സിപിഎം സംസ്ഥാന സമ്മേളനത്തിന് നാളെ കൊച്ചിയില്‍ തുടക്കം

സിപിഎം സംസ്ഥാന സമ്മേളനത്തിന് നാളെ കൊച്ചിയില്‍ തുടക്കമാകും. സമ്മളനത്തിന് മുന്നോടിയായി ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റ്, കമ്മിറ്റി യോഗങ്ങള്‍ ചേരും. സമ്മേളനത്തില്‍ അവതരിപ്പിക്കാനുള്ള പ്രവര്‍ത്തന റിപ്പോര്‍ട്ട് അംഗീകരിക്കുന്നതിന് വേണ്ടിയാണ് യോഗങ്ങള്‍ ചേരുന്നതെന്നാണ് ലഭിക്കുന്ന വിവരം.

ഏകദേശം മൂപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സിപിഎമ്മിന്റെ സംസ്ഥാന സമ്മേളനത്തിന് ഏറണാകുളം ജില്ല ആതിഥേയത്വം വഹിക്കുന്നത്. മുന്‍ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്റെ അഭാവത്തില്‍ നടക്കുന്ന ആദ്യ സമ്മേളനം കൂടിയാണിത്. കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും നടപടിക്രമങ്ങളെന്ന് സിപിഎം നേരത്തെ അറിയിച്ചിരുന്നു.

ചെങ്കോട്ടയുടെ മാതൃകയിലാണ് സമ്മേളന നഗരിയൊരുക്കിയിരിക്കുന്നത്. നാളെ പതാക ഉയര്‍ത്തുന്നതോടെ പ്രതിനിധി സമ്മേളനത്തിന് തുടക്കമാകും. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി സീതാറാം യെച്യൂരിയാണ് ഉദ്ഘാടനം നിര്‍വഹിക്കുന്നത്. സമ്മേളനത്തില്‍ 400 പ്രതിനിധികളായിരിക്കും പങ്കെടുക്കുക.

28-Feb-2022