ഉക്രൈന്‍-റഷ്യന്‍ ആക്രമണം; 64 മരണം കൂടി സ്ഥിരീകരിച്ച് യുഎന്‍

ഉക്രൈനില്‍ റഷ്യന്‍ ആക്രമണം തുടര്‍ന്നുകൊണ്ടിരിക്കെ 64 മരണം കൂടി സ്ഥിരീകരിച്ച് യുഎന്‍. 240 സാധാരണക്കാര്‍ക്ക് ഗുരുതര പരുക്കുണ്ടെന്നും യുഎന്‍ പുറത്തുവിട്ട പുതിയ കണക്കുകളില്‍ വ്യക്തമാക്കി. ഇതുവരെ ഉക്രൈനില്‍ 160,000 പേര്‍ അഭയാര്‍ത്ഥികളായെന്നും യുഎന്‍ കണക്കുകളെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

റഷ്യന്‍ അധിനിവേശം 5 ദശലക്ഷത്തിലധികം അഭയാര്‍ത്ഥികളെ സൃഷ്ട്ടിച്ചേക്കുമെന്നാണ് ഉക്രൈന്‍ സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. പോളണ്ടിലേക്കാണ് ഉക്രൈനില്‍ നിന്ന് കൂടുതല്‍ പേര്‍ പലായനം ചെയ്യുന്നത്. റഷ്യയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഉക്രൈന്‍ തങ്ങളുടെ റെയില്‍വേ ലെയിനുകള്‍ തകര്‍ത്തു. റഷ്യയില്‍ നിന്ന് ഉക്രൈനിലേക്കുളള റെയില്‍വേ ലൈനുകളാണ് തകര്‍ത്തത്.

ഉക്രൈനെ സമസ്തമേഖലയില്‍ നിന്നും വളഞ്ഞിട്ട് ആക്രമിക്കാനാണ് റഷ്യ ശ്രമിക്കുന്നത്. തലസ്ഥാന നഗരമായ കീവില്‍ വലിയ സംഘര്‍ഷമാണ് മുന്നാം ദിനം രാത്രിയിലും അരങ്ങേറിയത്. കീവില്‍ അര്‍ദ്ധരാത്രിയിലും ഷെല്ലാക്രമണവും വെടിവെപ്പും റിപ്പോര്‍ട്ട് ചെയ്തു.

27-Feb-2022