കേരളത്തിലെ സഹകരണ വായ്പാ മേഖലരാജ്യത്തിന് തന്നെ മാതൃക: സിപിഎം
അഡ്മിൻ
ഇന്ത്യയിലെ സാധാരണക്കാര്‍ക്കും പാവങ്ങള്‍ക്കും കൈത്താങ്ങായി നിലകൊണ്ട പ്രസ്ഥാനമാണ് സഹകരണമേഖലഎന്ന് സിപിഎം സംസ്ഥാന സമ്മേളനം സ്വതന്ത്ര ഇന്ത്യയുടെ പഞ്ചവല്‍സര പദ്ധതികളില്‍ കൃഷിയോടൊപ്പം തന്നെ സഹകരണ മേഖലയ്ക്കും ഊന്നല്‍ നല്‍കിയിരുന്നു. ഇന്ത്യയില്‍ സഹകരണ പ്രസ്ഥാനം രൂപം കൊണ്ട കാലത്ത് തന്നെ കേരളത്തിലും സഹകരണസംഘങ്ങള്‍ രൂപീകൃതമായി. ഒരു സാധാരണ മനുഷ്യന്റെ ജീവിതവുമായി ബന്ധപ്പെട്ട സമഗ്രമേഖലകളിലും കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ ഇടപെടല്‍ ദൃശ്യമാണ്.
കേരളത്തിലെ സഹകരണ വായ്പാ മേഖലരാജ്യത്തിന് തന്നെ മാതൃകയാണ്. രാജ്യത്തെ മൊത്തം സഹകരണ നിക്ഷേപത്തിന്റെ എഴുപത് ശതമാനത്തോളം കേരളത്തിന്റെ സംഭാവനയാണ്. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ നിര്‍ണ്ണായക സ്ഥാനം വഹിക്കുന്ന സഹകരണമേഖല സര്‍ക്കാരിന്റെ പദ്ധതികളുമായി സഹകരിക്കുകയും സഹായകമായി പ്രവര്‍ത്തിക്കുകയുംചെയ്യുന്നു.
ആഗോളവല്‍ക്കരണ നയങ്ങള്‍ സഹകരണ പ്രസ്ഥാനങ്ങളെ ദുര്‍ബലപ്പെടുത്തുന്ന നയങ്ങളാണ് സ്വീകരിച്ചുവരുന്നത്. 1991 ലും 2004 ലും 2013 ലും രൂപീകരിക്കപ്പെട്ട കമ്മിറ്റികളുടെ ശുപാര്‍ശകള്‍ നമ്മുടെ സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കുന്ന വിധമുള്ളതായിരുന്നു. ശക്തമായ ചെറുത്തുനില്‍പ്പിന്റെ അടിസ്ഥാനത്തിലാണ് ഇവ സംരക്ഷിക്കാന്‍ നമുക്ക് കഴിഞ്ഞത്. നോട്ട് നിരോധനം ഉണ്ടാക്കിയ വെല്ലുവിളിയെ സംരക്ഷിക്കുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ ചെറുത്ത് നില്‍പ്പ് ദേശീയ ശ്രദ്ധ തന്നെ ആകര്‍ഷിച്ചതായിരുന്നു.
ഭരണഘടന പ്രകാരം സംസ്ഥാന വിഷയമായ സഹകരണ മേഖലയില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് പുതിയ നിയമങ്ങള്‍ സൃഷ്ടിക്കുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. 2002 ല്‍ കേന്ദ്രസര്‍ക്കാര്‍ മള്‍ട്ടിസ്റ്റേറ്റ് സഹകരണഭേദഗതി നിയമം പാസാക്കുകയും വിവിധ സംസ്ഥാനങ്ങള്‍ പ്രവര്‍ത്തനപരിധിയാക്കി സഹകരണ സംഘങ്ങള്‍ക്ക് യാതൊരുവിധ നിയന്ത്രണങ്ങളും ഇല്ലാതെ രൂപീകരിക്കുന്നതിനും, പ്രവര്‍ത്തിക്കുന്നതിനും വഴിയൊരുക്കിയിരിക്കുകയാണ്. 2012 ല്‍ 97ാം ഭരണഘടനാ ഭേദഗതിയിലൂടെ ഈ മേഖലയില്‍ കടന്നുകയറാനുള്ള നീക്കം തടഞ്ഞത് കോടതിയാണ്. സഹകരണത്തിനും കേന്ദ്രത്തില്‍ പ്രത്യേക മന്ത്രാലയം രൂപീകരിച്ച് ഇത്തരം കടന്നുകയറ്റത്തിന് വേഗതകൂട്ടാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്.
വര്‍ഷത്തില്‍ ഒരുകോടിരൂപയ്ക്ക് മുകളില്‍ പണമായി പിന്‍വലിച്ചിട്ടുള്ള മേല്‍ സഹകരണ സംഘങ്ങളില്‍ നിന്നും ആദായ നികുതി ഈടാക്കണമെന്ന നിര്‍ദ്ദേശം സ്റ്റേ ചെയ്യുപ്പെട്ടിട്ടുണ്ടെങ്കിലും അത് താല്‍ക്കാലിക പരിഹാരം മാത്രമാണ്. ആദായനികുതി നിയമത്തിലെ വകുപ്പ് 80(P)(2)യിലെ വ്യവസ്ഥ പ്രകാരം കാര്‍ഷിക വായ്പാ സഹകരണസംഘങ്ങള്‍ക്ക് നിലവിലുണ്ടായിരുന്ന ആദായ നികുതി ഇളവ് പരിഗണിക്കാതെ കേരളത്തിലെ സര്‍വ്വീസ് സഹകരണ സംഘങ്ങളുടെ ലാഭം കാര്‍ഷികേതര പ്രവര്‍ത്തനങ്ങളില്‍ നിന്നാണെന്ന് വ്യാഖ്യാനിച്ച് ആദായ നികുതി ഈടാക്കുന്നതിനുള്ള നടപടികളാണ് ആദായനികുതി വകുപ്പ് സ്വീകരിച്ച് വരുന്നത്.
