നീരവ് മോഡി സ്വന്തക്കാരുടെ പേരിലേക്ക് 4,299 കോടി രൂപ മാറ്റി

മുംബൈ: സാമ്പത്തിക തട്ടിപ്പിനെ തുടര്‍ന്ന് രാജ്യംവിട്ട വജ്രവ്യാപാരി നീരവ് മോഡിക്കെതിരെ ഗുരുതര ആരോപണവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ വ്യാജ ബാങ്ക് ഗ്യാരണ്ടിയായ ലെറ്റേഴ്‌സ് ഓഫ് അണ്ടര്‍ടേക്കിംഗ് (എല്‍ഒയു) ഉപയോഗിച്ച് സ്വന്തമാക്കിയ 1,015.34 മില്യണ്‍ ഡോളറില്‍ (6,939.84 കോടി രൂപ) 629 മില്യണ്‍ ഡോളര്‍ (4,299 കോടി രൂപ) മോഡി സ്വന്തക്കാരുടെ അക്കൗണ്ടുകളിലേക്ക് വകമാറ്റിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ്. യു.എ.ഇ, ഹോങ് കോംഗ് എന്നിവിടങ്ങളിലെ 15 ഓളം 'ഡമ്മി കമ്പനികള്‍' വഴിയാണ് ഈ ഫണ്ട് വകമാറ്റിയത്. സ്വന്തം പേരിലേക്കും ബന്ധുക്കളുടെ പേരിലേക്കും സ്വന്തം കമ്പനികളിലേക്കുമാണ് വകമാറ്റിയതെന്ന് വ്യാഴാഴ്ച കോടതിയില്‍ സമര്‍പ്പിച്ച ആദ്യ കുറ്റപത്രത്തില്‍ പറയുന്നു.

1,811 കോടി രൂപ (265 മില്യണ്‍ ഡോളര്‍) സ്വന്തം സ്ഥാപനങ്ങളുടെ ഗ്രൂപ്പിലേക്കും സഹോദരി പൂര്‍വി മോഡിയുടേയും അവരുടെ ഭര്‍ത്താവ് മിയാങ്ക് മേത്തയുടെ പേരിലേക്ക് മാറ്റി. യു.എ.ഇ ആസ്ഥാനമായുള്ള ഒമ്പത് ഡമ്മി കമ്പനികള്‍ വഴിയാണ് ഈ തുക മാറ്റിയത്. വജ്ര വ്യാപാരിയും റോസി ബ്ലൂ ഗ്രൂപ്പ് മേധാവിയുമായ റസ്സല്‍ മേത്ത വിവാഹം ചെയ്തിരിക്കുന്നത് മിയാങ്ക് മേത്തയുടെ സഹോദരിയേ ആണ്. 1,811 കോടിയില്‍ 786 കോടി പൂര്‍വി മോഡിയ്ക്കും മിയാങ്ക് മേത്തയുടെയും പേരിലാണ്. 341 കോടി പൂര്‍വി മോഡി നിയന്ത്രിക്കുന്ന ലിലി മൗണ്ടെയ്ന്‍ ഇന്‍വെസ്റ്റ്‌മെന്റ്, ഫയര്‍സ്റ്റാര്‍ ഇന്റര്‍നാഷണല്‍ എന്നിവയില്‍  എത്തി. മറ്റൊരു 239 കോടി മോഡിയുടെ സ്വന്തം അക്കൗണ്ടിലാണ് എത്തിയത്. 205 കോടി മിയാങ്ക് മേത്തയുടെ പേരിലേക്ക് അയച്ചു. അവശേഷിക്കുന്ന 581 കോടി പൂര്‍വി മോഡിയുടെ പേരില്‍ ദുബായിലുള്ള ഫൈന്‍നാന്‍സിക് എഫ്‌സെഡ്ഇയില്‍ എത്തി. ഈ കമ്പനി പിന്നീട് ഈ പണം മോഡിയുടെ ഹോങ് കോംഗിലുള്ള ഫയര്‍സ്റ്റാര്‍ ഹോള്‍ഡിംഗിലേക്ക് മാറ്റി. അവശേഷിക്കുന്നവയില്‍ 2,138 കോടി രൂപ (312.81 മില്യണ്‍ ഡോളര്‍)  ഹോങ് കോംഗ് ആസ്ഥാനമായുള്ള ആറ് കടലാസ് കമ്പനികള്‍ വഴി നീരവ് മോഡി തന്റെ വിവിധ കമ്പനികളിലേക്ക് മാറ്റി. 34 കോടി രൂപ മോഡിയുടെ യു.എസിലുള്ള രണ്ട് കമ്പനികളിലേക്കും മാറ്റിയിരുന്നു.

എല്‍ഒയു ഉപയോഗിച്ച് തട്ടിയെടുത്ത തുകയില്‍ 37 കോടി രൂപ നീരവ് മോഡിയുടെ ഇന്ത്യയിലെ വ്യക്തിഗത ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയിരുന്നു. സാമ്പത്തിക തിരിമറിയില്‍ മോഡിയുടെ പിതാവ് ദീപക് മോഡി, സഹോദരങ്ങളായ നീഷാല്‍ മോഡി, നെഹാല്‍ മോഡി എന്നിവര്‍ക്കും പങ്കുണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നു. 341 കോടി ദീപക് മോഡിക്ക് ലഭിച്ചിട്ടുണ്ടെന്നും എന്‍ഫോഴ്‌സ്‌മെന്റ് പറയുന്നു. 2011 മുതല്‍ 2018 വരെ 24,000 കോടി രൂപ(3,741.93 മില്യണ്‍ ഡോളര്‍) മോഡി ഗ്രൂപ്പ് കമ്പനികള്‍ വ്യാജ ബാങ്ക് ഗ്യാരണ്ടികള്‍ ഇറക്കിയിട്ടുണ്ടെന്നാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ കണ്ടെത്തല്‍. അവയില്‍ നിലവിലുള്ളതാണ് 6,939.84 കോടി രൂപയുടേത്.

അതേസമയം നീരവ് മോഡിയ്ക്കെതിരെ എന്ഫോഴ്സ്മെന്റ് ഇപ്പോള്‍ സജീവമായിരിക്കുന്നത് നേരത്തെയുള്ള ധാരണ പ്രകാരം ബി ജെ പി നേതൃത്വത്തിന് കോഴ നല്‍കാത്തത് കൊണ്ടാണ് എന്ന സൂചനയും പുറത്തുവരുന്നുണ്ട്. ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ ഈ വിഷയവുമായി ബന്ധപ്പെട്ട് സമീപിക്കാനുള്ള തയ്യാറെടുപ്പിലാണ് നീരവ് മോഡിയുടെ നിയമോപദേശകര്‍.

25-May-2018