സ്ത്രീപക്ഷ നവകേരളം: സ്ത്രീശക്തി കലാജാഥ പര്യടനം മാര്‍ച്ച് എട്ടിന് ആരംഭിക്കും
അഡ്മിൻ
കുടുംബശ്രീയുടെ നേതൃത്വത്തില്‍ യാഥാര്‍ത്ഥ്യമാക്കുന്ന സ്ത്രീപക്ഷ നവകേരളത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സ്ത്രീശക്തീ വനിതാ കലാജാഥയുടെ സംസ്ഥാനതല പരിശീലന കളരി തൃശൂര്‍ കിലയില്‍ സമാപിക്കുകയാണ്. അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് 8ന് പതിനാല് ജില്ലകളിലും കലാജാഥയുടെ പര്യടനം ആരംഭിക്കുമെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പത്രക്കുറിപ്പിൽ അറിയിച്ചു.
സമൂഹത്തില്‍ ഉണ്ടാവുന്ന സ്ത്രീവിരുദ്ധമായ പ്രവര്‍ത്തനങ്ങളെയും ചിന്തകളെയും മറ്റും ഇല്ലാതാക്കാനുതകുന്ന സര്‍വ്വതല സ്പര്‍ശിയായ ക്യാമ്പയിനാണ് സ്ത്രീപക്ഷ നവകേരളത്തിലൂടെ ഉയര്‍ത്തിക്കൊണ്ടുവരുന്നത്. ഡിസംബര്‍ 18 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് സ്ത്രീപക്ഷ നവകേരളത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. കുടുംബശ്രീ അയല്‍ക്കൂട്ട തലത്തിലുള്ള വനിതാ സംഗമങ്ങളില്‍ തുടങ്ങി അന്താരാഷ്ട്ര കോണ്‍ക്ലേവിലൂടെയുള്ള സ്ത്രീപക്ഷ കര്‍മ്മപദ്ധതി രൂപീകരണം വരെ വിവിധ തലങ്ങളിലുള്ള പരിപാടികള്‍ ഈ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. സാക്ഷരതാ പ്രസ്ഥാനം പോലുള്ള വിപുലമായ ഒരു ക്യാമ്പയിനാണ് സ്ത്രീപക്ഷ നവകേരളത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ഒരുക്കുന്നത്.
സ്ത്രീപക്ഷ നവകേരളം ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സ്ത്രീശക്തീ കലാജാഥയുടെ സംസ്ഥാന പരിശീലന ക്യാമ്പില്‍ 14 ജില്ലകളില്‍ നിന്ന് തിരഞ്ഞെടുത്ത 42 കലാകാരികളാണ് പങ്കാളികളായത്. ഇവരെല്ലാം കുടുംബശ്രീ പ്രവര്‍ത്തകരാണ്. സ്ത്രീശക്തി കലാജാഥ നാടകക്കളരിയുടെ രണ്ടാം ഘട്ട പരിശീലനമാണ് തൃശൂര്‍ കിലയില്‍ 23 മുതല്‍ 26 വരെ സംഘടിപ്പിച്ചു വരുന്നത്. തിരുവനന്തപുരം മണ്‍വിള അഗ്രികള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ടിലായിരുന്നു ആദ്യ ഘട്ട പരിശീലനം. സംസ്ഥാനത്താകമാനം പര്യടനം നടത്തുന്നതിനായി 14 ജില്ലകളിലും 12 കലാകാരികളെ ഉള്‍പ്പെടുത്തി കുടുംബശ്രീയുടെ കലാട്രൂപ്പ് രൂപീകരിച്ചിട്ടുണ്ട്. ഇവര്‍ക്ക് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ സംഘടിപ്പിക്കുന്ന മൂന്ന് റീജ്യണല്‍ ക്യാമ്പുകളിലൂടെ പരിശീലനം നല്‍കും. ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 6 വരെയാണ് ജില്ലാപരിശീലനം. സംസ്ഥാന പരിശീലകന്‍മാരെ കൂടാതെ കിലയിലെ റിഹേഴ്‌സല്‍ ക്യാമ്പില്‍ പരിശീലനം നേടിയവരും ജില്ലാ കലാജാഥാ പരിശീലനത്തിന് നേതൃത്വം നല്‍കും.
മൂന്നു ക്യാമ്പുകളിലുമായി 168 കലാകാരികളാണ് പരിശീലനത്തില്‍ പങ്കാളികളാവുക
അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് എട്ടിന് കോഴിക്കോട് വെച്ച് 'സ്ത്രീശക്തി കലാജാഥ'യുടെ സംസ്ഥാനതല ഉദ്ഘാടനം നടക്കും. മറ്റ് ജില്ലകളില്‍ ജില്ലാതല കലാജാഥാ പര്യടനത്തിന്റെ ഉദ്ഘാടനം സംഘടിപ്പിക്കും. അഞ്ച് സ്വീകരണ കേന്ദ്രങ്ങളിലാണ് ഓരോ ദിവസവും സ്ത്രീശക്തി കലാജാഥയ്ക്ക് സ്വീകരണം നല്‍കുക. അതില്‍ ഒരു കേന്ദ്രം ക്യാമ്പസ് ആയിരിക്കും. ഓരോ ജില്ലയിലും അമ്പത് കേന്ദ്രങ്ങളില്‍ സ്ത്രീപക്ഷ നവകേരളത്തിന്റെ സന്ദേശം എത്തിക്കാന്‍ ഉതകുന്ന വിധത്തില്‍ കലാജാഥാ അനതരണം സംഘടിപ്പിക്കും.
