കെവിന്റെ കൊലപാതകം കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : സാധാരണ നിലയില്‍ നമ്മുടെ സംസ്ഥാനത്ത് ഉണ്ടാകാന്‍ പാടില്ലാത്ത സംഭവമാണ് ഉണ്ടായിരിക്കുന്നതെന്നും ഇതുമായി ബന്ധപ്പെട്ട് ശക്തമായ നടപടി സ്വീകരണമെന്ന് ഡിജിപിയോട് പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. കോട്ടയത്തും കൊല്ലത്തുമായി ക്രൈം ബ്രാഞ്ചിന്റെയും ലോക്കല്‍ പൊലീസിന്റെയും ഈരണ്ട് ടീമുകള്‍ പ്രതികളെ പിടികൂടാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്.അന്വേഷണത്തിനായി സ്‌പെഷ്യല്‍ ടീമിനെ നിയോഗിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

വലിയ താമസമില്ലാതെ പ്രതികളെ പിടികൂടാന്‍ കഴിയുമെന്ന് പൊലീസ് പ്രതീക്ഷിക്കുന്നു. മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കിയതുകൊണ്ടാണ് ഈ കൊലപാതകം നടന്നതെന്നാണ് ഏഷ്യാനെറ്റിന്റെ കണ്ടുപിടിത്തം.അത് അത്യന്തം ദൗര്‍ഭാഗ്യകരമാണ്. പൊലീസ് കാണിക്കേണ്ട ജാഗ്രത ഇത്തരം കാര്യങ്ങളില്‍ കാണിക്കുക തന്നെ വേണം. അതില്‍ മുഖ്യമന്ത്രിക്കുള്ള യാത്രയോ മുഖ്യമന്ത്രിയുടെ സുരക്ഷയോ ഒരു പ്രശ്‌നമായി വരുന്നില്ല.

സുരക്ഷ കാര്യങ്ങള്‍ ഒരുക്കുന്നത് അതുമായി ബന്ധപ്പെട്ട പ്രത്യേക ടീമാണ്. അല്ലാതെ എസ്‌ഐയോ മറ്റാരെങ്കിലുമോ അല്ല. മുഖ്യമന്ത്രിയുടെ യാത്രയുമായി ഈ  പ്രശ്‌നത്തെ ഒരുതരത്തിലും ബന്ധിപ്പിക്കേണ്ടതില്ല. പൊലീസുമായി ബന്ധപ്പെട്ട് പരാതികള്‍ ഉണ്ടായാല്‍ അത്തരം പരാതികള്‍ സംബന്ധിച്ച് അതീവ ഗൗരവമായി അന്വേഷിക്കുകയാണ്. കര്‍ക്കശ നടപടിയും ഇക്കാര്യത്തില്‍ സ്വീകരിച്ചുപോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

28-May-2018