മുതിര്‍ന്ന നേതാക്കള്‍ പരാതി നൽകി; ഡിസിസി പുനഃസംഘടന മാറ്റിവെച്ചു

സംസ്ഥാനത്തെ ഡിസിസി പുനഃസംഘടന മാറ്റിവച്ചത് മുതിര്‍ന്ന നേതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണെന്ന് വി.ഡി. സതീശന്‍. താനും സുധാകരനും നേതൃത്വത്തിലിരിക്കുന്നതിനാല്‍ കാര്യങ്ങള്‍ അന്തിമമായി തീരുമാനിക്കുന്നത് ഞങ്ങളാണ്. ഞങ്ങള്‍ രണ്ടാളും ആലോചിച്ച് കാര്യങ്ങള്‍ തീരുമാനിക്കും. തങ്ങള്‍ക്ക് കാര്യങ്ങള്‍ തീരുമാനിക്കാന്‍ കെപിസിസിയുടെ അനുമതിയുണ്ട്.പരാതിയും പരിഭവവും സ്വാഭാവികമെന്നും സതീശന്‍ പറഞ്ഞു.

പുനഃസംഘടന നിര്‍ത്തിവച്ചതില്‍ വലിയ അതൃപ്തിയിലാണ് കെപിസിസി പ്രസിഡന്റ് കെ.സുധാകരനും. അടിത്തട്ടില്‍ സംഘടനയുടെ വളര്‍ച്ചയെ തടസപ്പെടുത്തുന്നതാകും നടപടി. ഗ്രൂപ്പുകളുടെ ഒളിപ്പോരാണ് എംപിമാരുടെ പരാതിക്ക് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. ഹൈക്കമാന്‍ഡിന്റെ തീരുമാനം തിരുത്തണമെന്നും കെ.സുധാകരന്‍ ആവശ്യപ്പെട്ടു.

നാല് എംപിമാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പുനഃസംഘടനാ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചത്. ഹൈക്കമാന്‍ഡിന്റെ അടിയന്തര ഇടപെടല്‍. രാജ് മോഹന്‍ ഉണ്ണിത്താന്‍, ടി.എന്‍.പ്രതാപന്‍, ബെന്നി ബഹനാന്‍, എം.കെ.രാഘവന്‍ എന്നിവരാണ് പരാതിപ്പെട്ടത്. കെപിസിസി, ഡിസിസി ഭാരവാഹിത്വം ലഭിക്കുന്നത് അനര്‍ഹര്‍ക്കെന്ന് എംപിമാരുടെ ആരോപണം. നടപടി നിര്‍ത്തിവയ്ക്കാനുള്ള നിര്‍ദേശം താരിഖ് അന്‍വര്‍ കെ.സുധാകരന് കൈമാറിയിരുന്നു.

01-Mar-2022