സംസ്ഥാന കലാജാഥാ പരിശീലന കളരിയുടെ ഡയറക്ടര്‍ പ്രസിദ്ധ നാടകകൃത്തും സംവിധായകനുമായ കരിവെള്ളൂര്‍ മുരളിയാണ്. മൂന്ന് നാടകങ്ങളും രണ്ട് സംഗീത ശില്‍പ്പങ്ങളുമാണ് സ്ത്രീശക്തി കലാജാഥയില്‍ ഒരുക്കിയിട്ടുള്ളത്. സദസ്സില്‍ നിന്ന് അരങ്ങിലേക്ക് എന്ന നാടകത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത് ശ്രീജ ആറങ്ങോട്ടുകരയാണ്. കരിവെള്ളൂര്‍ മുരളിയും റഫീഖ് മംഗലശ്ശേരിയും ചേര്‍ന്നെഴുതിയ പെണ്‍കാലം എന്ന നാടകം റഫീഖ് മംഗലശ്ശേരി സംവിധാനം ചെയ്തു. ശ്രീജ ആറങ്ങോട്ടുകര രചന നിര്‍വ്വഹിച്ച അത് ഞാന്‍ തന്നെയാണ് എന്ന നാടകം സുധി ദേവയാനി സംവിധാനം ചെയ്യുന്നു. പാടുക ജീവിതഗാഥകള്‍, പെണ്‍ വിമോചന കനവുത്സവം എന്നീ സംഗീതശില്‍പ്പങ്ങളുടെ രചനയും സംവിധാനവും കരിവെള്ളൂര്‍ മുരളിയാണ് നിര്‍വ്വഹിച്ചത്. സാണ്‍സണ്‍ സില്‍വയാണ് കലാജാഥയുടെ സംഗീത സംവിധാനം നിര്‍വഹിച്ചത്. ഭൈരവി, ആര്യ, ഗ്രീഷ്മ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. ഷൈലജ പി അമ്പു, രാജരാജേശ്വരി എന്നിവരാണ് സംവിധാന സഹായികള്‍.
നേരത്തെ പ്രസിദ്ധ ചലച്ചിത്ര സംവിധായകന്‍ ഷാജി എന്‍ കരുണാണ് പരിശീലന കളരി ഉദ്ഘാടനം ചെയ്തത്. ഡോ. ടി കെ ആനന്ദി, പ്രൊഫ. എ ജി ഒലീന, ഡോ. സുജ സൂസന്‍ ജോര്‍ജ്ജ്, അമൃത റഹീം, വി എസ് ബിന്ദു, മാഗ്ഗി തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടത്തിയ സ്ത്രീപക്ഷ ചര്‍ച്ചയെ തുടര്‍ന്നാണ് സ്ത്രീശക്തീ വനിതാ കലാജാഥയ്ക്കുള്ള സ്‌ക്രിപ്റ്റുകള്‍ തയ്യാറാക്കിയത്.
സ്ത്രീശക്തി കലാജാഥയുടെ സംസ്ഥാന പരിശീലന ക്യാമ്പില്‍ സുജ ബി, ദീപ്തി പി, ഷൈലജ എസ്, സിംലമോള്‍, ജീജാമോള്‍ കെ എ, യശോദ ടി വി, രാധാമണി എം, വത്സല എം പി, ആശാ റാണി, സുരഭി, ബിജി ജോയ്, ജ്യോതി, മായ, പ്രസന്നകുമാരി, രാധാമണി പ്രസാദ്, കലാമണി, ബിന്ദു പി, മായ വി ആര്‍ ,റീജ, മോളി, സിനി, സിന്ധു, ജയ മോഹനന്‍, വിലാസിനി, മഞ്ജു ഉണ്ണികൃഷ്ണന്‍, സുജന്തി, എ ഗീത, വിജയലക്ഷ്മി, കാഞ്ചന കെ, ബിജി എം, മാധവി സി, രതി പി, ഭഗീരഥി ടി പി, നിഷ മാത്യു, ഇ പി ചിത്ര, അംബിക രാജന്‍, ആശ അജിത്ത്, വിദ്യ സുധീര്‍, പ്രിന്‍സി ജോണ്‍, സുധ ശ്രീധരന്‍, ഉഷ തോമസ് എന്നീ കലാകാരികളാണ് പങ്കെടുക്കുന്നത്.
തദ്ദേശ ഭരണ പ്രദേശങ്ങളിലെ സ്വീകരണ കേന്ദ്രങ്ങളില്‍ എല്ലാ അയല്‍ക്കൂട്ട പ്രദേശങ്ങളിലേയും കുടുംബങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്ന രീതിയിലാണ് സംസ്ഥാനത്താകെയുള്ള സ്വീകരണകേന്ദ്രങ്ങള്‍ ഒരുക്കുക. പ്രേക്ഷകര്‍ക്ക് അവിസ്മരണീയമായ കലാനുഭൂതി പകരുന്ന വിധത്തിലാണ് സ്ത്രീശക്തി വനിതാ കലാജാഥ ഒരുക്കുന്നത്.
സ്ത്രീശക്തി കലാജാഥ ജനങ്ങളിലേക്കെത്തിക്കുന്നതിനും സ്ത്രീപക്ഷ നവകേരളം യാഥാര്‍ത്ഥ്യമാക്കുന്നതിനും മാധ്യമങ്ങളുടെ സഹായം ഉണ്ടാവണം എന്ന് അഭ്യര്‍ത്ഥിക്കുന്നതായി മന്ത്രി പറഞ്ഞു.
26-Feb-2022
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