കേരളത്തിലും ദുരഭിമാനഹത്യ

കോട്ടയം : മാന്നാനത്ത് നിന്ന് ഭാര്യാ വീട്ടുകാര്‍ തട്ടിക്കൊണ്ടു പോയ നവവരന്‍ കൊല്ലപ്പെട്ട നിലയില്‍. കോട്ടയം നട്ടാശ്ശേരി എസ് എച്ച് മൗണ്ട് ചവിട്ടുവരി പ്ലാത്തറ രാജുവിന്റെ മകന്‍ കെവിനെ(24)യാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പുനലൂര്‍ ചാലിയേക്കരയിലെ തോട്ടിലായിരുന്നു മൃതദേഹം. മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ മൃതദേഹത്തിലുണ്ട്. സംഭവം കൊലപാതകമാണെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.

പ്രണയ വിവാഹത്തിന്റെ പേരിലാണ് കെവിനെയും ബന്ധു അനീഷ് സെബാസ്റ്റ്യനെയും ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയത്. കെവിന്റെ മരണവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തായി വിവരമുണ്ട്. അതേസമയം, സഹോദരനും സംഘവുമാണ് കെവിനെ തട്ടിക്കൊണ്ടു പോയതെന്ന് ചൂണ്ടിക്കാട്ടി ഭാര്യ നീനു കഴിഞ്ഞ ദിവസം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതുസംബന്ധിച്ച അന്വേഷണത്തില്‍ പൊലീസ് കാലതാമസം വരുത്തിയെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. സംഭവത്തില്‍ ഗാന്ധിനഗര്‍ എസ് ഐക്ക് വീഴ്ചപ്പറ്റിയെന്ന് ചൂണ്ടിക്കാട്ടി കോട്ടയം എസ് പിക്ക് ഡി വൈ എസ് പി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

അക്രമിസംഘം സഞ്ചരിച്ചതെന്ന് കരുതുന്ന വാഹനങ്ങളിലൊന്ന് തെന്മല പൊലീസ് കസ്റ്റഡിയിലെടുത്തിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇലക്ട്രീഷ്യനായ കെവിനും കോട്ടയത്തെ കോളജില്‍ ബിരുദ വിദ്യാര്‍ഥിനിയും കൊല്ലം തെന്മല സ്വദേശി ഷനു ഭവനില്‍ നീനുവും തമ്മില്‍ ഏറ്റുമാനൂര്‍ രജിസ്ട്രാര്‍ ഓഫിസില്‍ വിവാഹിതരായത്. 24ന് പരീക്ഷാ വിവരം അറിയാന്‍ നീനു കോട്ടയത്ത് എത്തിയിരുന്നു. അന്ന് വൈകീട്ട് തെന്മലയിലെ വീട്ടില്‍ വിളിച്ച് കെവിനുമായുള്ള വിവാഹം കഴിഞ്ഞതായി നീനു ബന്ധുക്കളെ അറിയിച്ചു. 25ന് നീനുവിന്റെ ബന്ധുക്കള്‍ ഗാന്ധിനഗര്‍ പൊലീസ് സ്‌റ്റേഷനില്‍ ഈ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഇരുവരെയും പൊലീസ് സ്‌റ്റേഷനില്‍ വിളിച്ചു വരുത്തി. കൂടാതെ, വിവാഹം നടന്നതിന്റെ രേഖകള്‍ കെവിന്റെ ബന്ധുക്കള്‍ ഹാജരാക്കുകയും ചെയ്തു. കെവിനൊപ്പം താമസിക്കാനാണ് താല്‍പര്യമെന്ന് നീനു പൊലീസിനെ അറിയിച്ചു. എന്നാല്‍, വീട്ടുകാര്‍ക്കൊപ്പം പോകാന്‍ പൊലീസ് നിര്‍ദേശിച്ചെന്നും നീനു പ്രതിഷേധിച്ചപ്പോഴാണ് ഭര്‍ത്താവിനൊപ്പം പോകാന്‍ അനുവദിച്ചതെന്നും കെവിന്റെ ബന്ധുക്കള്‍ പറയുന്നു. തുടര്‍ന്ന് നീനു മെഡിക്കല്‍ കോളജിന് സമീപത്തെ ഹോസ്റ്റലിലേക്കും കെവിന്‍ അനീഷിന്റെ വീട്ടിലേക്കും പോയി. എന്നാല്‍, ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെ കെവിന്റെ പിതൃസഹോദരിയുടെ മകന്‍ മാന്നാനം സ്വദേശി അനീഷ് സെബാസ്റ്റ്യന്റെ വീട്ടിലെത്തിയ ഗുണ്ടാസംഘം അക്രമം അഴിച്ചു വിടുകയായിരുന്നു. ഈ സമയം കെവിനും അനീഷും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

വീടിന്റെ അടുക്കള വാതില്‍ അടിച്ചു തകര്‍ത്ത് അഞ്ചു പേര്‍ വീട്ടില്‍ കയറി, വടിവാളും ഇരുമ്പ് വടിയും ഉപയോഗിച്ച് ടി.വി, ഫ്രിഡ്ജ് തുടങ്ങിയ സാധനങ്ങള്‍ മുഴുവന്‍ തകര്‍ത്ത ശേഷം ഇരുവരെയും ക്രൂരമായി മര്‍ദിച്ചു. തുടര്‍ന്ന് രണ്ടു പേരുടെയും കഴുത്തില്‍ വടിവാള്‍ വെച്ച ശേഷം സംഘം വന്ന മൂന്നു കാറുകളിലൊന്നില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. പിന്നീട് രാവിലെ 11ഓടെ പുനലൂര്‍ ഭാഗത്ത് അനീഷിനെ ഇറക്കിവിടുകയായിരുന്നു. ഞായറാഴ്ച രാവിലെ പരാതി നല്‍കിയിട്ടും പൊലീസ് സ്വീകരിച്ചില്ലെന്ന് കെവിന്റെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. പ്രതിയുമായി പൊലീസ് നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നതായും പിതാവ് വ്യക്തമാക്കി. അതിനിടെ, കെവിന്റെ മരണ വിവരമറിഞ്ഞ് തളര്‍ന്നുവീണ നീനുവിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

അതിനിടെ നവവരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ ഗുണ്ടാ സംഘത്തിലെ ഒരാളെ പിടികൂടി. അക്രമികള്‍ ഉപയോഗിച്ച ഒരു വാഹനവും പൊലീസ് കണ്ടെടുത്തു.ഐജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് കേസിന്റെ അന്വേഷണ ചുമതല.  നാല് പ്രത്യേക സംഘങ്ങളാണ്  കേസ് അന്വേഷിക്കുന്നത്.


നവവരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ ഗുണ്ടാ സംഘത്തിലെ ഒരാളെ പിടികൂടി. അക്രമികള്‍ ഉപയോഗിച്ച ഒരു വാഹനവും പൊലീസ്‌ കണ്ടെടുത്തു.ഐജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് കേസിന്റെ അന്വേഷണ ചുമതല.  നാല് പ്രത്യേക സംഘങ്ങളാണ്  കേസ് അന്വേഷിക്കുന്നത്.
Read more: http://www.deshabhimani.com/news/kerala/love-marriage-killing-police-enquiry-team/727628

28-May-2018