മുസ്ലിം സംഘടനകൾക്ക് ഭൗതിക കേന്ദ്രമായി പ്രവർത്തിക്കുന്നത് ജമാഅത്തെ ഇസ്ലാമി; കോടിയേരി ബാലകൃഷ്ണൻ
അഡ്മിൻ
അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിൽനിന്ന് പുറത്താക്കാൻ സിപിഐ എം മുന്നിൽനിന്ന് പ്രവർത്തിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇതിനായി ഇടതുപക്ഷ എംപിമാരുടെ അംഗബലം വർധിപ്പിക്കണം. 2004 ൽ ബിജെപി നേതൃത്വത്തിലുള്ള വാജ്‌പേയ് സർക്കാരിനെ പുറത്താക്കാൻ മുഖ്യപങ്ക് വഹിച്ചത് ഇടതുപക്ഷമായിരുന്നു. പാർലമെന്റ് തെരഞ്ഞെടുപ്പിൽ കേരളത്തിലെ 20 ൽ 18 സീറ്റിലും ഇടതുപക്ഷം വിജയിച്ചു. അന്ന് അത്രയും സീറ്റ് ലഭിച്ചതുകൊണ്ട് കേന്ദ്രത്തിൽ ബിജെപിയെ അധികാരത്തിൽനിന്ന് പുറത്താക്കാൻ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിൽനിന്ന് പുറത്താക്കുമെന്ന് പറഞ്ഞ കോൺഗ്രസിന് പാർലമെന്റിൽ മുഖ്യപ്രതിപക്ഷമാകാൻപോലും സാധിച്ചില്ല. കേരളത്തിലെ 20 ൽ 19 സീറ്റിലും യുഡിഎഫ് വിജയിക്കുകയുണ്ടായി. ഇത് മനസ്സിലാക്കിക്കൊണ്ട് കേരളത്തിലെ ജനങ്ങൾ ഇടതുപക്ഷത്തിന് പിന്നിൽ അണിനിരക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. ഇതിനുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കും.
കഴിഞ്ഞ സമ്മേളനം കഴിഞ്ഞതുമുതലുള്ള നാല് വർഷത്തെ പ്രവർത്തനങ്ങളാണ് വിമർശനപരമായി അവലോകനം ചെയ്‌ത റിപ്പോർട്ടിൽ അവതരിപ്പിച്ചിട്ടുള്ളത്. പാർട്ടിക്ക് വൻ വളർച്ചയുണ്ടാക്കാൻ ഈ കാലയളവിൽ കഴിഞ്ഞു. കഴിഞ്ഞ സമ്മേളനത്തിൽ എടുത്ത മുഖ്യ തീരുമാനമായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെയും കോൺഗ്രസിനെയും പരാജയപ്പെടുത്തുക എന്നുള്ളത്. ആ തീരുമാനം നടപ്പാക്കാൻ കഴിഞ്ഞു. എൽഡിഎഫ് വികസിപ്പിക്കണമെന്ന തൃശൂർ സമ്മേളന തീരുമാനം നടപ്പിലായെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിലായിരുന്ന കേരള കോൺഗ്രസ് (എം), എൽജെഡി എന്നീ പാർട്ടികൾ ഇടതുപക്ഷത്തേക്ക് വന്നു. എന്നാൽ ഇടതുപക്ഷ അടിത്തറ തകർക്കാൻ ആസൂത്രിതമായ ശ്രമം നടക്കുന്നുണ്ട്.
കേരളത്തിൽ വലിയ തോതിലുള്ള വർഗീയ ധ്രുവീകരണത്തിന് ശ്രമം നടക്കുകയാണ്.
