ചെങ്ങന്നൂരില്‍ വോട്ടിംഗ് പുരോഗമിക്കുന്നു

ചെങ്ങന്നൂര്‍ : ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂരില്‍ വോട്ടെടുപ്പ് പരോഗമിക്കുകയാണ്. രാവിലെ ഏഴുമണിയോടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. രാവിലെ മുതല്‍ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിരയാണ്. വിജയ പ്രതീക്ഷയിലാണ്  സ്ഥാനാര്‍ത്ഥികളുള്ളത്. യു ഡി എഫ്, എല്‍ ഡി എഫ് സ്ഥാനാര്‍ഥികളായ വിജയകുമാര്‍ സജി ചെറിയാന്‍ എന്നിവര്‍ ബൂത്തുകളില്‍ എത്തി വോട്ടുരേഖപ്പെടുത്തി.

മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് സജി ചെറിയാന്‍ പ്രതികരിച്ചു. അതേസമയം ജനവിധി തനിക്ക് അനുകൂലമാകുമെന്ന് ഡി വിജയകുമാര്‍ പറഞ്ഞു. എല്ലാ വിഭാഗങ്ങളുടെയും പിന്തുണയുണ്ടെന്നായിരുന്നു ശ്രീധരന്‍പിള്ളയുടെ പ്രതികരണം.

181 ബൂത്തുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 22 പ്രശ്‌നബാധിത ബൂത്തുകളില്‍ അതീവ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.വൈകിട്ട് ആറുവരെയാണ് പോളിംഗ്. എല്ലാ പോളിങ് ബൂത്തിലും രണ്ടുവീതം വോട്ടിങ് യന്ത്രങ്ങള്‍ ഉണ്ട്. സിപിഐ എമ്മിലെ കെ കെ രാമചന്ദ്രന്‍ നായരുടെ വിയോഗത്തെ തുടര്‍ന്നാണ് മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

കനത്ത പോളിങ്ങാണ് ആദ്യ മണിക്കൂറില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. മാന്നാര്‍, ബുധനൂര്‍, പുലിയൂര്‍, ചെന്നിത്തല, തൃപ്പെരുന്തുറ, ചെറിയനാട്, ആല, വെണ്‍മണി, മുളക്കുഴ, തിരുവന്‍വണ്ടൂര്‍, പാണ്ടനാട് പഞ്ചായത്തുകളും ചെങ്ങന്നൂര്‍ നഗരസഭയും ചേര്‍ന്നതാണ് ചെങ്ങന്നൂര്‍ മണ്ഡലം.

എല്‍ ഡി എഫ് തോറ്റ 2011ലും ജയിച്ച 2016ലും എല്‍ഡിഎഫിനു ലഭിച്ച 52000 വോട്ടെന്ന അടിസ്ഥാന വിഹിതത്തില്‍ ചോര്‍ച്ചയുണ്ടാകില്ല. ബിഡിജെഎസ് വഴി ബിജെപി സ്ഥാനാര്‍ഥിക്കു പോയ ഈഴവ വോട്ടുകള്‍ തിരിച്ചുവരും. ന്യൂനപക്ഷ വോട്ടുകള്‍ കൂടുതലായി ലഭിക്കും. കെ എം മാണിയുടെ വോട്ട് കൂട്ടാതെ തന്നെയാണ് എല്‍ ഡി എഫ് വോട്ടിംഗ് കണക്കുകള്‍ ശരിയാക്കിയിട്ടുള്ളത്. എല്‍ ഡി എഫ് സര്‍ക്കാരിന് ഇനി മൂന്നു വര്‍ഷമുള്ളപ്പോള്‍ സജി ചെറിയാനെപ്പോലെയൊരാളാണ് മണ്ഡലത്തിന് ഗുണകരമാവുക എന്ന ചിന്താഗതിയാണ് ചെങ്ങന്നൂരില്‍ കൂടുതല്‍പേര്‍ക്കുമുള്ളത്.

