‍ക്കരണത്തിനെതിരെ ശക്തമായി ഇടപെടണം: മുഖ്യമന്ത്രി

കേന്ദ്ര ബജറ്റില്‍ റെയില്‍വെയുടെ കാര്യത്തില്‍ സംസ്ഥാനത്തോട് അവഗണന കാട്ടിയതിനെതിരെ ശബ്ദമുയര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തില്‍ നിന്നുള്ള പാര്‍ലമെന്റംഗങ്ങളോട് അഭ്യര്‍ത്ഥിച്ചു. എംപിമാരുടെ കോണ്‍ഫറന്‍സില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയുടെ വാക്കുകള്‍:
അങ്കമാലി-ശബരി പാത, നേമം ടെര്‍മിനല്‍, കോച്ചുവേളി ടെര്‍മിനല്‍, തലശ്ശേരി-മൈസൂര്‍ പാത, കാഞ്ഞങ്ങാട്-പാണത്തൂര്‍-കണിയൂര്‍ പാത എന്നീ കാര്യങ്ങളിലൊന്നും അനുകൂല പ്രഖ്യാപനമുണ്ടായിട്ടില്ല. എറണാകുളത്തിനും ഷോര്‍ണ്ണൂരിനും ഇടയിലുള്ള ഓട്ടോമാറ്റിക് സിഗ്‌നലിംഗ്സം വിധാനത്തിന്റെ കാര്യത്തിലും റെയില്‍വെയുടെ ഭാഗത്തുനിന്ന്അ വഗണനയാണുള്ളത്. അമൃത എക്‌സ്പ്രസ് രാമേശ്വരം വരെ നീട്ടുന്ന കാര്യത്തിലും എറണാകുളം- വേളാങ്കണ്ണി റൂട്ടില്‍ പുതിയ തീവണ്ടി അനുവദിക്കുന്ന കാര്യത്തിലും ഇതേ സമീപനമാണ് റെയില്‍വക്കുള്ളത്.

തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളില്‍ എല്‍.എച്ച്.ബി കോച്ചുകള്‍ കൈകാര്യം ചെയ്യാനുള്ള സംവിധാനം കൊണ്ടുവരാനുള്ള നിര്‍ദ്ദേശം, കൊല്ലം, എറണാകുളം ജംഗ്ഷന്‍ സ്റ്റേഷനുകളുടെ നവീകരണം, കൊല്ലം മെമു ഷെഡ്ഡിന്റെ വിപുലീകരണം എന്നീ പദ്ധതികളുടെ കാര്യങ്ങളിലും നിഷേധാത്മക നിലപാടാണ്റെയില്‍വെ കൈക്കാള്ളുന്നത്.

യുക്രൈനില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഒഴിപ്പിക്കല്‍ നടപടികളുടെ ഭാഗമായി ഡല്‍ഹിയിലോ മുംബയിലോ തിരിച്ചെത്തുന്ന വിദ്യാര്‍ത്ഥികളെ കേരളത്തിലെത്തിക്കുന്നതിനുള്ള യാത്രാചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. യുദ്ധ സാഹചര്യത്തില്‍ ഒട്ടേറെ വിഷമതകള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അവയൊക്കെ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പടുത്തി പരിഹാരം കാണാന്‍ ശ്രമിക്കുകയാണ്. പൊതു ഭരണ വകുപ്പും നോര്‍ക്കയും കേരള ഹൗസുമായി ബന്ധപ്പെട്ട് ആവശ്യമായ ഇടപെടല്‍ നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.


എയിംസ് സ്ഥാപിക്കുന്ന കാര്യത്തില്‍ പ്രധാനമന്ത്രിയോട് ഉള്‍പ്പെടെ നിരവധി തവണ ആവശ്യപ്പെട്ടിട്ടും അനുകൂല പ്രതികരണം ഈ ബജറ്റിലും ഉണ്ടായിട്ടില്ല. സംസ്ഥാനങ്ങള്‍ക്ക് ജി എസ് ടി നഷ്ടപരിഹാരം 2022 ജൂലൈക്ക് ശേഷവും തുടര്‍ന്നുള്ള 5 വര്‍ഷങ്ങളിലും ലഭിക്കണം.