2020 ലെ ബാങ്കിംഗ് നിയമഭേദഗതിയിലൂടെ ബാങ്കിംഗ് നിയമത്തിന്റെ പരിധിയില്‍ വരുന്ന സഹകരണ ബാങ്കുകളുടെ ഭരണ പരമായ വിഷയങ്ങളില്‍ ഇടപെടുന്നതിനുമുള്ള അധികാരം റിസര്‍വ്വ് ബാങ്കിന് ലഭ്യമായിട്ടുണ്ട്. സംസ്ഥാനത്തെ സഹകരണ നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുന്ന സംസ്ഥാന സഹകരണ ബാങ്ക്, ജില്ലാസഹകരണ ബാങ്ക്, അര്‍ബന്‍ സഹകരണ ബാങ്കുകള്‍ എന്നിവയുടെ ഭരണസമിതി പിരിച്ച് വിടുന്നതിനും, മാനേജിംഗ് ഡയറക്ടര്‍/ചീഫ്എക്സിക്യൂട്ടീവ് തസ്തികകളിലെ നിയമനം തുടങ്ങിയവയില്‍ നിയമ ഭേദഗതിയിലൂടെ റിസര്‍വ്വ് ബാങ്കിന് അധികാരം ലഭ്യമായിട്ടുണ്ട്. സഹകരണ പ്രസ്ഥാനത്തിന്റെ അടിസ്ഥാന തത്ത്വമായ ഒരു അംഗത്തിന് ഒരുവോട്ട് എന്ന വ്യവസ്ഥ പോലും ലംഘിച്ച് ഓഹരി അടിസ്ഥാനമാക്കി വോട്ടുകള്‍ നിശ്ചയിക്കുന്നതിന് വ്യവസ്ഥചെയ്യുന്ന തരത്തിലാണ് ഭേദഗതി വന്നിട്ടുള്ളത്.
ബാങ്ക്, ബാങ്കര്‍ എന്നീ പദങ്ങള്‍ ഉപയോഗിക്കുന്നത്, ചെക്ക് ഉപയോഗം, നാമ മാത്ര അംഗങ്ങളില്‍ നിന്നും നിക്ഷേപം സ്വീകരിക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ നിരന്തരം സര്‍ക്കുലര്‍ നിര്‍ദ്ദേശങ്ങളും നോട്ടീസുകളും റിസര്‍വ്വ് ബാങ്ക് പുറപ്പെടുവിച്ചിട്ടുണ്ട്. 1956 ലെ ഇന്ത്യന്‍ കമ്പനി നിയമത്തില്‍ 2013 ല്‍ വരുത്തിയ ഭേദഗതിയിലൂടെ വകുപ്പ് 406, 620 അ എന്നിവയ്ക്ക് വിധേയമായി നിധി കമ്പനികള്‍ രൂപീകരിക്കുന്നതിന് വ്യവസ്ഥ ചെയ്തു. ഇത്തരം സ്ഥാപനങ്ങള്‍ സഹകരണ ബാങ്കുകളുടെ മാതൃകയില്‍ ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ നടത്തുകയും സഹകരണ വായ്പാ മേഖലയ്ക്ക് ഭീഷണിയാവുകയും ചെയ്യുന്നു.
ഇത്തരത്തില്‍ സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കുന്ന നടപടിയാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇതിലൂടെ നവ ഉദാരവത്കരണ നയങ്ങള്‍ക്ക് ശക്തി പകരുന്നതിനും കോര്‍പ്പറേറ്റുകള്‍ക്ക് അവരുടെ താത്പര്യ പ്രകാരം രാജ്യത്തെ ബാങ്കിംഗ് മേഖലയിലും, മറ്റ് മേഖലകളിലും യഥേഷ്ടം ചൂഷണം നടത്തുന്നതിനും ആവശ്യമായ സാഹചര്യം സൃഷ്ടിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യംവയ്ക്കുന്നത്. മറ്റെല്ലാ മേഖലയിലും എന്ന പോലെ കേരള ബാങ്ക് രൂപീകരണം, സഹകരണ പ്രസ്ഥാനത്തിന്റെ ആധുനികവത്കരണം തുടങ്ങിയ നടപടികളിലൂടെ ബദല്‍ കാഴ്ചപ്പാടുകള്‍ മുന്നോട്ടുവച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുകയാണ്. സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്നതോടൊപ്പം സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കുന്നതിന് ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ അവസാനിപ്പിക്കുന്നതിന് സഹകാരി സമൂഹത്തിന്റെയും പൊതുജനങ്ങളുടെയും യോജിച്ച പ്രക്ഷോഭം സംഘടിപ്പിക്കുന്നതിന് സിപിഎം സംസ്ഥാന സമ്മേളനം ആഹ്വാനം ചെയ്തു..
05-Mar-2022
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