2011ല്‍ യു ഡി എഫ് പി സി വിഷ്ണുനാഥ് നേടിയ 65156ല്‍നിന്ന് 2016ല്‍ 44897 വോട്ടായി കുറഞ്ഞത് ബി ജെ പിക്കാണ് ഗുണം ചെയ്തത്. യു ഡി എഫില്‍ നിന്നും പോയ 20259 വോട്ടുകള്‍ മുഴുവനായും ഇപ്പോള്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായ വിജയകുമാറിന് തിരികെ ലഭിക്കില്ല. എന്നാല്‍, കുറച്ചു വോട്ടുകള്‍ വിജയകുമാറിന് ലഭിക്കുകയും ചെയ്യും. എന്നാല്‍, കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ യു ഡി എഫിന് കരുത്തായി കൂടെ നിന്ന എന്‍ എസ് എസും എസ് എന്‍ ഡി പിയും ഇപ്പോള്‍ യു ഡി എഫുമായി രസത്തിലല്ല. 'കര്‍ണാടക' തെരഞ്ഞെടുപ്പ് ഫലം ഇതുപക്ഷത്തിന്റെ പ്രസക്തിയാണ് ഊട്ടിയുറപ്പിക്കുന്നത്. കോണ്‍ഗ്രസ് പോലും ഇടതുപക്ഷത്തെ ഉയര്‍ത്തിക്കാട്ടാന്‍ നിര്‍ബന്ധിതമായി എന്നത് പരമ്പരാഗത ക്രിസ്ത്യന്‍, മുസ്‌ലിം കേന്ദ്രങ്ങളെ ഇടതുപക്ഷത്തോട് അടുപ്പിച്ച് നിര്‍ത്തുന്നുണ്ട്.

991 മുതല്‍ തിരഞ്ഞെടുപ്പുരംഗത്തു തഴയപ്പെട്ടുവരുന്ന വിജയകുമാറിനോടുള്ള സഹതാപവും മമതയും രാഷ്ട്രീയത്തിന് അതീതമായി അനുകൂല ഘടകമാകുമെന്ന് യു ഡി എഫ് കരുതുമ്പോഴും വിജയകുമാറിന്റെ വിമതഭൂതകാലം അദ്ദേഹത്തിന് വിനയാവുമെന്നും കോണ്‍ഗ്രസിനകത്ത് സംസാരമുണ്ട്. പി സി വിഷ്ണുനാഥിന്റെ ചേരി സിപിഐ എംന്റെ പ്രാദേശിക പ്രവര്‍ത്തകരുമായി ഇന്നലെ നടത്തിയ കൂടിക്കാഴ്ചയും യു ഡി എഫിനകത്ത് ഭീതി വിതക്കുന്നു.

എന്‍ ഡി എ: 2016ലെ കാടിളക്കിയുള്ള പ്രചാരണത്തെക്കാള്‍ ഓരോ വോട്ടറെയും പരമാവധി തവണ കണ്ടു വോട്ടുറപ്പിക്കുന്ന രീതിയാണ് അനുവര്‍ത്തിച്ചത്. ആര്‍ എസ് എസ് കൃത്യമായ മേല്‍നോട്ടം നിര്‍വഹിച്ചിട്ടുണ്ടെന്നതിനാല്‍ വോട്ട് ചോരുമെന്ന മുന്നണികളുടെ പ്രതീക്ഷ തകരുമെന്നാണ് ബി ജെ പി കേന്ദ്രങ്ങള്‍ പറയുന്നത്. 2016ല്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടുവളര്‍ച്ചയുണ്ടായ ചെങ്ങന്നൂരില്‍ വെറും 2215 വോട്ടിനാണ് എന്‍ ഡി എ്ക്ക് രണ്ടാം സ്ഥാനം നഷ്ടപ്പെട്ടത്. എന്നാല്‍, ബി ഡി ജെ എസ് ഇടഞ്ഞുനില്‍ക്കുന്നത് വോട്ടിംഗ് ശതമാനത്തില്‍ കുറവുവരുത്തും. വി മുരളീധരന് രാജ്യസഭാ എം പി സ്ഥാനവും കുമ്മനം രാജശേഖരന് ഗവര്‍ണര്‍ സ്ഥാനവും നല്‍കിയപ്പോള്‍ ബി ഡി ജെ എസിന് എന്ത് നല്‍കി എന്ന ചോദ്യമാണ് അവരില്‍ നിന്നും ഉയരുന്നത്.

ഇത്തരം മാനദണ്ഡങ്ങളെല്ലാം ചെങ്ങന്നൂരിലെ വിധിയെഴുത്തിനെ ബാധിക്കും. അതിനാല്‍ എല്ലാ മുന്നണികളും കൂട്ടിയും കിഴിച്ചും നില്‍പ്പാണ്.


28-May-2018