ധന കമ്മീഷന്‍ ശുപാര്‍ശ ചെയ്ത 2022 – 23 ലേക്കുള്ള 3.5 ശതമാനം ധന കമ്മിക്ക് പകരം നിബന്ധനകള്‍ ഇല്ലാതെ 4.5 ശതമാനം അനുവദിക്കണം. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിദേശ വിമാന കമ്പനികളുടെ സര്‍വീസുകള്‍ അടിയന്തരമായി അനുവദിക്കണം. പ്രതിവര്‍ഷം ഒമ്പത് ദശലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാവുന്ന വിധമാണ് ഇവിടത്തെ പാസഞ്ചര്‍ ടെര്‍മിനല്‍ കെട്ടിടം.


എമിറേറ്റ്‌സ്, എത്തിഹാദ്, ഫ്‌ലൈ ദുബായ്, എയര്‍ അറേബ്യ, ഖത്തര്‍ എയര്‍വെയ്‌സ്, ഒമാന്‍ എയര്‍, സൗദി അറേബ്യന്‍ / സൗദിയ, ഗള്‍ഫ് എയര്‍, എയര്‍ ഏഷ്യ, സില്‍ക്ക് എയര്‍, ശ്രീലങ്കന്‍ എയര്‍ എന്നീ വിമാനകമ്പനികള്‍ സര്‍വീസ് നടത്താന്‍ ഇതിനകംതന്നെ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കയറ്റുമതിയും വിദേശ വ്യാപാരവും പ്രോത്സാഹിപ്പിക്കുന്നതിന് സംയോജിത എയര്‍ കാര്‍ഗോ കോംപ്ലക്‌സും പണികഴിപ്പിച്ചിട്ടുണ്ട്. എന്നാല്‍ പോയിന്റ് ഓഫ് കോള്‍, ഓപ്പണ്‍ സ്‌കൈ പോളിസി എന്നിവയുടെ കാര്യത്തില്‍ നിഷേധാത്മക നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. വിദേശ വിമാന കമ്പനികളെ പ്രവേശിക്കാന്‍ അനുവദിക്കാത്തത് കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കും.


കോഴിക്കോട് വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട് 152.5 ഏക്കര്‍ ഭൂമി എയര്‍പോര്‍ട്ട് സ്വകാര്യവല്‍ക്കരിക്കില്ല എന്ന നിബന്ധനയോടെ ഏറ്റെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
തുറമുഖ ബില്‍, സഹകരണനിയമം, ഡാം സുരക്ഷാ ബില്‍, കന്റോണ്‍മെന്റ് ബില്‍, ഫാക്ടറീസ് റീ- ഓര്‍ഗനൈസേഷന്‍ മുതലായ സമാവര്‍ത്തി ലിസ്റ്റിലുള്ള പല വിഷയങ്ങളിലും കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളുമായി കൂടിയാലോചന നടത്താതെ നിയമനിര്‍മാണം നടത്തുകയാണ്. ഇത്തരം നീക്കങ്ങളെ പാര്‍ലമെന്റില്‍ ശക്തമായി എതിര്‍ക്കണം.

കോവിഡ് പ്രതിസന്ധിക്ക് ശേഷം മടങ്ങിവരുന്ന പ്രവാസികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനുമായി ആയിരം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നും യാതൊരു പ്രതികരണവും ഇതുവരെ ഉണ്ടായിട്ടില്ല.

കേരളത്തിന്റെ വ്യവസായവല്‍ക്കരണത്തിന്റെ ഉത്തമ താല്‍പര്യം മുന്‍നിര്‍ത്തി ബിപിസിഎല്‍ സ്വകാര്യവല്‍ക്കരണത്തിനെതിരെ ശക്തമായി ഇടപെടണം. എല്‍ഐസി സ്വകാര്യവല്‍ക്കരണത്തിനെതിരെ യും ഇടപെടേണ്ടതുണ്ട്.

കേന്ദ്രം എച്ച്എല്‍എല്‍ ഉടമസ്ഥത കയ്യൊഴിയാന്‍ അന്തിമമായി തീരുമാനിക്കുകയാണെങ്കില്‍ പ്രസ്തുത ഉടമസ്ഥാവകാശം മത്സരാധിഷ്ഠിത ടെന്‍ഡര്‍ ഒഴിവാക്കി സംസ്ഥാന സര്‍ക്കാരിന് കൈമാറണമെന്ന ആവശ്യം പാര്‍ലമെന്റില്‍ ശക്തമായി ഉന്നയിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാര്‍, എംപിമാര്‍, ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

26-Feb-2022