കുമ്മനം ഗവര്‍ണറായി നാളെ സത്യപ്രതിജ്ഞ ചെയ്യും

ന്യൂഡല്‍ഹി: മിസോറാം ഗവര്‍ണറായി കുമ്മനം രാജശേഖരന്‍ ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യും. 11 മണിക്കായിരിക്കും സത്യപ്രതിജ്ഞ. നിലവിലെ ഗവര്‍ണറിന്റെ കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തില്‍ ഭരണഘാടനാ പ്രതിസന്ധി ഒഴിവാക്കാനാണ് സത്യപ്രതിജ്ഞയെന്നാണ് വിവരങ്ങള്‍. ഗവര്‍ണര്‍ സ്ഥാനം ഏറ്റെടുക്കാന്‍ കുമ്മനത്തിന് കര്‍ശന നിര്‍ദേശം കൊടുത്തിരിക്കയാണ്.

കഴിഞ്ഞ ദിവസം കേന്ദ്രനേതാക്കളെ സന്ദര്‍ശിച്ച കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണറായി തുടരാന്‍ താത്പര്യമില്ലെന്ന കാര്യം അറിയിച്ചിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് കുമ്മനം രാജശേഖരനോട് സത്യപ്രതിജ്ഞ ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയത്. പിന്നീട് രാജിവെക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കും.

രാഷ്ട്രപതി പുറപ്പെടുവിച്ച വിജ്ഞാപനം നിലനില്‍ക്കുന്നു. ഈ വിജ്ഞാപനത്തിന് വിരുദ്ധമായി മറ്റൊരാളെ നിയമിക്കാന്‍ കേന്ദ്ര മന്ത്രിസഭ ചേര്‍ന്ന് പുതിയ പേര് രാഷ്ട്രപതിയോട് നിര്‍ദ്ദേശിക്കണം. ഈ സാങ്കേതികത്വം നിലനില്‍ക്കുന്നതുകൊണ്ടാണ് സത്യപ്രതിജ്ഞ ചെയ്യാന്‍ കുമ്മനം രാജശേഖരന്‍ കേന്ദ്രനേതൃത്വം നിര്‍ദ്ദേശം നല്‍കിയത്. രണ്ടുദിവസത്തിന് ശേഷം കേന്ദ്രമന്ത്രിസഭാ യോഗം ചേരുന്നുണ്ട്. യോഗത്തില്‍ പുതിയ പേര് രാഷ്ട്രപതിയോട് നിര്‍ദ്ദേശിച്ച് അത് വിജ്ഞാപനമായി പുറത്തിറങ്ങുന്നതുവരെയുള്ള സമയം വരെ കുമ്മനം ഗവര്‍ണറായി തുടര്‍ന്നേക്കും.

സംസ്ഥാനത്തെ ആര്‍ എസ് എസ് നേതൃത്വത്തോടൊ കുമ്മനം രാജശേഖരനോടോ ആലോചിക്കാതെയാണ് ബി ജെ പി കേന്ദ്രനേതൃത്വം തീരുമാനമെടുത്തത്. ഇക്കാര്യത്തില്‍ സംസ്ഥാനത്തെ ബി ജെ പി നേതാക്കള്‍ക്കിടയിലും ആര്‍ എസ് എസ് നേതൃത്വത്തിനും അതൃപ്തിയുണ്ടെന്നാണ് വിവരം.

28-May-2018