ആർഎസ്‌എസ് ഹിന്ദുത്വ വർഗീയതയുമായി ഒരു ഭാഗത്ത് പ്രവർത്തിക്കുന്നു. എസ്‌ഡിപിഐയും ആർഎസ്‌എസിനെപ്പോലെ തന്നെയാണ് പ്രവർത്തിക്കുന്നത്. ആയുധപരിശീലനം നിരന്തരം സംഘടിപ്പിക്കുന്ന സംഘടനകളാണിവ. ഇതിൽ മുസ്ലിം സംഘടനകൾക്ക് ഭൗതിക കേന്ദ്രമായി പ്രവർത്തിക്കുന്നത് ജമാഅത്തെ ഇസ്ലാമിയാണ്. ഇത് വളരെ ജാഗ്രതയോടെ കണക്കിലെടുക്കണം. സംസ്ഥാനത്ത് കലാപമുണ്ടാക്കാനാണ് ഈ സംഘടനകൾ ശ്രമിക്കുന്നത്. ഇടതുപക്ഷം ശക്തമായതുകൊണ്ടാണ് വർഗീയ സംഘടനകളുടെ പദ്ധതികൾ വിജയിക്കാതെ പോകുന്നത്. സമീപകാലത്ത് ആർഎസ്‌എസ് 3000 കേന്ദ്രങ്ങളിൽ പ്രവർത്തകർക്ക് പരിശീലനം നൽകി. ഇത് കലാപത്തിനുള്ള തയ്യാറെടുപ്പാണ്. ഇവരുടെ പ്രവർത്തനം മനസ്സിലാക്കിക്കൊണ്ട് മതനിരപേക്ഷ അടിത്തറ ശക്തിപ്പെടുത്താൻ ശ്രദ്ധ കേന്ദ്രീകരിക്കണംമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സിപിഐ എം സംഘടന രംഗത്ത് വലിയ മാറ്റം ഉണ്ടായെന്നും പാർടി മെമ്പർമാരുടെ എണ്ണത്തിൽ 63000ത്തിലേറെ വർധനവുണ്ടായെന്നും കോടിയേരി വ്യക്തമാക്കി. ഇപ്പോൾ 527378 പാർട്ടി അംഗങ്ങളുണ്ട്. അതിൽ 55 ശതമാനത്തിലേറെ പേർ 2012 ന് ശേഷം അംഗത്വമെടുത്തവരാണ്. പുതിയ ആളുകൾ പാർടിയിലേക്ക് കടന്നുവരുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. വിദ്യാർഥി സംഘടന രംഗത്തുള്ള മേധാവിത്വം പാർടി മെമ്പർഷിപ്പിൽ പ്രതിഫലിക്കുന്നില്ല. അതിനാൽ 25 വയസിന് താഴെ പ്രായമുള്ള മെമ്പർമാരുടെ എണ്ണം വർധിപ്പിക്കും. വനിത അംഗങ്ങളുടെ എണ്ണത്തിലും വലിയ വർധനയുണ്ടായി. 1495 ബ്രാഞ്ചുകളിൽ വനിതകൾ സെക്രട്ടറിമാരുണ്ട്.
മറ്റ് പാർടിയിൽ നിന്നുള്ളവർ കൂടുതലായി സിപിഐ എമ്മിനൊപ്പം ചേരുന്നുണ്ട്. അനുകൂലമായി ചിന്തിക്കുന്നവരെ ആകർഷിക്കാനാകണം. സിപിഐ എമ്മിന്റെ ബഹുജന സ്വാധീനം വർധിപ്പിക്കണം. അതുവഴി ഭൂരിപക്ഷത്തിന്റെ പാർടിയായി മാറ്റണം. ബ്രാഞ്ച് തലം മുതലുള്ള എല്ലാ ഘടകങ്ങളിലും രാഷ്‌ട്രീയ ചർച്ചകൾ സംഘടിപ്പിക്കണം. തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ പറഞ്ഞ എൽഡിഎഫ് വാഗ്‌ദാനങ്ങൾ നടപ്പാക്കും. വീടില്ലാത്തവർക്ക് വീട് നിർമ്മിച്ചുകൊടുക്കാനുള്ള പാർടി തീരുമാനപ്രകാരം 1040 വീടുകൾ ഇതുവരെ നിർമ്മിച്ചുനൽകാൻ സാധിച്ചു. ചില ലോക്കലുകളിൽ ഈ പ്രവർത്തനം നടന്നിട്ടില്ല. അത് ഒരു വർഷത്തിനുള്ളിൽ പൂർത്തീകരിക്കണം. - അദ്ദേഹം പറഞ്ഞു.
02-Mar-2022
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