ഭരണം എന്നതുകൊണ്ട് സേവനം എന്നാണ് അർത്ഥമാക്കുന്നത്: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

ഭരണം എന്നതുകൊണ്ട് സേവനം എന്നാണ് അർത്ഥമാക്കുന്നതെന്നും ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും തങ്ങൾ സേവനം ചെയ്യാൻ നിയോഗിക്കപ്പെട്ടവരാണെന്ന ബോധം വേണമെന്നും തദ്ദേശ സ്വയംഭരണ, എക്സെെസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. നല്ലൊരു വിഭാഗം ഉദ്യോഗസ്ഥരും ജനങ്ങൾക്കായി ത്യാഗസന്നദ്ധമായി പ്രവർത്തിക്കുന്നവരാണ് എന്നാൽ ചിലർക്ക് അത് ഇനിയും സാധിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

തദ്ദേശസ്ഥാപന പ്രതിനിധികളുമായി സംവദിക്കുന്ന നവകേരള തദ്ദേശകം പരിപാടിയിൽ എറണാകുളത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏകീകൃത തദ്ദേശ സ്വയംഭരണവകുപ്പ് യാഥാർത്ഥ്യമായത് ചരിത്രപരമായ നേട്ടമാണ്. ഫയലുകൾ കെെമാറിക്കെെമാറി വരുന്ന രീതി ഇനി വേണ്ട. തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിൽ ഫയലുകളിൽ കുറിയെഴുതി താഴേക്ക് കൊടുക്കുന്ന രീതി ഉണ്ടാവരുത്. ഉദ്യോഗസ്ഥർ ഫയലുകളിലുള്ള ന്യൂനതകൾ പരിഹരിക്കുന്നതിന് അപേക്ഷകരെ സഹായിക്കുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.

പാവപ്പെട്ടവരും അസംഘടിതരും കർഷകരും കർഷകത്തൊഴിലാളികളും പട്ടികജാതി, പട്ടിക വർഗ വിഭാഗക്കാരുമായ സാധാരണ ജനങ്ങളോടാണ് സർക്കാരിന്റെ പ്രതിബദ്ധതയെന്നും മന്ത്രി എം.വി.ഗോവിന്ദൻമാസ്റ്റർ പറഞ്ഞു.

06-Mar-2022