ബയോ ഡൈവേഴ്സിറ്റി സര്‍ക്യൂട്ട് പ്രഖ്യാപനം മാര്‍ച്ചോടെ: മന്ത്രി മുഹമ്മദ് റിയാസ്
അഡ്മിൻ
ബയോ ഡൈവേര്‍സിറ്റി സര്‍ക്യൂട്ട് നടപ്പിലാക്കുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ ടൂറിസം വകുപ്പിന്റെ കീഴില്‍ പുരോഗമിക്കുകയാണെന്നും മാര്‍ച്ചോടെ പ്രഖ്യാപിക്കുമെന്നും മന്ത്രി പി. എ മുഹമ്മദ് റിയാസ്. ടാഗോര്‍ സെന്റിനറി ഹാളില്‍ സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് (കെഎസ്ബിബി) ജില്ലയിലെ ജൈവ വൈവിധ്യ പരിപാലന സമിതികളുടെ (ബിഎംസി) ശാക്തീകരണത്തിനായി നടത്തിയ ജില്ലാതല പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജൈവ വൈവിധ്യം സംരക്ഷിക്കുന്നതിനുള്ള മികച്ച പ്രവര്‍ത്തനങ്ങളാണ് ടൂറിസം, പൊതുമരാമത്ത് വകുപ്പുകള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. ടൂറിസം സാധ്യത നിലനില്‍ക്കുന്ന പ്രദേശങ്ങള്‍ ത്രിതല പഞ്ചായത്തുകളില്‍ നിന്നും ഡെസ്റ്റിനേഷന്‍ ചാലഞ്ച് വഴി ശേഖരിച്ചു. അഞ്ച് വര്‍ഷത്തിനുള്ളില്‍ 100 കണക്കിന് ടൂറിസം ഡെസ്റ്റിനേഷനുകളാണ് ഉണ്ടാവാന്‍ പോകുന്നതെന്ന് മന്ത്രി പറഞ്ഞു. ഇതിന്റെ പരിപാലനം ടൂറിസം വകുപ്പും ത്രിതല പഞ്ചായത്തുകളും ചേര്‍ന്നായിരിക്കും നിര്‍വ്വഹിക്കുക.
പൊതു മരാമത്ത് വകുപ്പ് റസ്റ്റ് ഹൗസുകള്‍ നവീകരിച്ചപ്പോള്‍ ഒരു കോടി രൂപയുടെ വരുമാനം മൂന്ന് മാസം കൊണ്ട് ലഭിച്ചു. റോഡുകളുടെ നിര്‍മ്മാണത്തില്‍ ഡിവൈഡറുകള്‍ക്ക് പകരം ചെടികള്‍ നട്ടുവളര്‍ത്തി പരിപാലിക്കുന്നതിനെ പറ്റിയും ആലോചിക്കും – മന്ത്രി പറഞ്ഞു.