സുധാകരൻ- സതീശൻ ചർച്ചയിലും പരിഹാരമാകാതെ കോൺഗ്രസ് പുനഃസംഘടന തർക്കം
അഡ്മിൻ
സംസ്ഥാനത്തെ ഡിസിസി പുനഃസംഘടനാ വിഷയത്തിൽ കെ പിസിസി അധ്യക്ഷൻ കെ.സുധാകരനും വിഡി സതീശനും നടത്തിയ കൂടിക്കാഴ്ചയിലും പരിഹാരമാകാതെ കോൺഗ്രസ് പുനഃസംഘടന തർക്കങ്ങൾ തുടരുന്നു. ഇതുവരെ എം പിമാരുടെ പരാതികളിൽ തീരുമാനമായിട്ടില്ല. വിവിധ ഗ്രൂപ്പുകൾക്കും അതൃപ്തി തുടരുകയാണ്.
തുടർച്ചയായ ചർച്ചകൾ നടത്തിയിട്ടും ജില്ലാ – ബ്ലോക്കുതല പുനസംഘടനയിൽ കെ പി സി സി നേതൃത്വത്തിന് മുന്നോട്ടു പോകാൻ ആകുന്നില്ല. കഴിഞ്ഞ ദിവസം ഇരുവരും തമ്മിൽ 4 മണിക്കൂർ ചർച്ച നടത്തി. കരട് പട്ടിക വെട്ടിത്തിരുത്തുകയാണ് നേതാക്കൾ. കോൺഗ്രസ് എം പിമാരുടെ പരാതികൾ ഇതിനിടയിൽ കല്ലുകടിയായി തുടരുകയാണ്. പഴയ പട്ടിക പൂർണമായി വെട്ടാൻ നിന്നാൽ ഗ്രൂപ്പുകൾ ഇടയും. വല്ലാത്ത ആശയക്കുഴപ്പത്തിലാണ് കെ.സുധാകരൻ.
അതേസമയം, അതൃപ്തരെ ഉള്‍ക്കൊളളിക്കുന്നതിനായി ജംബോ പട്ടികയുണ്ടാവില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറയുന്നത്. നാല് ജില്ലകളിലെ പട്ടികയിൽ മാത്രമാണ് കഴിഞ്ഞ ദിവസങ്ങളിൽ ഏകദേശ ധാരണയായത്. ബാക്കി ജില്ലകൾക്കായി നാളെ കെ സുധാകരനും വി ഡി സതീശനും വീണ്ടും ചർച്ച നടത്തും.